അമ്പോ എജ്ജാതി ലുക്ക് ടാറ്റേ, പുത്തൻ നെക്സോണിന്റെ റിയർ ഡിസൈൻ കാണാൻ കയറി നോക്ക്
ടാറ്റയുടെ വിൽപ്പനയെ ഇത്രയധികം ഉയരങ്ങളിലെത്തിച്ച മോഡലാണ് നെക്സോൺ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവിയായി ദീർഘകാലം വിലസിയ നെക്സോൺ സേഫ്റ്റിയുടേയും ഡീസൽ എഞ്ചിൻ കോമ്പിനേഷന്റെയും ബലത്തിലാണ് എതിരാളികളെ വിറപ്പിച്ചിരുന്നത്. പ്രതിമാസം 10,000 യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിച്ച് ടാറ്റ നടന്നുകയറിയത് സ്പോർട് യൂട്ടിലിറ്റി വാഹന നിരയുടെ തലപ്പത്തേക്കായിരുന്നു.
നിലവിൽ കാലാനുസൃതമായ മാറ്റങ്ങളമായി നെക്സോണിന്റെ രണ്ടാം ഫെയ്‌സ്‌സ്‌ലിഫ്റ്റ് മോഡൽ വിപണിയിലേക്ക് എത്തുകയാണ്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവിയുടെ കൂടുതൽ വിശേഷങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോൾ. പുതിയ നെക്‌സോണിന്റെ ടെലിവിഷൻ പരസ്യ വീഡിയോ ഷൂട്ടിംഗ് നടക്കുകയാണിപ്പോൾ. ഇവിടുന്നുള്ള കാറിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ. പിന്നാമ്പുറ കാഴ്ച്ച മാത്രമാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

പലരും ഇഷ്‌ടപ്പെടാതെ പോയ നെസോണിന്റെ നിലവിലെ റിയർ ഡിസൈനിൽ കാര്യമായ ഉടച്ചുവാർക്കലുമായാണ് ടാറ്റ എത്തുന്നത് എന്നത് വളരെ സ്വീകാര്യമായ ഒന്നാണ്. ഒരു പുതിയ കളർ ഓപ്ഷനും കൂടി എത്തുന്നതോടെ ശരിക്കും പ്രീമിയം ഫീൽ നൽകാനും റിയർ പ്രൊഫൈലിന് സാധിക്കുന്നുണ്ട്. കാര്യമായ രീതിയിൽ തന്നെ പുനർരൂപകൽപ്പന ചെയ്‌ത പിൻവശത്തെ വിശദാംശങ്ങളിലേക്ക് കടന്നാൽ മുൻവശത്ത് കാണുന്നതു പോലെയുള്ള സി ആകൃതിയിലുള്ള പ്രോട്രഷനുകൾ, റിഫ്ലക്ടറുകൾ സ്ഥാപിക്കുകയും അരികുകളിലേക്ക് തള്ളപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ഇത് വലിയൊരു എസ്‌യുവിയുടെ പ്രതീതിയാണ് പുത്തൻ നെക്സോണിന് സമ്മാനിക്കുന്നത്. മുൻ മോഡലിന്റെ കാസ്‌കേഡിംഗ് ഡിസൈനിനേക്കാൾ ഫ്ലാറ്റാണ് പിൻ ഡിസൈൻ എന്നും പറയാം. ആധുനിക ഡിസൈൻ ട്രെൻഡുകൾക്ക് അനുസൃതമായി, ടെയിൽ-ലാമ്പ് ക്ലസ്റ്ററിനെ അരികുകളിലേക്ക് വിഭജിക്കുന്ന പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറായി രൂപാന്തരപ്പെടുത്തിയിരിക്കുന്നതും അടിപൊളിയാണ്.

പുനർരൂപകൽപ്പന ചെയ്‌ത റൂഫ് ഫിറ്റഡ് സ്‌പോയിലർ, എസ്‌യുവിയുടെ മൊത്തത്തിലുള്ള സൗന്ദര്യാത്മകത വർധിപ്പിച്ചുകൊണ്ട് സൂക്ഷ്മമായ റാപ്പ്റൗണ്ട് പ്രഭാവം നൽകുന്നു. ഹ്യുണ്ടായി ട്യൂസോണിനെ അനുസ്മരിപ്പിക്കുന്ന വൃത്തിയുള്ളതും കൂടുതൽ കാര്യക്ഷമവുമായ രൂപം പ്രദാനം ചെയ്യുന്ന പിൻവശത്തെ വൈപ്പർ ഇപ്പോൾ സ്‌പോയിലറിനു കീഴിൽ വൃത്തിയായി ഒതുക്കിവെച്ചിട്ടുണ്ട്. മുൻവശത്ത് പുതിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തെ ഉൾക്കൊള്ളുന്നതിനായി ബോണറ്റും ഫ്രണ്ട് ഫെൻഡറും പൂർണമായും റീഡിസൈൻ ചെയ്തിട്ടുണ്ട്.
നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ശരിക്കും പ്രീമിയം ഫീൽ നൽകുന്നതിനൊപ്പം മസ്ക്കുലറായി നിലനിർത്താനും ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്. പുത്തൻ എസ്‌യുവിയുടെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് അതിന്റെ പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് (DRL) സിഗ്നേച്ചറാണ്. മുൻ ബമ്പറിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പ്രധാന ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന സി-ആകൃതിയിലുള്ള പ്രോട്രഷനുകൾക്കൊപ്പം ഇത് വിശാലവും ഉയരവുമുള്ളതായി കാണപ്പെടുന്നുണ്ട്.

ഇനി അകത്തളത്തിലേക്ക് കയറിയാലും മാറ്റങ്ങൾ സമഗ്രമാണ്. അടിമുടി ഉടച്ചുവാർത്ത ഇന്റീരിയർ ഡിസൈനിലെ ഹൈലൈറ്റ് പുതിയ ടൂ-സ്പോക്ക് സ്റ്റിയറിംഗ് വീലാണ്. ഇലുമിനേറ്റഡ് ടാറ്റ ലോഗോയുമായി എത്തുന്ന സ്റ്റിംയറിംഗ് വീൽ ട്രെൻഡാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നെക്‌സോണിന് ഡാഷ്‌ബോർഡിന്റെ ലോവർ പാർട്ടിൽ ലെതർ ക്ലാഡിംഗും ഒരുക്കും. ഓഡിയോ, ക്രൂയിസ് കൺട്രോൾ സ്വിച്ചുകൾ ടച്ച് ആൻഡ് ടോഗിൾ സെറ്റപ്പായിരിക്കും അവതരിപ്പിക്കുക.
അപ്‌ഡേറ്റ് ചെയ്‌ത സെന്റർ കൺസോൾ അതിന്റെ ഡിസിടി യൂണിറ്റിനായി ഒരു പുതിയ ഗിയർ സെലക്ടർ ലിവർ അവതരിപ്പിക്കുന്നു. വലിയ ടച്ച്‌സ്‌ക്രീൻ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും അകത്തളത്തെ സമ്പന്നമാക്കും. വേഷംമാറിയെത്തുന്ന നെക്സോൺ നിലവിലുള്ള 1.2 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ തുടർന്നും ലഭ്യമാവും. എന്നാൽ നാല് വ്യത്യസ്‌ത ഗിയർബോക്‌സ് ഓപ്ഷനുകളാവും എസ്‌യുവിക്ക് മാറ്റേകുന്ന കാര്യം.

6-സ്പീഡ് മാനുവൽ, 6-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളും അതേപടി നിലനിൽക്കും. എന്നാൽ പെട്രോൾ എഞ്ചിന് ഇപ്പോൾ 5-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും പുതിയ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഭാഗമാവും. ടർബോ പെട്രോൾ എഞ്ചിൻ കൂടുതൽ പവർ ഉത്പാദിപ്പിക്കാനായി റീട്യൂൺ ചെയ്യുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. അങ്ങനെ ഈ യൂണിറ്റിന് 125 bhp കരുത്തിൽ 225 Nm torque വരെ നിർമിക്കാനാവും.


Click it and Unblock the Notifications








