ടിയാഗോയ്ക്ക് 75,000 രൂപയുടെ ഡിസ‌്‌കൗണ്ട്, ഹ്യുണ്ടായിയെ വീഴ്ത്തി രണ്ടാമനാവാൻ ടാറ്റയുടെ ദീപാവലി ഓഫർ
ദീപാവലിയോട് അനുബന്ധിച്ച് വാഹന വിപണിയിൽ വമ്പൻ ഓഫറുകൾ അണിനിരത്തുകയാണ് നിർമാതാക്കളെല്ലാം. ഹ്യുണ്ടായിയും മാരുതിയും മഹീന്ദ്രയുമെല്ലാം നവംബർ മാസത്തേക്കുള്ള തങ്ങളുടെ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ ഏവരും കാത്തിരുന്നത് ടാറ്റ മോട്ടോർസിന്റെ ഓഫറുകൾക്കായാണ്. ഇമ്മിണി വൈകിയായാലും കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്കായുള്ള ഗംഭീര പ്രഖ്യാപനങ്ങൾ നടത്തിക്കഴിഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ വാഹന വിപണിയുടെ ചാകരക്കാലമായ ഉത്സവ സീസണിന് കൊടിയേറിയതോടെ ഗംഭീര ഓഫറുകളും ഡിസ്‌കൗണ്ടുകളുമാണ് കഴിഞ്ഞ മാസം മുതൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. പുത്തനൊരു കാർ വാങ്ങുമ്പോൾ ഓഫറുണ്ടോയെന്ന് നോക്കി വാങ്ങുന്ന ഇന്ത്യക്കാർക്കുള്ള ഗംഭീര വിരുന്നാണ് ഇത്തവണത്തേത്. ടാറ്റ മോട്ടോർസ് 2023 നവംബർ മാസത്തിൽ നിരവധി ജനപ്രിയ മോഡലുകളിൽ വലിയ ഡിസ്‌കൗണ്ട് ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. അതെന്തെല്ലാമെന്ന് നോക്കിയാലോ?

ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലുകളായ ടിയാഗോയിലും ടിഗോറിലും മുതലാണ് ആനുകൂല്യങ്ങൾ ആരംഭിക്കുന്നത്. രണ്ട് മോഡലുകളുടേയും പെട്രോൾ പതിപ്പുകളിൽ മൊത്തം 55,000 രൂപ വരെയാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുമാണ് 2023 നവംബർ മാസത്തേക്കും ദീപാവലി ഓഫറുമായി ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുന്നത്.
സിഎൻജി വേരിയന്റുകളുടെ കാര്യം വരുമ്പോൾ ടിയാഗോയുടെയും ടിഗോറിന്റെയും പഴയ സിംഗിൾ സിലിണ്ടർ മോഡലുകളുടെ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി ഏകദേശം 75,000 രൂപ വരെയുള്ള ആനുകബല്യങ്ങളും ഈ മാസം ഒരുക്കിയിട്ടുണ്ട്. ഇതിൽ 50,000 ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ബോണസുമായാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ട്വിൻ സിലിണ്ടർ മോഡലുകൾക്ക് ഉപഭോക്തൃ കിഴിവ് എന്ന നിലയിൽ 20,000 രൂപയുടെ ഓഫറും നൽകുന്നുണ്ട്.

ഡീലറെയും സംസ്ഥാനത്തെയും അടിസ്ഥാനമാക്കി 5,000 രൂപ മുതൽ 10,000 വരെ വ്യത്യാസപ്പെടുന്ന കോർപ്പറേറ്റ് ഡിസ്‌കൗണ്ട് മാത്രമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടാറ് കാറുകളിൽ ഒന്നായ പഞ്ചിന് നൽകുന്നത്. മറ്റ് ഓഫറുകളൊന്നും ഈ മൈക്രോ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നില്ലെന്ന് വേണം പറയാൻ. അതേസമയം ടാറ്റ ആൾട്രോസിന് ക്യാഷ് ഡിസ്‌കൗണ്ടുകളുടെ രൂപത്തിൽ 20,000 രൂപ വരെ ഉപഭോക്താക്കൾക്ക് ഈ മാസം പ്രയോജനപ്പെടുത്താം.
കൂടാതെ പ്രീമിയം ഹാച്ച്ബാക്കിന് എക്സ്ചേഞ്ച് ഓഫറുകളിൽ അധികമായി 10,000 രൂപ, കോർപ്പറേറ്റ് ബോണസായി 5,000 രൂപ എന്നിവയും ടാറ്റ മോട്ടോർസ് നവംബർ മാസത്തേക്കായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ 35,000 രൂപയുടെ ആനുകൂല്യങ്ങളാണ് ആൾട്രോസിൽ ലഭ്യമാവുന്നത്. കിടിലൻ ഹാൻഡ്‌ലിംഗ്, പ്രായോഗികത, സ്റ്റൈലിംഗ് എന്നിവയുടെ കാര്യത്തിൽ പേരെടുത്ത മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള കൃത്യസമയം ഇതാണ്.

ഇനി ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികളുടെ ഓഫറുകളിലേക്ക് നോക്കിയാൽ മൊത്തം 1.40 ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 75,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറുകളും 15,000 രൂപയുടെ അധിക കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു. എന്നാൽ ഇത് സ്റ്റോക്കുള്ള പഴയ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് വേണ്ടി മാത്രമുള്ളതാണെന്നും പ്രത്യേകം ഓർമിപ്പിക്കാം.
കഴിഞ്ഞയിടക്ക് പുറത്തിറങ്ങിയ ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് ആനുകൂല്യങ്ങളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഇതോടൊപ്പം ബ്രാൻഡിന്റെ ടോപ്പ് സെല്ലിംഗ് മോഡലായ പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനും ഓഫറുകളൊന്നുമില്ല. ഈ ഓഫറുകളും കിഴിവുകളും ഡീലർഷിപ്പുകളും സ്ഥലവും സംസ്ഥാനവും അനുസരിച്ച് വ്യത്യാസപ്പെടുമെന്നതും ഓർമിക്കണം.

ആയതിനാൽ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രാദേശിക ഡീലർഷിപ്പുമായി ബന്ധപ്പെട്ട് ഓഫറുകളുടെ സാധുത പരിശോധിക്കേണ്ടത് അത്യാവിശ്യമാണ്. ടാറ്റ അടുത്തതായി അവതരിപ്പിക്കാൻ പോവുന്ന പുത്തൻ മോഡലിന്റെ പണിപ്പുരയിലാണിപ്പോൾ. ഓട്ടോ എക്സ്പോയിൽ കൺസെപ്റ്റ് രൂപത്തിൽ അവതരിപ്പിച്ച കര്‍വ് മിഡ്‌സൈസ് എസ്‌യുവിയാണ് ബ്രാൻഡിന്റേതായി വരുന്ന അടുത്ത വാഹനം. ഇത് അടുത്ത വർഷമായിരിക്കും ടാറ്റ മോട്ടോർസ് അവതരിപ്പിക്കുക.


Click it and Unblock the Notifications








