ലുക്കും ഫീച്ചറുകളും കൈയിലിരിക്കട്ടെ, ഓടിക്കാൻ ഗുമ്മേത്? പുത്തൻ നെക്സോണും XUV300 എസ്‌യുവിയും മാറ്റുരയ്ക്കാം
വണ്ടി വാങ്ങുമ്പോൾ സേഫ്റ്റിക്ക് പ്രാധാന്യം കൊടുക്കുന്ന കാലമാണിത്. മൈലേജായിരുന്നു മുമ്പ് ഏവരും പരിഗണിച്ചിരുന്ന പ്രധാന ഘടകമെങ്കിലും ഇപ്പോൾ അതെല്ലാം രണ്ടാമതേയുള്ളൂ. ബജറ്റ് എസ്‌യുവി, സേഫ്റ്റി എന്നിങ്ങനെ രണ്ട് കാര്യങ്ങൾ ഒന്നിച്ചു നോക്കുമ്പോൾ ഏറ്റവും മികച്ച ഓപ്ഷനുകൾ ടാറ്റ നെക്സോണും മഹീന്ദ്ര XUV300 എന്നിവ തന്നെയാണ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയ സെഗ്മെന്റിലെ ഏക മോഡലുകളാണിവ.
അങ്ങനെ സേഫ്റ്റിയുള്ള കോംപാക്‌ട് എസ്‌യുവി എന്ന് മനസിലേക്ക് വരുമ്പോൾ നെക്സോൺ വാങ്ങണോ അതോ മഹീന്ദ്രയുടെ തുറുപ്പുഗുലാൻ തെരഞ്ഞെടുക്കണമോയെന്ന കൺഫ്യൂഷൻ വരും. അത്തരക്കാരെ കൈയിലെടുക്കാൻ ടാറ്റ കഴിഞ്ഞ ദിവസം നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കുകയുണ്ടായി. അകത്തും പുറത്തും സമൂലമായ മാറ്റങ്ങളുമായി എത്തുന്ന 2023 മോഡൽ ശരിക്കും ഞെട്ടിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

കൂടാതെ ജനപ്രിയ എസ്‌യുവിയെ കൂടുതൽ ആകർഷകമാക്കുന്നതിനായി ഇന്റീരിയറിൽ പ്രീമിയം ഫീച്ചറുകളുടെ വിശാലമായ ശ്രേണിയാണ് ടാറ്റ ഒരുക്കിയിട്ടുള്ളത്. അങ്ങനെ മൊത്തത്തിൽ, നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ശരിക്കും ആളുകളെ ആകർഷിക്കുന്നുണ്ട്. പക്ഷേ തങ്ങളും ഒട്ടും പിന്നിലല്ലെന്ന് XUV300 ഇടയ്ക്ക് ടാറ്റയെ ഓർമിപ്പിക്കുന്നുണ്ട്. ടാറ്റ നെക്‌സോണിനെതിരായ ഏറ്റവും മത്സരാധിഷ്ഠിത എസ്‌യുവികളിലൊന്നാണ് XUV300. കാരണം സേഫ്റ്റിക്കൊപ്പം ഡീസൽ, പെട്രോൾ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുടെയും സാന്നിധ്യമാണ് മഹീന്ദ്രയുടെ ആയുധം.
ആയതിനാൽ പുത്തൻ നെക്സോണും XUV300 എസ്‌യുവിയും തമ്മിൽ ഒന്നു മാറ്റുരച്ചു നോക്കിയാലോ? ലുക്കിന്റെയോ ഫീച്ചറുകളുടെ കാര്യത്തിലോ അല്ലകേട്ടോ ഈ താരതമ്യം. അത് രണ്ടും പ്രായോഗികതയെയും ആളുകളുടെ മനോഭാവത്തേയും അടിസ്ഥാനമാക്കിയുള്ള കാര്യമായതിനാലാണ് ഇക്കാര്യത്തിലേക്ക് ഇപ്പോൾ കടക്കാത്തത്. പകരം രണ്ട് കോംപാക്‌ട് എസ്‌യുവികളുടേയും എഞ്ചിൻ, ഗിയർബോക്‌സ്, പെർഫോമൻസ് എന്നിവ തമ്മിലുള്ള മാറ്റുരയ്ക്കാലാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഡിസൈനിലേയും ഫീച്ചറുകളുടേയും കാര്യമായ അപ്‌ഡേറ്റുകൾ ഉണ്ടായിരുന്നിട്ടും 2023 ടാറ്റ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി പഴയ മോഡലുകളിലെ അതേ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. പക്ഷേ പുതുമക്കായി ഒരു പുതിയ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ നാല് ട്രാൻസ്‌മിഷൻ കോമ്പിനേഷനിൽ നെക്സോൺ വാങ്ങാനാവും. 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് നെക്സോണിന് തുടിപ്പേകുന്നത്.
നെക്സോണിലെ പെട്രോൾ എഞ്ചിൻ 120 bhp കരുത്തിൽ പരമാവധി 170 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 115 bhp പവറിൽ 160 Nm torque നൽകാൻ ഡീസൽ എഞ്ചിന് കഴിയും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, ഏഴ് സ്പീഡ് ഡിസിടി എന്നിവ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിനുള്ള ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

ഇനി മഹീന്ദ്ര XUV300 എസ്‌യുവിയുടെ കാര്യത്തിലേക്ക് വന്നാ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. രണ്ട് വ്യത്യസ്ത 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ ഓഫറിൽ ഉണ്ടെന്നത് മഹീന്ദ്ര ആൻഡ് മഹീന്ദ്രക്ക് മേൽകൈ നൽകുന്ന കാര്യമാണ്. അതേസമയം 1.5 ലിറ്റർ ഡീസൽ എഞ്ചിനും തികവാർന്ന പെർഫോമൻസ് നൽകാൻ പ്രാപ്‌തമാണ്. ഇവയുടെ പവർഔട്ട് കണക്കുകളിലേക്ക് നോക്കിമിനി.
XUV300 എസ്‌യുവിയിലെ ആദ്യത്തെ 1.2 ലിറ്റർ TCMPFi ടർബോ-പെട്രോൾ എഞ്ചിൻ 108 bhp പവറിൽ 200 Nm torque വരെയാണ് മുന്നോട്ടുവെക്കുന്നത്. രണ്ടാമത്തെ 1.2 ലിറ്റർ TGDi ടർബോചാർജ്ഡ് പെട്രോൾ ആണെങ്കിൽ പെർഫോമൻസിന്റെ അയ്യര് കളിയാണിവിടെയുള്ളത്. 128 bhp കരുത്തിൽ ഏകദേശം 230 Nm torque വരെ നൽകാൻ ഇതിനാവും.

ഇനിയുള്ളത് മഹീന്ദ്ര കോംപാക്‌ട് എസ്‌യുവിയുടെ ഡീസൽ എഞ്ചിനാണ്. ഇത് 115 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റുമാണ് എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നത്. ഗിയർബോക്സിന്റെ കാര്യത്തിൽ നെക്സോൺ സമ്പന്നനാണെങ്കിലും XUV300 കൂടുതൽ പ്രായോഗികമാണെന്ന കാര്യം തള്ളിക്കളയാനാവില്ല.


Click it and Unblock the Notifications








