പെട്രോളടിക്കാതെ കാശ്മീർ മുതൽ കന്യാകുമാരി വരെ, ചരിത്രം കുറിക്കാൻ ടാറ്റയുടെ ഈ കാർ
കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള പലതരം യാത്രകൾ കണ്ടുപരിചയിച്ചിട്ടുള്ളവരാണ് നാം. സമൂഹമാധ്യമങ്ങളിലെല്ലാം ഇത്തരം നിരവധി വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവും. പണ്ടൊക്കെ ഇതൊരു അപ്രാപ്യമായ കാര്യമാണെന്ന വിചാരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം പാടെ മാറ്റൻ സോഷ്യൽ മീഡിയ നമ്മെ സഹായിച്ചിട്ടുണ്ട്. പലരുടേയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഒരു യാത്ര.
ദേ ഇപ്പോൾ അങ്ങനെയൊരു ആഗ്രഹം യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് വാഹന ലോകത്തുനിന്നുമുള്ള ഒരു ഇലക്ട്രിക് കാർ. ഏവർക്കും സുപരിചിതമായ ടാറ്റ നെക്സോൺ ഇവിയാണ് നിശബ്‌ദ യാത്രയ്ക്ക് തയാറെടുക്കുന്നത്. എസ്‌യുവിയുടെ ലോംഗ് റേഞ്ച് വേരിയന്റായ നെക്‌സോൺ ഇവി മാക്‌സാണ് യാത്രക്ക് മുന്നോട്ടുവന്നിരിക്കുന്നത്. ഇന്ത്യയുടെ വടക്കേ അറ്റത്ത് നിന്ന് തെക്കേ അറ്റത്തേക്കുള്ള ഒരു ഇതിഹാസ നോൺ-സ്റ്റോപ്പ് യാത്രയാവുമിത്.

കന്യാകുമാരി മുതൽ കാശ്മീർ വരെ എന്ന ശൈലി വിട്ട് ഫെബ്രുവരി 25-ന് ആരംഭിക്കുന്ന ഈ ഡ്രൈവ് കശ്മീരിലെ മനോഹരമായ മലനിരകളിൽ നിന്ന് കന്യാകുമാരിയിലേക്കാണ് യാത്ര തിരിക്കുന്നത്. സംഭവം വിജയകരമായാൽ ഒരു ഇലക്ട്രിക് കാറിന്റെ ഏറ്റവും വേഗയേറിയ ഡ്രൈവിന്റെ റെക്കോർഡ് ബുക്കിൽ ഇടംപിടിക്കാനും നെക്സോൺ ഇവി മാക്‌സിനാവും. 2022 സെപ്റ്റംബറിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാഹന പാതയായ ഉംലിംഗ് ലാ മുറിച്ചുകടക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമെന്ന റെക്കോർഡും ഇവി നേടിയിരുന്നു.
ഇതോടൊപ്പം മറ്റ് ലക്ഷ്യങ്ങളും ഈ യാത്രയുടെ പിന്നിലുണ്ട്. നിലവിൽ ക്രോസ്-കൺട്രി ട്രിപ്പുകൾക്കല്ലാതെ ദീർഘദൂര യാത്രകൾക്കൊന്നും ഇവികൾ സജ്ജരല്ലെന്ന പൊതുധാരണ എയറിലുണ്ട്. ഈ മുൻവിധികൾ തച്ചുടച്ച് ഇലക്ട്രിക് വാഹനങ്ങളെ കൂടുതൽ ജനപ്രിയരാക്കാനാണ് ടാറ്റയുടെ ഉദ്ദേശം. ഈ യാത്ര ടാറ്റ നെക്‌സോൺ ഇവിയുടെ കഴിവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുകയും രാജ്യത്തുടനീളമുള്ള ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുകയും ചെയ്യും.

ശ്രീനഗറിൽ നിന്നുള്ള ഇലക്ട്രിക് എസ്‌യുവിയുടെ നാല് ദിവസത്തെ യാത്രയിൽ 4,000 കിലോമീറ്റർ ദൂരമാണ് വാഹനം താണ്ടുക. കാർ ചാർജ് ചെയ്യുന്നതിന് മാത്രമായിരിക്കും വാഹനം നിർത്തുക. ലക്ഷ്യം നേടുന്നതിനായി പ്രതിദിനം 1000 കിലോമീറ്റർ ദൂരം പിന്നിടേണ്ടതുണ്ടെന്നും ടാറ്റ അറിയിച്ചു. നിലവിൽ ഇലക്ട്രിക് പാസഞ്ചർ കാറുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതക്ക് ഈ യാത്ര മൈലേജാവുമെന്നതിൽ ഒരു സംശയവും വേണ്ട.
ടാറ്റ നെക്സോൺ ഇവി മാക്‌സ് വേരിയന്റിന് 40.5kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് 143 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 3.3kW, 7.2kW എന്നിങ്ങനെ രണ്ട് ചാർജിംഗ് ഓപ്ഷനുകളെയാണ് പിന്തുണയ്ക്കുന്നത്. ഇവ യഥാക്രമം 15 മണിക്കൂർ, ആറ് മണിക്കൂർ സമയംകൊണ്ട് വാഹനത്തിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യും. ഇതിനു പുറമെ 50kW DC ഫാസ്റ്റ് ചാർജർ വഴിയും നെക്സോൺ ഇവി ചാർജ് ചെയ്യാനാവും.

ഇതിലൂടെ 0-80 ശതമാനത്തിൽ നിന്ന് 56 മിനിറ്റിനുള്ളിൽ ബാറ്ററി പൂർണമായും ചാർജാവും. അത്യാഹിത സാഹചര്യങ്ങളിൽ 15A സോക്കറ്റ് ഉപയോഗിച്ച് ടോപ്പ് അപ്പ് ചെയ്യാനും കഴിയും. എന്നാൽ ഇതിന് ധാരാളം മണിക്കൂറുകൾ വേണ്ടിവരുമെന്നത് ഒരു പോരായ്‌മയാണ്. ഒറ്റ ചാർജിൽ 453 കി.മീ. റേഞ്ച് നൽകുന്നതിനാൽ കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യാത്രയിൽ ഏകദേശം ഒമ്പതോ പത്തോ തവണ ചാർജ് ചെയ്യാനായി ഇവി നിർത്തേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനമായി നെക്സോൺ ഇവിയെ പ്രൈം, മാക്‌സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് ടാറ്റ മോട്ടോർസ് അവതരിപ്പിച്ചിരിക്കുന്നത്. അവ 14.49 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. പുതിയ മഹീന്ദ്ര XUV400 ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക്, എംജി ZS ഇവി എന്നിവയുമായാണ് വാഹനം മാറ്റുരയ്ക്കുന്നത്.

കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള ഈ യാത്രയിലൂടെ ടാറ്റ നെക്സോണിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കമ്പനിക്കാവും. അതോടൊപ്പം മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കും ഇത് ഗുണം ചെയ്യുന്ന കാര്യമാണ്. നിലവിൽ ചാർജിംഗ് സൗകര്യങ്ങളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമെല്ലാമാണ് ആളുകളെ ഇവികളിൽ നിന്നും അകറ്റി നിർത്തുന്നത്. ഒപ്പം ദീർഘദൂര യാത്രകൾക്ക് ഇവ അപ്രാപ്യമാണെന്ന അഭിപ്രായങ്ങളുമുണ്ട്. K2K യാത്രയിലൂടെ ഈ മുൻവിധികളെല്ലാം പൊളിച്ചെഴുതാൻ ടാറ്റ മോട്ടോർസിനാവും.


Click it and Unblock the Notifications