ഇതൊന്നും വേറൊരു കാറിലും കാണില്ല! പുത്തൻ നെക്സോണിലെ ഈ ഫീച്ചറുകൾ കണ്ടാൽ ആരായാലും വാങ്ങിപ്പോവും
ഇന്ത്യൻ വിപണിയിലെ എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന വാഹനമാണ് ടാറ്റ നെക്സോൺ. ഡീസൽ, പെട്രോൾ, ഇവി, മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ ഏത് വേഷത്തിലും കിട്ടുന്ന സേഫ്റ്റിയുടെ അങ്ങേയറ്റം നൽകുന്ന വാഹനമാണ് നെക്സോൺ എന്ന സബ്-4 മീറ്റർ എസ്‌യുവി. ഇതുതന്നെയാണ് വണ്ടിയുടെ ഏറ്റവും പ്രത്യേകത. കൂട്ടിന് ടാറ്റയുടെ നിരയിൽ നിന്നും ഇറങ്ങുന്നതും മോഡലിന്റെ മൈലേജ് കൂട്ടി.
നെക്സോൺ വേറേ ഏതൊരു ബ്രാൻഡിൽ ജനിച്ചിരുന്നെങ്കിലും ഇത്രയധികം ഹിറ്റാവുമായിരുന്നില്ല. ഇപ്പോഴിതാ മുൻഗാമികളിൽ നിന്നും ആകെ മാറി വിപണിയിൽ ടാറ്റ നെക്സോണിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ കൂടി എത്തിയിരിക്കുകയാണ്. വില പ്രഖ്യാപനവും ഡെലിവറിയും മാത്രം പൂർത്തിയാക്കാനിരിക്കുന്ന മുഖംമിനുക്കിയ വാഹനം ഇന്നു മുതൽ ആളുകൾക്ക് ബുക്ക് ചെയ്യാനും സാധിക്കും. ടാറ്റ എസ്‌യുവിക്ക് ഡിസൈനിലും ഇന്റീരിയറിലും എല്ലാം ലഭിച്ചിരിക്കുന്നത് സ്വപ്‌നങ്ങളിൽ പോലും കാണാനാവാത്ത നവീകരണങ്ങളാണ് പുത്തൻ നെക്സോൺ ക്ലാസാവുന്ന കിടിലൻ ഫീച്ചറുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

ആറ് എയർബാഗുകൾ: ടാറ്റ കാറുകളുടെ മെയിൻ ലക്ഷ്യം സേഫ്റ്റി ആയതിനാൽ തന്നെ പുതിയ 2023 നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ ഒരുക്കിയ ഏറ്റവും വലിയ സംവിധാനം 6 എയർബാഗുകളുടെ അകമ്പടിയാണ്. അതും സ്റ്റാൻഡേർഡായി തന്നെ എല്ലാ വേരിയന്റുകളിലും കിട്ടുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഇതുകൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവയും സ്റ്റാൻഡേർഡായി എസ്‌യുവിയിൽ ലഭ്യമാണ്.
എൽഇഡി ലൈറ്റിംഗ്: ടാറ്റ പുതിയ നെക്‌സോണിന് ഓൾ-എൽഇഡി ലൈറ്റിംഗാണ് നൽകിയിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ടാറ്റ കാറിൽ ലൈറ്റിംഗ് എല്ലാം എൽഇഡി സംവിധാനമാവുന്നത്. എസ്‌യുവിക്ക് എൽഇഡി ഡിആർഎല്ലുകളും ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകളും ഉള്ള ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും ലഭിക്കുന്നുണ്ട്. ഫെയർവെൽ സീക്വൻസിനൊപ്പം ഒരുക്കിയിട്ടുള്ള കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ: മുൻഗാമിയേക്കാൾ കൂടുതൽ പ്രായോഗികമാക്കുന്ന ശരിയായ 10.25-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയാണ് ടാറ്റ പുതിയ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് നൽകിയിട്ടുള്ളത്. എന്നാൽ ഇത് ടോപ്പ് എൻഡ് ഫിയർലെസ് വേരിയന്റിനായാണ് നീക്കിവെച്ചിരിക്കുന്നത് എന്നുമാത്രം. ആഡംബര കാറുകളിൽ കാണുന്നതുപോലെ മാപ്പ് നാവിഗേഷൻ പോലും ഇതിന് പ്രദർശിപ്പിക്കാൻ കഴിയുമെന്നത് ശ്രദ്ധേയമാണ്.
വലിയ ടച്ച്സ്ക്രീൻ: അടുത്തിടെ ഹാരിയറിലും സഫാരിയിലും അവതരിപ്പിച്ച പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇത്തവണ ടാറ്റ നെക്‌സോൺ ഫെയ്‌സ‌്ലിഫ്റ്റിലേക്കും കൊണ്ടുവന്നിട്ടുണ്ട്. കോംപാക്‌ട് എസ്‌യുവിയുടെ ഉയർന്ന സ്‌പെസിഫിക്കേഷനുള്ള ക്രിയേറ്റീവ്, ഫിയർലെസ് വേരിയന്റുകൾ മുതലാണ് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാവുക എന്നു മാത്രം.

ജെബിഎൽ സൗണ്ട് സിസ്റ്റം: സബ് വൂഫറിനൊപ്പം നാല് ട്വീറ്ററുകൾ ഉൾപ്പെടെ 9 സ്പീക്കറുകളുള്ള ജെബിഎൽ സൗണ്ട് സിസ്റ്റവുമായാണ് പുതിയ നെക്‌സോണിന്റെ വരവ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ പുതിയ മോഡലിന്റെ പൂർണമായി ലോഡുചെയ്‌ത ഫിയർലെസ് പ്ലസ് S വേരിയന്റിൽ മാത്രമാണ് ടാറ്റ ഇത് വാഗ്ദാനം ചെയ്യുന്നത്. യാത്രകളിൽ സംഗീത ആസ്വാദനമെല്ലാം വേറെ ലെവലാക്കാൻ കഴിയുന്ന ക്വാളിറ്റിയാണ് ഇതിനുള്ളത്.
ടച്ച് അടിസ്ഥാനമാക്കിയുള്ള പാനൽ: ഓട്ടോ ക്ലൈമറ്റ് കൺട്രോളുകൾക്കായി ടച്ച് അധിഷ്ഠിത പാനൽ ഉൾപ്പെടുത്തിയതാണ് പുതിയ നെക്സോൺ എസ്‌യുവിയുടെ ഇന്റീരിയറിൽ വരുന്ന പ്രധാന അപ്‌ഡേറ്റുകളിലൊന്ന്. ക്രിയേറ്റീവ് ട്രിം മുതൽ ഇത് ലഭ്യമാണ്. പക്ഷേ ഫാൻ വേഗതയുടെയും താപനിലയുടെയും നിയന്ത്രണങ്ങൾക്ക് ഇപ്പോഴും ഫിസിക്കൽ ടോഗിൾ സ്വിച്ചുകൾ തന്നെയാണ് ടാറ്റ മോട്ടോർസ് 2023 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഉപയോഗിച്ചിരിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന കോ-ഡ്രൈവർ സീറ്റ്: ഡ്രൈവർ സീറ്റിനൊപ്പം മുൻവശത്തെ കോ ഡ്രൈവർ സീറ്റുകളുടെയും ഉയരം ക്രമീകരിക്കാനാവുന്ന ഫീച്ചറുമായാണ് നെക്‌സോൺ ഇപ്പോൾ എത്തുന്നത്. എൻട്രി ലെവൽ സ്മാർട്ട് വേരിയന്റിൽ നിന്ന് തന്നെ ഡ്രൈവർ സീറ്റിന് ഈ സൗകര്യം ടാറ്റ വാഗ്ദാനം ചെയ്യുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുടെ ആഡംബര സംവിധാനവും വാഹനത്തിനൊപ്പം കമ്പനി നൽകുന്നുണ്ട്. ഇത് നേരത്തെ മുതൽ നെക്സോണിൽ ഉണ്ടായിരുന്നൊരു ഫീച്ചറാണ്.
360 ക്യാമറ: ടാറ്റ നെക്‌സോണിന് ഇപ്പോൾ 360-ഡിഗ്രി ക്യാമറയും കമ്പനി ഒരുക്കിയിട്ടുണ്ട്. എസ്‌യുവിയുടെ ടോപ്പ് ക്രിയേറ്റീവ്, ഫിയർലെസ് ട്രിമ്മുകളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇതോടൊപ്പം നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്ററും സജ്ജീകരിച്ചിട്ടുണ്ട്. എന്നാലിത് 360-ഡിഗ്രി ക്യാമറ പോലെ ഉയർന്ന വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ: മുൻവശത്തെ പാർക്കിംഗ് സെൻസറുകളാണ് മുഖംമിനുക്കിയെത്തുന്ന നെക്സോണിന് നൽകിയിരിക്കുന്ന മറ്റൊരു പുതിയ സേഫ്റ്റി ഫീച്ചർ. മുകളിൽ സൂചിപ്പിച്ച ചില ഫീച്ചറുകൾ പോലെ, ഈ സുരക്ഷാ സാങ്കേതികവിദ്യയും കോംപാക്‌ട് എസ്‍യുവിയുടെ ടോപ്പ് എൻഡ് ക്രിയേറ്റീവ്, ഫിയർലെസ് വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ എന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
7 സ്പീഡ് ഡിസിടി: പുത്തൻ നെക്‌സോണിൽ ടാറ്റ അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ തുടരുകയാണെങ്കിലും ഗിയർബോക്‌സിന്റെ കാര്യത്തിൽ മാറ്റങ്ങളുണ്ട്. പെട്രോൾ വേരിയന്റുകൾക്കായി 7-സ്പീഡ് DCT (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) അവതരിപ്പിച്ചതാണ് ഇതിൽ ഏറ്റവും ഹൈലൈറ്റാവുന്നവ. പുതിയ ഗിയർബോക്‌സിന് പുറമേ പെട്രോൾ യൂണിറ്റിന് 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി എന്നീ ഓപ്ഷനുകളും ലഭിക്കും.


Click it and Unblock the Notifications








