ടാറ്റയുടെ ഇലക്‌ട്രിക് കാറിന് 2.60 ലക്ഷം രൂപയുടെ ഓഫർ, ഇങ്ങനെയാണേൽ ആളുകൾ ഷോറൂമുകളിൽ തടിച്ചുകൂടും
ഇലക്‌ട്രിക് കാറുകളും പതിയെ നിരത്തുകൾ കീഴടക്കുമ്പോൾ നന്ദി പറയേണ്ടത് നമ്മുടെ സ്വന്തം ടാറ്റയോടാണ്. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഇവികൾ പണിതിറക്കാൻ കാണിച്ച വലിയ മനസ് കാരണം പലർക്കും പെട്രോൾ കാശ് ലാഭിക്കാനായെന്നു വേണം. ഇന്ന് ടിയാഗോ പോലുള്ള കമ്പനിയുടെ ബജറ്റ് ഫ്രണ്ട്ലി മോഡലുകളെല്ലാം ചൂടപ്പം പോലെയാണ് കേരളത്തിൽ ഉൾപ്പടെ വിറ്റഴിക്കപ്പെടുന്നത്. അടുത്ത മാസം മുതൽ പാസഞ്ചർ കാർ വിപണിയിലാകെ വില കൂടാൻ പോവുകയാണ്.
ഇതോർന്ന് പേടിച്ചിരിക്കുന്നവർക്ക് ടാറ്റയിൽ നിന്നും സന്തോഷ വാർത്തയെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇയർ എൻഡ് ഓഫറിനു കീഴിൽ ജനപ്രിയ ഇലക്‌ട്രിക് കാറുകളെയും ഉൾപ്പെടുത്തിരിക്കുകയാണ് ബ്രാൻഡ്. ക്യാഷ് ഡിസ്കൗണ്ടുകളുടെയും എക്സ്ചേഞ്ച് ബോണസുകളുടെയും രൂപത്തിലാണ് ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. പക്ഷേ ഡിസംബർ 31 വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നത് വരെയോ മാത്രമാവും ഓഫറിന് സാധുതയുള്ളൂവെന്ന് ഓർക്കണം. ഇനി ഇതിന്റെ മോഡൽ തിരിച്ചുള്ള ഇവി ഡിസ്‌കൗണ്ടുകളെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന നെക്സോൺ ഇവിയിൽ മൊത്തം 2.60 ലക്ഷം രൂപയുടെ ഓഫറാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്. എന്നാൽ സെപ്റ്റംബറിൽ പുറത്തിറക്കിയ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലല്ല കേട്ടോ ഈ ആനുകൂല്യങ്ങൾ കിട്ടുക. പകരം പ്രൈം, മാക്‌സ് എന്നീ വേരിയന്റുകളിൽ എത്തുന്ന പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് നെക്സോൺ ഇവിക്കാണ് ഈ കിടിലൻ ഡിസ്‌കൗണ്ട് ലഭിക്കുക.
50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം പ്രീ-ഫെസ്‌ലിഫ്റ്റ് നെക്‌സോൺ ഇവി പ്രൈമിന്റെ എല്ലാ വേരിയന്റുകളിലും ടാറ്റ മോട്ടോർസ് 1.40 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് നെക്സോൺ ഇവി മാക്‌സിന്റെ എല്ലാ വകഭേദങ്ങളും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 2.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, രണ്ട് വേരിയന്റുകളിലും കോർപ്പറേറ്റ് ഓഫറുകളൊന്നും കമ്പനി വാഗ്‌ദാനം ചെയ്യുന്നില്ല.

നിലവിൽ പഴയ മോഡൽ നെക്സോൺ ഇവി പ്രൈമിന് 14.50 ലക്ഷം മുതൽ 17.19 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് പുതിയ ഓഫറുകളോടെ ഇപ്പോൾ 12.60 ലക്ഷം മുതൽ 14.60 ലക്ഷം രൂപ വരെയുള്ള വിലയിൽ വണ്ടി വീട്ടിലെത്തിക്കാനാവുമെന്ന് സാരം. അതേസമയം, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മാക്‌സ് വേരിയന്റുകളുടെ വില 16.49 ലക്ഷം മുതൽ 19.54 ലക്ഷം രൂപ വരെയാണ്. ഓഫറുകളുടെ അടിസ്ഥാനത്തിൽ കുറച്ചാൽ ബാധകമായ വില 13.89 ലക്ഷം മുതൽ 16.94 ലക്ഷം രൂപ വരെ ആയിരിക്കും.
പുതിയ മോഡലിന്റെ ഓഫറിനായി കാത്തിരിക്കുന്നവർക്കും കമ്പനി ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) വേരിയന്റുകളുടെ മിഡ്-സ്പെക്ക് ഫിയർലെസ് പ്ലസ്, ഫിയർലെസ് പ്ലസ് S ട്രിമ്മിൽ മാത്രമേ ഇത് ലഭ്യമാകൂവെങ്കിലും ഫെയ്‌സ്‌ലിഫ്റ്റഡ് നെക്‌സോൺ ഇവിയിൽ ടാറ്റ മോട്ടോ]സ് 35,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ മേൽപ്പറഞ്ഞ മോഡലുകളുടെ എക്സ്ഷോറൂം വില 16.69 ലക്ഷം മുതൽ 19.19 ലക്ഷം രൂപ വരെയാണ്.

സ്പെസിഫിക്കേഷനും റേഞ്ചും സംബന്ധിച്ച വിവരങ്ങളിലേക്ക് നോക്കിയാൽ 129 bhp പവറോളം ഉത്പാദിപ്പിക്കാനാവുന്ന ഇലക്ട്രിക് മോട്ടോറും 30.2kWh ബാറ്ററി പായ്ക്കും ആണ് നെക്സോൺ ഇവി പ്രൈം നൽകുന്നത്. കൂടാതെ ARAI സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്ററിന്റെ റേഞ്ചുമാണ് വാഹനം നൽകുന്നത്. അതേസമയം മാക്‌സ് മോഡിന് 40.5kWh ബാറ്ററിയുള്ള 143 bhp ഇലക്ട്രിക് മോട്ടോറും 437 കി.മീ. റേഞ്ചുമുണ്ട്.
പുതിയ ഫെയ്‌സ്‌ലിഫ്റ്റ് നെക്സോൺ ഇവി MR, LR വേരിയന്റുകൾ ഇതേ ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് തുടരുന്നത്. എന്നാൽ റേഞ്ച് യഥാക്രമം 325 കി.മീ., 465 കി.മീ. വരെ കിട്ടാൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് മോഡലുകളുടെയും പവർ ഔട്ട്പുട്ടും മുമ്പത്തേതിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു. എങ്കിലും മൊത്തത്തിലുള്ള സ്റ്റൈലിംഗും സവിശേഷതകളും നോക്കുമ്പോൾ പുതിയ നെക്സോൺ ഇവി തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്.

പക്ഷേ പെട്രോളടിച്ച് കാശ് കളയാൻ താത്പര്യമില്ലാത്തവർക്കും പുതിയൊരു ഇലക്‌ട്രിക് എസ്‌യുവി നോക്കുന്നവർക്കും എന്തുകൊണ്ടും അനുയോജ്യമാണ് നെക്സോൺ ഇവി. പഴയ പതിപ്പാണെങ്കിലും ഇത്രയും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരം നഷ്‌ടപ്പെടുത്താതിരിക്കുക. ടിയാഗോ ഇവി, ടിഗോർ ഇവി എന്നിവയ്ക്കുള്ള ഇയർ എൻഡ് ഓഫറുകൾ ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 21-ന് പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് വേരിയന്റും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്.


Click it and Unblock the Notifications