ഇതുമുമ്പേ ആവാമായിരുന്നു ടാറ്റേ, നെക്സോൺ ഇവി മാക്‌സിൽ യാത്രയിനി വെറെ ലെവൽ
ഇന്ത്യക്കാർക്ക് ഇലക്‌ട്രിക് കാറുകളുടെ പ്രാധാന്യം കാണിച്ചുകൊടുത്തവരാണ് ടാറ്റ മോട്ടോർസ് (Tata Motors). ആഡംബര വിഭാഗത്തിൽ മാത്രം വൈദ്യുത വാഹനങ്ങളുണ്ടായിരുന്ന കാലത്ത് സാധാരണക്കാർക്കും എത്തിപ്പിടിക്കാനാവുന്ന തരത്തിൽ ഒരു ഇവി പുറത്തിറക്കുകയായിരുന്നു ടാറ്റ. അതിന്റെ ഭാഗമായി ജനപ്രിയനായ നെക്സോണിനെയാണ് ഇലക്ട്രിക് (Nexon Electric) രൂപത്തിലേക്ക് കമ്പനി പരുവപ്പെടുത്തിയെടുത്തത്.
ഇതിന്റെ ഫലമായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമായി ടാറ്റ നെക്സോൺ ഇവി പേരെടുത്തു. പിന്നാലെ വിജയത്തിന് മേമ്പൊടിയേകാനായി ടിഗോർ ഇവിയും ടിയാഗോ ഇവിയും വരെ ടാറ്റ മോട്ടോർസ് നിരയിൽ ജനനംകൊണ്ടു. പിന്നാലെ വിപണിയിലെ മത്സരം കടുപ്പമായി വന്നതോടെ റേഞ്ചിന്റെ കാര്യത്തിൽ പിന്നിലാവാതിരിക്കാൻ നെക്സോൺ ഇവിയുടെ കൂടുതൽ മികവുറ്റ മാക്‌സ് പതിപ്പിനെ കമ്പനി പുറത്തിറക്കുകയുണ്ടായി.

ഇലക്‌ട്രിക് വാഹനങ്ങളുടെ ലോകത്തെ താരതമ്യേന വില കുറഞ്ഞൊരു മികച്ച ഇവി സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവരെല്ലാം ഓടിയെത്തിയത് നെക്സോൺ ഇവിയിലേക്കായിരുന്നു. അങ്ങനെ മാക്‌സ് വേരിയന്റും ഹിറ്റായി. പക്ഷേ മഹീന്ദ്ര XUV400 നേരിട്ടുള്ള എതിരാളിയായി വിപണിയിലെത്തിയതോടെ നെക്സോൺ ഇവി മാക്‌സിന് ചില പോരായ്‌മകളുണ്ടെന്ന പരാതിയും ഉപഭോക്താക്കളിൽ നിന്നും ഉയർന്നു കേൾക്കാൻ തുടങ്ങി. ദേ ഇപ്പോൾ ഇതെല്ലാം പരിഹരിച്ചുകൊണ്ട് നെക്സോൺ ഇവി മാക്‌സിന്റെ പുത്തൻ 2023 പതിപ്പിനെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.
നെക്സോൺ ഇവി മാക്‌സ് XZ+ ലക്‌സ് മോഡലിന്റെ പുതുക്കിയ പതിപ്പിനെയാണ് ടാറ്റ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 3.3 kW എസി ചാർജറുള്ള മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വില 18.79 ലക്ഷം രൂപയാണ്. അതേസമയം 7.2 kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്ന അതേ വേരിയന്റിന് അധികമായി 50,000 രൂപയും മുടക്കേണ്ടി വരും. ടോപ്പ് എൻഡ് വേരിയന്റിന് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റായി എടുത്തു പറയേണ്ടത്.

മുമ്പുണ്ടായിരുന്ന ചെറിയ ബോറൻ സ്ക്രീനിന് പകരം വലിയ യൂണിറ്റുകൾ നെക്സോൺ ഇവി മാക്‌സ് XZ+ ലക്‌സ് വേരിയന്റിന് സമ്മാനിച്ചത് കൈയടി അർഹിക്കുന്ന നീക്കമാണ്. ഇത്രയും വിലകൊടുത്ത് വാങ്ങിയിരുന്ന കാറിന്റെ അകത്തെ ഇത്തരം പോരായ്മകൾ ടാറ്റ പരിഹരിക്കാൻ കാണിച്ചത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുകയും ചെയ്യും. ഇതേ ടച്ച്‌സ്‌ക്രീനും ഡിജിറ്റൽ കൺസോളും ജനുവരിയിൽ 2023 ഓട്ടോ എക്‌സ്‌പോയിൽ ഹാരിയറിലൂടെയും സഫാരിയിലൂടെയുമാണ് അരങ്ങേറ്റം കുറിക്കുന്നത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് ടാറ്റ 2023 നെക്സോൺ ഇവി മാക്‌സ് ഡാർക്ക് എഡിഷനും ഇതേ ടച്ച്‌സ്‌ക്രീനോടെ പുറത്തിറക്കിയിരുന്നു. അതിനുശേഷമാണ് ഇത് XZ+ ലക്‌സ് വേരിയന്റിലേക്ക് എത്തുന്നത്. ഇതിന് 180-ലധികം വോയ്‌സ് കമാൻഡുകളുള്ള വലിയ ഹർമൻ സോഴ്‌സ്ഡ് 10.25 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ യൂസർ ഇന്റർഫേസ് (UI) എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് ഫീച്ചറായി ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും ലഭിക്കുന്നുണ്ട്.

TFT ഹൈ റെസല്യൂഷൻ HD ഡിസ്‌പ്ലേ, HD റിയർ വ്യൂ ക്യാമറ, ഷാർപ്പ് നോട്ടുകളും എക്സ്റ്റൻഡഡ് ബാസ് പെർഫോമൻസുമുള്ള മെച്ചപ്പെടുത്തിയ ഓഡിയോ, ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മറാഠി എന്നിങ്ങനെ 6 ഭാഷകളിൽ വോയ്‌സ് അസിസ്റ്റന്റ് എന്നിവയാണ് ഈ പുത്തൻ ടച്ച്സ്ക്രീനിലൂടെ ഉപയോഗപ്പെടുത്താനാവുന്ന ശ്രദ്ധേയമായ ചില സവിശേഷതകൾ. നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമാണ് ടാറ്റ നെക്സോൺ ഇവി.
ഈ പ്രത്യേക വിഭാഗത്തിൽ ഏതാണ്ട് 80 ശതമാനത്തിലധികം വിപണി വിഹിതമാണ് നെക്സോൺ ഇവി ടാറ്റ മോട്ടോർസിന് നേടിക്കൊടുത്തിട്ടുള്ളത്. കോംപാക്‌ട് എസ്‌യുവിയുടെ ഇലക്ട്രിക് വകഭേദം പ്രൈം, മാക്‌സ് എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത രൂപത്തിൽ ലഭ്യമാണ്. ഇവ രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്ററി ശേഷിയുടെ രൂപത്തിലാണ് വരുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ പ്രൈം ശ്രേണി 14.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

അതേസമയം നെക്സോൺ ഇവി മാക്‌സിന് 16.49 ലക്ഷം രൂപ മുതലാണ് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. നെക്സോൺ ഇവി പ്രൈമിന് 30.2kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. അതേസമയം 40.5kWh ശേഷിയുള്ള ബാറ്ററിയാണ് നെക്സോൺ ഇവി മാക്‌സിന് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് കാറിന്റെ 312 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ലോംഗ് റേഞ്ച് വേരിയന്റിന് 437 കിലോമീറ്റർ വരെ പൂർണ ചാർജിൽ ഓടാനാവും.


Click it and Unblock the Notifications








