'ജെറ്റ് പൊളിഞ്ഞു' നെക്സോണിൽ നിന്നും ഈ വേരിയന്റിനെ പടിയിറക്കി ടാറ്റ മോട്ടോർസ്
ജനപ്രിയമായ നെക്സോൺ കോംപാക്‌ട് എസ്‌യുവിയുടെ വേരിയന്റ് നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് ടാറ്റ മോട്ടോർസിന്റെ വിനോദങ്ങളിൽ ഒന്നാണ്. സ്പെഷ്യൽ എഡിഷനുകളായും അല്ലാതെയുള്ള പരീക്ഷണങ്ങളുമെല്ലാം നാം അടിക്കടി കാണാറും കേൾക്കാറുമുണ്ട്. അടുത്തിടെ കൊട്ടിഘോഷിച്ച് എസ്‌യുവി നിരയിലാകെ കൊണ്ടുവന്നൊരു പതിപ്പായിരുന്നു ജെറ്റ് എഡിഷനുകൾ.
നെക്സോൺ, നെക്‌സോണ്‍ ഇവി, ഹാരിയർ, സഫാരി തുടങ്ങീ മോഡലുകൾക്കെല്ലാം ജെറ്റ് എഡിഷനുകൾ സമ്മാനിച്ച് ടാറ്റ അൽപം ഓവറായിരുന്നു. പുത്തൻ ഫീച്ചറുകള്‍, പുതിയ നിറങ്ങള്‍, ഇന്റീരിയര്‍ ട്രിമ്മുകള്‍ എന്നിവയ്ക്ക് ആഡംബരത്തിന്റെ ഒരു സ്പര്‍ശം നല്‍കിയാണ് ഇവ വിപണിയിൽ ഇടംപിടിച്ചത്. എന്നാൽ നെക്സോണിൽ ഈ സംഭവം അത്ര ക്ലിക്കായില്ലെന്നു വേണം പറയാൻ. അതിനു പിന്നാലെ ദേ ഇപ്പോൾ സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിൽ നിന്നും ഈ മോഡലിനെ ഒഴിവാക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും നെക്‌സോൺ ജെറ്റ് എഡിഷനെ വിവേകപൂർവം ഒഴിവാക്കുകയാണ് ചെയ്‌തിരിക്കുന്നത്. അതായത് ഇനി ഈ വേരിയന്റ് വാങ്ങാൻ ലഭിക്കില്ലെന്ന് സാരം. 2022 ഓഗസ്റ്റ് മാസത്തിലാണ് ജെറ്റ് എഡിഷൻ മോഡലുകളെ കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്. എസ്‌യുവിയുടെ ഡാർക്ക്, കാസിരംഗ പതിപ്പുകൾക്കൊപ്പമാണ് സ്ഥാനം പിടിച്ചതെങ്കിലും കാര്യമായി വിറ്റഴിക്കാൻ ബ്രാൻഡിന് സാധിക്കാതെ പോവുകയായിരുന്നു. ഒടുവിൽ കുറ്റസമ്മതം നടത്തി പിൻവലിക്കുകയും ചെയ്‌തു. നെക്സോണിൽ ഒട്ടും ആകർഷണീയമല്ലാതിരുന്നതാണ് ഈ വേരിയന്റുകൾക്ക് തിരിച്ചടിയായത്.
ഈ സ്‌പെഷ്യൽ എഡിഷൻ മോഡലുകൾ സ്റ്റാർലൈറ്റ് ഹ്യൂ കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയാണ് എത്തിയിരുന്നത്. ഇത് നെക്സോണിന്റെ രൂപത്തോട് ഒട്ടും ഇണങ്ങിയിരുന്നില്ല. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ XZ+, XZA+ വേരിയന്റുകളിൽ ജെറ്റ് എഡിഷൻ മോഡലുകൾ ലഭ്യമായിരുന്നു. ബിസിനസ് ജെറ്റുകളുടെ സമൃദ്ധിയും, ലൈനിലെ ടോപ്പ് സവിശേഷതകളുമാണ് പുതിയ വകഭേദങ്ങളെ പ്രചോദിപ്പിച്ചതെന്നാണ് ടാറ്റ അവകാശപ്പെട്ടിരുന്നത്.

നെക്സോൺ ജെറ്റ് എഡിഷൻ്റെ വിലയിലേക്ക് നോക്കിയാൽ XZ+ പെട്രോൾ വേരിയന്റിന് 12.13 ലക്ഷവും XZA+ പെട്രോളിന് 12.78 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വിലയായി ഈടാക്കിയിരുന്നത്. അതേസമയം ZX+ ഡീസൽ പതിപ്പിന് 13.42 ലക്ഷവും XZA+ ഡീസലിന് 14.08 ലക്ഷം രൂപയുമായിരുന്നു മുടക്കേണ്ടിയിരുന്നത്. രൂപത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ പുതിയ 'സ്റ്റാർലൈറ്റ്' ഡ്യുവൽ ടോൺ എക്സ്റ്റീരിയർ നിറം ഏർക്കും പിടിക്കുന്ന ഒന്നായിരുന്നില്ല.
നെക്സോൺ, നെക്സോൺ ഇവി ജെറ്റ് എഡിഷൻ എന്നിവയിലെ കോൺട്രാസ്റ്റിംഗ് ബെൽറ്റ് ലൈൻ കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയത് മാത്രമായിരുന്നു ശ്രദ്ധേയമായിരുന്നത്. എസ്‌യുവിയുടെ അലോയ് വീലുകൾക്കുള്ള പുതിയ ഗൺ-മെറ്റൽ ഫിനിഷിലാണ് ടാറ്റ ഒരുക്കിയത്. ഇനി ഇന്റീരിയറിലേക്ക് കയറിയാൽ ഡാഷ്‌ബോർഡിലും ഇന്റീരിയർ ഡോർ ഹാൻഡിലുകളിലും പുതിയ ബ്രോൺസ് നിറത്തിലുള്ള ട്രിമ്മുകൾ കാണാനാവുമായിരുന്നു. കൂടാതെ വാഹനത്തിന്റെ സീറ്റ് അപ്‌ഹോൾസ്റ്ററി കോൺട്രാസ്റ്റ് ബ്രോൺസ് സ്റ്റിച്ചിംഗുള്ള ഓയ്‌സ്റ്റർ വൈറ്റ് നിറത്തിലാണ് നൽകിയതും.

അതേസമയം ഡോറുകളിൽ പുതിയ ബ്ലാക്ക് ലെതറെറ്റ് ഇൻസെർട്ടുകളും ഉണ്ടിയിരുന്നു. ടാറ്റ നെക്‌സോണിന് വയർലെസ് ചാർജർ ലഭിച്ചതും ജെറ്റ് എഡിഷൻ മോഡലുകളുടെ വരവോടെയായിരുന്നു. ഇതിനു പുറമെ ടിൽറ്റ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സൺറൂഫ്, AQi ഡിസ്പ്ലേയുള്ള ബിൽറ്റ് ഇൻ എയർ പ്യൂരിഫയർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ നെക്‌സൺ ജെറ്റ് എഡിഷന്റെ സവിശേഷതകളായിരുന്നു.
കോസ്മെറ്റിക് മാറ്റങ്ങളിൽ മാത്രം പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയപ്പോൾ മെക്കാനിക്കൽ വശങ്ങളിലേക്ക് കൈതൊടാൻ ടാറ്റ തയാറായില്ലായിരുന്നു. എസ്‌യുവിക്ക് 1.2 ലിറ്റർ ടർബോ റെവോട്രോൺ പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ റെവോട്രോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് തുടിപ്പേകിയിരുന്നത്. ഇതിലെ പെട്രോൾ എഞ്ചിന് 120 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം ഡീസൽ 110 bhp പവറിൽ 260 Nm torque ആണ് നൽകുന്നത്.
രണ്ട് എഞ്ചിൻ ഓപ്ഷനുകളും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കി സ്വന്തമാക്കാനാവും. ജെറ്റ് എഡിഷൻ നിർത്തലാക്കിയതോടെ നെക്‌സോണിന്റെ വിലയും കമ്പനി ചെറുതായൊന്ന് പരിഷ്‌ക്കരിച്ചിട്ടുണ്ട്. എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകൾക്ക് ഇപ്പോൾ 15,000 രൂപ വരെയാണ് ടാറ്റ ഉയർത്തിയിരിക്കുന്നത്. ഈ പരിഷ്‌കരണത്തോടെ നെക്‌സോൺ ലൈനപ്പിലേക്ക് പുതിയ LUX, LUXS വേരിയന്റുകളും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications