മാരുതി... കണ്ടോ ഞങ്ങടെ ടാറ്റയെ, ഓണത്തിന് കേരളത്തിന് ഉഗ്രൻ ഓഫറുകളുമായി ടാറ്റ
ഇന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള വാഹന നിർമാതാക്കളിൽ ഒരാണ് ടാറ്റ മോട്ടോർസ് (Tata Motors). രാജ്യത്ത് കാറുകളുടെ സേഫ്റ്റിക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന മറ്റൊരു ബ്രാൻഡില്ലെന്നു വേണമെങ്കിലും പറയാം. സാധാരണക്കാരൻ സ്വന്തമാക്കുന്ന ബജറ്റ് ഫ്രണ്ട്ലി മോഡലുകളിൽ പോലും അത്യുഗ്രൻ സുരക്ഷയാണ് ടാറ്റ ഒരുക്കുന്നത്.
രാജ്യത്തിറങ്ങുന്ന കാറുകൾക്ക് ഇന്നു കാണുന്ന സേഫ്റ്റി ഫീച്ചറുകൾ ലഭിക്കാൻ കാരണമായതും ടാറ്റയുടെ ചില നീക്കങ്ങളാണ്. ബജറ്റ് സെഗ്മെന്റിലെ ടിയാഗോ ഹാച്ച്ബാക്കിൽ വരെ 4-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് കമ്പനി നൽകുന്നത്. ഇങ്ങനെ അതിവേഗം വളരുന്ന ബ്രാൻഡുകളിൽ ഒന്നായി മാറാൻ ടാറ്റയ്ക്ക് അതിവേഗം സാധിച്ചു. ബ്രാൻഡ് പുറത്തിറക്കുന്ന എല്ലാ മോഡലുകളും വിപണിയിൽ ഹിറ്റടിച്ച് മുന്നേറുന്ന വേളയിൽ കേരളത്തിനായി പ്രത്യേക പരിഗണന നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ടാറ്റ.

ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ഓണക്കാലത്ത് വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ടാറ്റ മോട്ടോർസ് തങ്ങളുടെ പാസഞ്ചർ വാഹന നിരയിലേക്ക് ആവേശകരമായ ഉപഭോക്തൃ ഓഫറുകൾ പ്രഖ്യാപിച്ചു. ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടാനും കമ്പനിയുടെ കാറുകൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വിപണികളിലൊന്നായ കേരളത്തിനും അവിടുത്തെ ആളുകൾക്കുമുള്ള അംഗീകാരമായാണ് ഈ ഓഫറിനെ കമ്പനി വിലയിരുത്തുന്നത്.
പെട്രോൾ, ഡീസൽ, ഇലക്ട്രിക് നിരയിലേക്കാണ് പുതിയ ആകർഷകമായ ഓഫറുകളും ആനുകൂല്യങ്ങളും പരിചയപ്പെടുത്തുന്നത്. ഇക്കാലയളവിൽ പുതിയ ടാറ്റ കാറുകൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് 80,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ഓഫറുകളാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്. ഓണത്തിന് വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്കായി മുൻഗണനാ ഡെലിവറികളും സ്‌ക്രാച്ച് ആൻഡ് വിൻ അഷ്വേർഡ് സമ്മാനങ്ങളും ബ്രാൻഡ് ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

കേരളത്തിനായുള്ള ഓണം ഓഫറിൽ 100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗും ഇഎംഐ ഹോളിഡേ, ബൈ നൗ പേ ലേറ്റർ ഉൾപ്പെടെയുള്ള ആകർഷകമായ ഫിനാൻസിംഗ് ഓപ്ഷനുകൾ ലഭ്യമാക്കുന്നതിന് മുൻനിര പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ, പ്രാദേശിക ധനകാര്യ സ്ഥാപനങ്ങൾ എന്നിവരുമായി ടാറ്റ പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി പുതിയ ഡിസ്‌കൗണ്ട് ഓഫറുകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം.
ടിയാഗോ, ടിഗോർ മോഡലുകൾക്ക് 50,000 രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോർസ് നൽകുന്നത്. അതേസമയം ടിഗോർ ഇവി വാങ്ങിയാൽ 80,000 രൂപ വരെ ഓണാഘോഷ സമയത്ത് ലാഭിക്കാം. ആൾട്രോസിന് 40,000 രൂപയും, പഞ്ച് എസ്‌യുവിക്ക് 25,000 രൂപ വരെയുള്ള ഓഫറുകളുമാണ് കേരളത്തിലെ ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്.

നെക്സോൺ പെട്രോളിൽ 24,000 രൂപയും ഡീസൽ വേരിയന്റുകൾക്ക് 35,000 രൂപയും ഓണക്കാലത്തെ ഓഫറിൻമേൽ ലാഭിക്കാനാവും. അതേസമയം നെക്സോൺ ഇവി പ്രൈമിൽ എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 56,000 രൂപയും നെക്സോൺ ഇവി മാക്‌സിന് എക്സ്റ്റൻഡഡ് വാറണ്ടി ഉൾപ്പടെ 61,000 രൂപയും വരെ ഡിസ്കൗണ്ട് ആനുകൂല്യങ്ങളായി ഉപഭോക്താക്കൾക്ക് ഓണക്കാലത്ത് സ്വന്തമാക്കാം.
ഇനി ടാറ്റയുടെ മുൻനിര മോഡലുകളായ ഹാരിയർ, സഫാരി എസ്‌യുവികൾക്ക് ഓണം ഓഫറായി 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വാഗ്‌ദാനം. ഉത്സവ ആവേശം വർധിപ്പിക്കുന്നതിനും കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കുന്നതിന്റേയും ഭാഗമായി ആൾട്രോസ് നിരയിൽ അടുത്തിടെ രണ്ട് വേരിയന്റുകൾ കൂടി കമ്പനി അവതരിപ്പിച്ചിരുന്നു.

പുതുതായി എത്തിയ ആൾട്രോസിന്റെ XM, XM(S) വേരിയന്റുകൾക്ക് കൊച്ചിയിലെ എക്സ്ഷോറൂം വില വരുന്നത് യഥാക്രമം 6.90 ലക്ഷം രൂപയും 7.35 ലക്ഷം രൂപയുമാണ്. XM(S)-ൽ ഇലക്ട്രിക് സൺറൂഫ് ഉൾപ്പെടെയുള്ള ഉയർന്ന നിലവാരമുള്ള ഫീച്ചറുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. സൺറൂഫ് ഫീച്ചർ ലഭ്യമാവുന്ന രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന പ്രീമിയം ഹാച്ച്ബാക്ക് കൂടിയാണ് ആൾട്രോസ് എന്നതും ശ്രദ്ധേയമായ കാര്യം.
ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നായ ആൾട്രോസിന് കേരളത്തിൽ നിന്ന് ഏറെ സ്നേഹമാണ് ലഭിച്ചതെന്നും ടാറ്റ പറയുന്നു. മാനുവൽ ട്രാൻസ്മിഷനോട് കൂടിയ 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനിൽ മാത്രമേ XM, XM(S) വേരിയന്റുകൾ ലഭ്യമാകൂ. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ ORVM-കൾ, R16 ഫുൾ വീൽകവർ, പ്രീമിയം ലുക്കിംഗ് ഡാഷ്‌ബോർഡ് തുടങ്ങിയ ഹൈ എൻഡ് ഫീച്ചറുകളോടെയാണ് XM വേരിയന്റ് വരുന്നത്.

അതേസമയം പുതുതായി എത്തുന്ന XM(S) വേരിയന്റിന് ഒരു ഇലക്ട്രിക് സൺറൂഫ് അധികമായി ലഭിക്കും. ടാറ്റ മോട്ടോർസ് ആക്‌സസറീസ് കാറ്റലോഗിൽ നിന്ന് തെരഞ്ഞെടുത്തതനുസരിച്ച് ഉപഭോക്താക്കൾക്ക് വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് ഈ മോഡലുകൾ മെച്ചപ്പെടുത്താനും കഴിയും. ഒരു അധിക നേട്ടമെന്ന നിലയിൽ ആൾട്രോസ് മാനുവൽ പെട്രോൾ വേരിയന്റുകളിലുടനീളം ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി നാല് പവർ വിൻഡോകളും റിമോട്ട് കീലെസ് എൻട്രിയും നൽകുന്നുമുണ്ട്.


Click it and Unblock the Notifications








