ഇനി വണ്ടി പൊളിക്കാൻ ടാറ്റയും, വാഹന സ്‌ക്രാപ്പിംഗ് കേന്ദ്രം തുടങ്ങി കമ്പനി
ഇന്ത്യയിൽ 15 വർഷം പഴക്കമുള്ള പഴയ വാഹനങ്ങൾ പൊളിക്കാനുള്ള നയങ്ങളെല്ലാം പതിയെ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. കാലപ്പഴക്കമുള്ളതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കുക എന്ന തീവ്ര യജ്ഞത്തിലാണ് കേന്ദ്ര സര്‍ക്കാരിപ്പോൾ. പഴയ വാഹനം നിയമപരമായി പൊളിക്കുന്നവർക്ക് പുതിയ വാഹനത്തിന് ഇളവുകൾ നൽകിയാണ് സർക്കാർ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും.
ഇത് വാഹന നിർമാതാക്കൾക്ക് ഏറെ ഗുണം ചെയ്യുന്ന നടപടികൂടിയാണ്. പഴയതും, അനുയോജ്യമല്ലാത്തതുമായ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു പകരം അവ സ്‌ക്രാപ് ചെയ്ത പുതിയ വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണു 2022 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിൽ വന്ന വാഹന പൊളിക്കല്‍ നയം വ്യക്തമാക്കുന്നത്. ഇതിന്റെയെല്ലാം ചുവടുപിടിച്ച് നിരവധി സ്ക്രാപ്പിംഗ് സെന്ററുകളും നമ്മുടെ നാട്ടിൽ പൊങ്ങിവന്നിട്ടുണ്ട്. Re.Wi.Re എന്ന് പേരിട്ട ആദ്യത്തെ വാഹന സ്‌ക്രാപ്പിംഗ് സൗകര്യം തുറന്ന് ടാറ്റ മോട്ടോർസും ഇപ്പോൾ ഈ രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്.

ഈ സൗകര്യത്തിന് പ്രതിവർഷം 15,000 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാൻ കഴിയുമെന്നും ലോകോത്തര പരിസ്ഥിതി സൗഹൃദ സ്‌ക്രാപ്പിംഗ് സാങ്കേതികവിദ്യയോടെയാണ് വരുന്നതെന്നുമാണ് ടാറ്റ മോട്ടോർസിന്റെ അവകാശവാദം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിയിൻ ഗഡ്കരി ഈ വാഹന സ്‌ക്രാപ്പിംഗ് സൗകര്യം ഉദ്ഘാടനം ചെയ്തതായി കമ്പനി പറഞ്ഞു. ബ്രാൻഡിന്റെ പങ്കാളിയായ ഗംഗാനഗർ വാഹൻ ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ സൗകര്യം വികസിപ്പിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക.
കൂടാതെ എല്ലാ ബ്രാൻഡുകളുടെയും പാസഞ്ചർ, വാണിജ്യ വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനാണ് സൌകര്യം സജ്ജീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും വാഹനം പൊളിക്കുന്നതിന്റെ ചെലവ് ടാറ്റ മോട്ടോർസ് പുറത്തുവിട്ടിട്ടില്ല. ഈ സൗകര്യം എപ്പോൾ പ്രവർത്തനക്ഷമമാകും എന്നതിന്റെ പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഉപഭോക്താക്കൾക്ക് സ്ക്രാപ്പിംഗിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതിന്റെ അതിന്റെ ചെലവിനെ കുറിച്ചായിരിക്കും. പഴക്കം ചെന്ന ഒരു വാഹനം, പുതിയ 14 വാഹനങ്ങളുടെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുവെന്നാണു കേന്ദ്രസർക്കാരിന്റെ കണക്ക്.

പേപ്പർ രഹിത പ്രവർത്തനങ്ങൾക്കായി ഈ സൗകര്യം പൂർണമായും ഡിജിറ്റലൈസ് ചെയ്തതാണെന്നും ടയറുകൾ, ബാറ്ററികൾ, ഇന്ധനം, എണ്ണകൾ, ദ്രാവകങ്ങൾ, വാതകങ്ങൾ തുടങ്ങിയ പ്രധാന ഘടകങ്ങളെ സുരക്ഷിതമായി പൊളിക്കാൻ സൗകര്യം പ്രാപ്തമാണെന്നും വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുണ്ട്. മാരുതി സുസുക്കി മുമ്പ് സമാനമായ ഒരു സൗകര്യം ആരംഭിച്ചിരുന്നു. സ്വന്തം വാഹന സ്‌ക്രാപ്പിംഗ് സൗകര്യം തുടങ്ങുന്ന ഇന്ത്യയിലെ മറ്റൊരു പ്രമുഖ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്.
സർക്കുലർ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നാഷണൽ വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസി അവതരിപ്പിച്ചതെന്ന് ടാറ്റയുടെ സ്‌ക്രാപ്പിംഗ് സൗകര്യം ഉദ്ഘാടനം ചെയ്‌ത് സംസാരിച്ച നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയിൽ അയോഗ്യവും മലിനീകരണവുമുള്ള വാഹനങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിനും അവയ്ക്ക് പകരം ഹരിത ബദലുകൾ നിരത്തിലിറക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയുമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ ആഗോള വാഹന നിർമാണ ഹബാക്കി മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആഭ്യന്തര വ്യവസായം സമീപകാലത്ത് 15 ലക്ഷം കോടി രൂപയുടെ മൂല്യം കൈവരിക്കുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നീക്കം ചെയ്യാനും മലിനീകരണം കുറഞ്ഞ പുതിയ വാഹനങ്ങൾ ഘട്ടം ഘട്ടമായി അവതരിപ്പിക്കാനും സ്ക്രാപ്പേജ് നയം പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്‌ക്രാപ്പിംഗ് നയം സൃഷ്ടിക്കുന്ന വാഹന ആവശ്യകത സർക്കാരിന് 40,000 കോടി രൂപയുടെ അധിക ജിഎസ്ടി വരുമാനത്തിലേക്ക് നയിക്കുമെന്നും പുതിയ കാറുകളുടെ അസംസ്‌കൃത വസ്തുക്കളുടെ വില 30 ശതമാനം കുറയുമെന്നും ഗഡ്‌കരി പറഞ്ഞു. രാജ്യം നിലവിൽ പ്രതിവർഷം 8 ദശലക്ഷം ടൺ സ്‌ക്രാപ്പ്ഡ് സ്റ്റീൽ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രി ഏകദേശം 50-60 സ്‌ക്രാപ്പിംഗ് സെന്ററുകളിലൂടെ രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതിനൊപ്പം സ്റ്റീൽ സ്‌ക്രാപ്പിന്റെ ഇറക്കുമതി കുറയ്ക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടു.
എല്ലാ നഗര കേന്ദ്രങ്ങളിൽ നിന്നും 150 കിലോമീറ്റർ ചുറ്റളവിൽ ഒരു സ്‌ക്രാപ്പിംഗ് സെന്റർ വികസിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും തെക്കുകിഴക്കൻ ഏഷ്യയുടെ മുഴുവൻ സ്‌ക്രാപ്പിംഗ് ഹബാക്കി ഇന്ത്യ മാറുമെന്നും ഗഡ്കരി പറഞ്ഞു. എന്തായാലും വാഹന സ്ക്രാപ്പിംഗ് നയം രാജ്യത്ത് കൂടുതൽ ശക്തിപ്രാപിക്കുന്നതോടെ വാഹന വിപണിക്കത് വലിയ നേട്ടമാവും. തുടർന്ന് കാറുകളുടെ വില പിടിച്ചുനിർത്താനും ഇതുവഴി സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications