ടെക്കിയെ വെല്ലുന്ന ടെക്‌നിക്കുകൾ; ഈ ഫീച്ചറുകൾ വെന്യുവിൽ കിട്ടില്ല, പക്ഷേ നെക്സോണിലുണ്ട്
ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന സെഗ്മെന്റുകളിൽ ഒന്നാണ് സബ്-4 മീറ്റർ എസ്‌യുവികളുടേത്. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹ്യുണ്ടായി എന്നിവരെല്ലാം അരങ്ങുവാഴുന്ന വിഭാഗമാണിത് എന്നതിനാൽ പ്രത്യേക ഫാൻബേസാണ് ഈ മോഡലുകൾക്കുള്ളത്. ബ്രെസയും നെക്സോണും തമ്മിലുള്ള പോരാട്ടത്തിൽ വെന്യുവിനും പ്രധാന പരിഗണന തന്നെ ലഭിക്കുന്നുമുണ്ട്.
പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വന്നതോടെ നെക്സോണിന് കൂടുതൽ ആളുകളെ ആകർഷിക്കാനാവും. എന്നാൽ ADAS ടെക് കൊണ്ടുവന്ന് വെന്യുവും ഞെട്ടിച്ചു. പക്ഷേ ഇവരിൽ കേമനാരെന്ന് ചോദിച്ചാൽ ടാറ്റ മോട്ടോർസിന്റെ പേര് പറയുന്നതിൽ തെറ്റൊന്നുമില്ലെന്ന് പറയാം. അത്യുഗ്രഹൻ ഡിസൈനും കിടിലൻ ഇന്റീരിയറുമെല്ലാമായി നെക്സോൺ അരങ്ങ് തകർക്കും. ഹ്യുണ്ടായി വെന്യുവിൽ കിട്ടാത്ത എന്നാൽ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ ലഭിക്കുന്ന ചില ഫീച്ചറുകൾ എന്തെല്ലാമെന്ന് ഒന്ന് നോക്കിയാലോ?

ഡീസൽ ഓട്ടോമാറ്റിക്: എസ്‌യുവിയും ഡീസൽ എഞ്ചിൻ കോമ്പിനേഷനും ഒന്നു വേറെ തന്നെയാണ്. അതിനൊപ്പം ഓട്ടോമാറ്റിക് കൂടിയായാൽ സംഭവം കളറാവും. ഡീസൽ എഞ്ചിൻ ഓപ്ഷനോടെ വരുന്ന കോംപാക്‌ട് എസ്‌യുവികളാണ് ഹ്യുണ്ടായി വെന്യുവും ടാറ്റ നെക്സോണും. എന്നിരുന്നാലും, വെന്യു ഡീസൽ എഞ്ചിൻ 6-സ്പീഡ് MT മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ എന്നിടത്താണ് ടാറ്റയുടെ വിജയം. പുതിയ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിന് 6-സ്പീഡ് AMT (പാഡിൽ ഷിഫ്റ്ററുകൾക്കൊപ്പം) ഓപ്‌ഷൻ നൽകുന്നുണ്ട്.
വലിയ ടച്ച്സ്ക്രീൻ: ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നുണ്ട്. ഇത് വെന്യൂവിന്റെ 8 ഇഞ്ച് യൂണിറ്റിനേക്കാൾ വലുത് മാത്രമല്ല, പുതിയ യുഐയും മികച്ച ഡിസ്‌പ്ലേയും കാരണം കൂടുതൽ പ്രീമിയം അനുഭവം പ്രദാനം ചെയ്യാൻ ടാറ്റയ്ക്ക് സാഘിക്കുന്നുണ്ട്. രണ്ട് എസ്‌യുവികളിലേയും ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നുമുണ്ട്.

360 ഡിഗ്രി ക്യാമറ: സെഗ്‌മെന്റിൽ ഈ പ്രീമിയം ഫീച്ചർ ആദ്യമായി നൽകുന്നത് 2023 നെക്‌സോൺ അല്ലെങ്കിലും ഇക്കാര്യത്തിൽ ഹ്യുണ്ടായി വെന്യുവിനേക്കാൾ മുന്നിലാണ് ടാറ്റയുടെ സ്ഥാനം. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ നെക്സോണിന് ഈ കിടിലൻ ഫീച്ചർ ലഭിക്കുന്നത് ആളുകളെ ആകർഷിക്കാൻ പ്രാപ്‌തമാക്കുന്ന കാര്യമാണ്. ഇതിന് ഒരു ബ്ലൈൻഡ് സ്പോട്ട് മോണിറ്ററുമുണ്ട്. അതേസമയം വെന്യുവിൽ റിയർ പാർക്കിംഗ് ക്യാമറ മാത്രമാണുള്ളത്.
JBL സൗണ്ട് സിസ്റ്റം: പുതിയ ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ 4 സ്പീക്കറുകൾ, 4 ട്വീറ്ററുകൾ, മികച്ച ഓഡിയോ അനുഭവം നൽകുന്ന സബ്‌വൂഫർ എന്നിവ അടങ്ങുന്ന JBL സൗണ്ട് സിസ്റ്റവും ഉപഭോക്താക്കൾക്ക് ലഭിക്കും. മറുവശത്ത്, ഫ്രണ്ട് ട്വീറ്ററുകളുള്ള ഫ്രണ്ട്, റിയർ സ്പീക്കറുകളോടെയാണ് ഹ്യുണ്ടായിയുടെ കോംപാക്‌ട് എസ്‌യുവിയായ വെന്യു വരുന്നത്.

റെയിൻ സെൻസിംഗ് വൈപ്പറുകൾ: നെക്‌സോൺ നേരത്തെ തന്നെ റെയിൻ സെൻസിംഗ് വൈപ്പറുകളുമായാണ് വിപണിയിൽ എത്തിയിരുന്നത്. ഹ്യുണ്ടായി വെന്യുവിന് അന്നും ഇന്നും ഈ ഫീച്ചർ ലഭ്യമല്ല. ഇതൊരു വലിയ ഫീച്ചർ വ്യത്യാസം പോലെ കാണുന്നില്ലെങ്കിലും, മഴയുള്ള ദിവസങ്ങളിൽ നിങ്ങൾക്ക് റോഡിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന സവിശേഷതയാണിത് എന്നു വേണം പറയാൻ.
ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ: രണ്ട് എസ്‌യുവികളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി വരുമ്പോൾ, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ശരിയായ 10.25 ഇഞ്ച് സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ലഭിക്കുന്നത്. ഹ്യുണ്ടായി മോഡലിന്റെ ഡിസ്‌പ്ലേയ്ക്ക് ഒരൊറ്റ ലേഔട്ടും അടിസ്ഥാന ഡ്രൈവിംഗ് വിവരങ്ങൾ മാത്രം നൽകാനാകുന്നതുമായ യൂണിറ്റാണ്. നെക്‌സോണിൽ ഒന്നിലധികം സ്‌ക്രീൻ ലേഔട്ടുകൾ നടത്താൻ കഴിയും. കൂടാതെ മറ്റ് കാര്യങ്ങൾക്കൊപ്പം ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ നിന്ന് മാപ്‌സ് ഫീഡ് റിലേ ചെയ്യാനും കഴിയും.

ഉയരം ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്: ഹ്യുണ്ടായി വെന്യുവിൽ നിന്ന് വ്യത്യസ്തമായി പുതിയ നെക്‌സോണിന് ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റിനൊപ്പം ഉയരം ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റും ലഭിക്കുന്നു. മികച്ച ഇരിപ്പിടം നേടുന്നതിന് യാത്രക്കാരെ സഹായിക്കുന്ന ഈ ഫീച്ചർ ശരിക്കും പ്രായോഗികമായ കാര്യമാണെന്ന് സമ്മതിച്ചേ മതിയാവൂ.


Click it and Unblock the Notifications








