ബുള്ളറ്റിന്റെ മൈലേജുള്ള എസ്‌യുവി, പഞ്ച് സിഎൻജിയുടെ ഇന്ധനക്ഷമത പുറത്തുവിട്ട് ടാറ്റ
ഇന്ത്യൻ വിപണിക്ക് സിഎൻജി കാറുകളോടുള്ള പ്രിയം കൂടിവരികയാണ്. മാരുതി സുസുക്കി കൈയാളുന്ന ഈ സെഗ്മെന്റിൽ ഇനി ടാറ്റയുടെ അഴിഞ്ഞാട്ടമാവും ഉണ്ടാവുക. പരീക്ഷണാടിസ്ഥാനത്തിലിറക്കിയ ടിയാഗോ, ടിഗോർ സിഎൻജി മോഡലുകൾ ഹിറ്റടിച്ചതോടെ ആൾട്രോസിന്റെയും ഇക്കഴിഞ്ഞയിടക്ക് പഞ്ചിന്റെയും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് പതിപ്പ് പുറത്തിറക്കി ടാറ്റ സർജിക്കൽ സ്ട്രൈക്ക് നടത്തിയിട്ടുണ്ട്.
ഇറങ്ങിയിട്ട് അധിക നാൾ ആയില്ലെങ്കിലും ഈ മൈക്രോ എസ്‌യുവിയുടെ 2 ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്. ഹ്യുണ്ടായി എക്സ്റ്ററിന്റെ വരവ് ഭീഷണിയാണെങ്കിലും പഞ്ച് സിഎൻജിയുടെ വരവ് ടാറ്റ മോട്ടോർസിന് ബൂസ്റ്റാവും. പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വരുന്ന വാഹനത്തിന്റെ വിലയും മറ്റ് വിവരങ്ങളും പുറത്തുവിട്ടിരുന്നെങ്കിലും പഞ്ച് സിഎൻജി പതിപ്പിന്റെ മൈലേജ് കണക്കുകൾ കമ്പനി പുറത്തുവിട്ടിരുന്നില്ല.

എന്നാൽ ദേ വിൽപ്പന ആരംഭിക്കുന്നതിനു മുന്നോടിയായി സിഎൻജി സാങ്കേതികവിദ്യയുള്ള പഞ്ച് എസ്‌യുവിയുടെ ഔദ്യോഗിക ഇന്ധനക്ഷമത കണക്കുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ബ്രാൻഡിന്റെ ഏറ്റവും പുതിയ ട്വിൻ സിലിണ്ടർ ടെക്‌നോളജി ഉപയോഗിച്ച് പണിതെടുത്തിരിക്കുന്ന വാഹനത്തിന് 27 കിലോമീറ്റർ നൽകാനാവുമെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. അതായത് റോയൽ എൻഫീൽഡ് ഹിമാലയൻ പോലുള്ള മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന ഇന്ധനക്ഷമത ഈ കാറിന് നൽകാനാവുമെന്ന് സാരം.
ടാറ്റ ടിഗോർ സിഎൻജി സെഡാന്റെ ഇന്ധനക്ഷമത കണക്കുകൾക്ക് സമാനമാണിത്. പ്രധാന എതിരാളിയായ ഹ്യുണ്ടായി എക്‌സ്‌റ്റർ സിഎൻജിയുമായി താരതമ്യപ്പെടുത്തുമ്പോൾ പഞ്ച് സിഎൻജിയുടെ ഇന്ധനക്ഷമത നേരിയ തോതിൽ കുറവാണെന്നത് ശ്രദ്ധേയമാണ്. എക്‌സ്‌റ്റർ സിഎൻജി 27.1 കി.മീ/കിലോ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ബൂട്ട് സ്പേസിന്റെ അധിക പ്രായോഗികതയെല്ലാം കണക്കിലെടുക്കുമ്പോൾ ഈ ചെറിയ വ്യത്യാസം മറികടക്കാൻ ടാറ്റയ്ക്ക് സാധിക്കും.

ടാറ്റയുടെ ഐ-സിഎൻജി കാർ ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് ഡ്യുവൽ സിലിണ്ടർ സാങ്കേതികവിദ്യയുടെ ഉപയോഗം. ഒരു വലിയ സിഎൻജി സിലിണ്ടർ ഉപയോഗിക്കുന്നതിനു പകരം ടാറ്റ മോട്ടോർസ് രണ്ട് ചെറിയ 30 ലിറ്റർ സിലിണ്ടറുകളാണ് തങ്ങളുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. അതായത് മൊത്തം ശേഷി 60 ലിറ്ററാണ്. സിലിണ്ടറുകൾ ബൂട്ടിന്റെ ഫ്ലോർ വെല്ലിലാണ് സ്ഥാപിച്ചിരിക്കുന്നതും.
ഇതിലൂടെയാണ് യാത്രക്കാർക്ക് അവരുടെ ലഗേജുകളും മറ്റ് സാധനങ്ങളും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പ്രായോഗികമായ ബൂട്ട് സ്പേസ് കണ്ടെത്തുന്നത്. ഒരു ടാറ്റ ആയതിനാൽ തന്നെ സിഎൻജി വാഹനങ്ങൾ നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് വരുന്നത്. പഞ്ചിൽ ഒരു ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ വരെ കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീലും തുരുമ്പിനെ പ്രതിരോധിക്കുന്ന വസ്തുക്കളുമാണ് സിഎൻജി ടാങ്ക് നിർമാണത്തിനായി ഉപയോഗിക്കുന്നതും.

എഞ്ചിനിലേക്കുള്ള സിഎൻജി വിതരണം യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും സിലിണ്ടറിലെ വാതകം സ്വയം അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്ന തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷനും പഞ്ച് സിഎൻജിയുടെ പ്രത്യേകതയാണ്. ഫ്യുവൽ ലിഡ് തുറന്നാൽ കാർ സ്റ്റാർട്ട് ആകുന്നില്ലെന്ന് ഉറപ്പാക്കുന്ന മൈക്രോ സ്വിച്ചും ഉണ്ട്. പഞ്ച് സിഎൻജി എസ്‌യുവി 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ എഞ്ചിനിലാണ് വരുന്നത്. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ പരമാവധി 84.82 bhp കരുത്തിൽ 113 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും.
സിഎൻജിയിൽ പവർ കണക്കുകൾ 72.39 bhp, 103 Nm torque എന്നിങ്ങനെയായി കുറയും. ടാറ്റ പഞ്ച് പെട്രോൾ മോഡൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു എഎംടി ഗിയർബോക്‌സുമായാണ് വരുന്നതെങ്കിലും സിഎൻജി വേരിയന്റ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാവൂ. ഡിസൈനിലേക്ക് വന്നാൽ പുതിയ iCNG ബാഡ്‌ജിംഗിന് പുറമെ ബ്രാൻഡ് മാറ്റങ്ങളൊന്നും മൈക്രോ എസ്‌യുവിയിൽ വരുത്തിയിട്ടില്ല.

ക്യാബിന് ഒരു സിഎൻജി ബട്ടണും ലഭിക്കുന്നതാണ് ഏകമാറ്റം. ഒരു സിഎൻജി ഗേജ് കാണിക്കാൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീനും ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും പഞ്ചിനുണ്ട്. ഇതുകൂടാതെ 16 ഇഞ്ച് അലോയ് വീല്‍, എൻജിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവര്‍ സീറ്റ്, സൺറൂഫ് പോലുള്ള സവിശേഷതകളും മോടികൂട്ടാനായെത്തുന്നുണ്ട്.
പെട്രോൾ വില 100-ന് മുകളിൽ നിൽക്കുന്നതിനാൽ ഒരു മിഡ്-കപ്പാസിറ്റി ബൈക്കിന് സിറ്റി യാത്രകളിൽ ലഭിക്കുന്ന മൈലേജ് ഒരു സിഎൻജി കാറിന് നൽകാനാവുന്നത് വലിയ കാര്യമാണ്. അതിനാൽ തന്നെ കൂടുതൽ ആളുകൾ ഇത്തരം വാഹനങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. മൂന്ന് വേരിയന്റുകളിൽ ലഭ്യമാവുന്ന വാഹനത്തിന് 7.10 ലക്ഷം മുതൽ 9.68 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








