വരാനിക്കുന്നത് 'യമണ്ടൻ വണ്ടികൾ', ഓഗസ്റ്റ് കളറാക്കാൻ ടാറ്റ മുതൽ ഔഡി വരെ
ഓരോ മാസവും വിപണിയിലേക്ക് കടന്നുവരുന്നത് അനേകം മോഡലുകളാണ്. ബജറ്റ് സെഗ്മെന്റ് (Budget Segment) മുതൽ അങ്ങ് ലക്ഷ്വറി കാർ (Luxury Car) നിരയിൽ വരെ വിരലിൽ എണ്ണാവുന്നതിലും അധികം കാറുകളാണ് ഇപ്പോൾ അണിനിരക്കുന്നത്. എല്ലാത്തരം വാഹനങ്ങളും വാങ്ങാൻ ഇന്ത്യയിൽ ആളുണ്ടെന്നതാണ് രസകരമായ മറ്റൊരു കാര്യം.
നല്ലത് കൊടുത്താൽ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനാൽ വാഹന നിർമാതാക്കൾക്കെല്ലാം നമ്മുടെ വിപണിയെ ഏറെ പ്രിയവുമാണ്. വില നോക്കാതെ നല്ല കാറുകൾ മാത്രം തേടിപ്പിടിക്കുന്ന ഇന്ത്യക്കാർക്കായി വരുന്ന ഓഗസ്റ്റ് മാസവും കിടിലൻ കാറുകളെയാണ് ബ്രാൻഡുകൾ ഒരുക്കിവെച്ചിരിക്കുന്നത്. ഭൂരിഭാഗവും ലക്ഷ്വറി വിഭാഗത്തിലാണ് എത്തുന്നതെങ്കിലും ബജറ്റ് കുറഞ്ഞവർക്കുള്ള ചില സർപ്രൈസ് എൻട്രിയും വരുന്ന മാസം ഉണ്ടാവും.

ടാറ്റ മോട്ടോർസ് ഒരു സിഎൻജി എസ്‌യുവി ഓഗസ്റ്റ് മാസം പുറത്തിറക്കുമ്പോൾ ഒരു കോംപാക്‌ട് എംപിവി അവതരിപ്പിക്കാൻ ടൊയോട്ട ഒരുങ്ങുകയാണ്. ലക്ഷ്വറി സെഗ്‌മെന്റിൽ മെർസിഡീസ് ബെൻസ് തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നിന്റെ രണ്ടാം തലമുറ ആവർത്തനത്തെയാണ് ഇന്ത്യക്കായി അവതരിപ്പിക്കുന്നത്. വോൾവോയും ഔഡിയും രണ്ട് ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കും. ഓഗസ്റ്റിൽ വിപണിയിലെത്താൻ പോവുന്ന പുത്തൻ മോഡലുകളെ നമുക്കൊന്ന് പരിചയപ്പെട്ടാലോ?
വോൾവോ C40 റീചാർജ്: ഇന്ത്യയിൽ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് മോഡലിനെ പുറത്തിറക്കാനാണ് വോൾവോ വരുന്ന മാസം ഉപയോഗപ്പെടുത്തുക. XC40 റീചാർജിനോട് വളരെ സാമ്യമുള്ള ഡിസൈനിൽ തന്നെയാവും പുതിയ ഇവിയും വരിക. ചരിഞ്ഞ മേൽക്കൂരയും കുത്തനെ കുത്തനെയുള്ള പിൻ വിൻഡ്‌സ്‌ക്രീനും ഒരു കൂപ്പെ രൂപമാണ് ഒരുക്കുന്നത്. വോൾവോയുടെ CMA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ഇലക്ട്രിക് മോഡലിന് 78kWh ബാറ്ററി പായ്ക്കിൽ ഏകദേശം 530 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

ഔഡി Q8 ഇ-ട്രോൺ: ഓഗസ്റ്റ് 18-ന് Q8 ഇ-ട്രോൺ, Q8 ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിങ്ങനെ രണ്ട് ഇലക്ട്രിക് എസ്‌യുവികൾ പുറത്തിറക്കാൻ പോവുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ഔഡി പ്രഖ്യാപിച്ചത്. വലിയ ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നതാണ് പ്രത്യേകത. വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന ഇവി മോട്ടോറുകൾ 408 bhp കരുത്തിൽ പരമാവധി 664 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാവും.
പുതിയ മെർസിഡീസ് GLC: കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച രണ്ടാം തലമുറ GLC എസ്‌യുവിയെ മെർസിഡീസ് ബെൻസ് ഇന്ത്യ ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിക്കും. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെ എത്തുന്ന ലക്ഷ്വറി കാറിന് വിപണിയിൽ വലിയ ഓളം സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടിനും ജർമൻ ബ്രാൻഡിന്റെ 4മാറ്റിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും. 48V ഹൈബ്രിഡ് സിസ്റ്റവും ഇതിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.

ടൊയോട്ട റൂമിയോൺ: ഇതിനോടകം ഏവരും കേട്ടറിഞ്ഞിട്ടുള്ള മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്‌ജ് മോഡലിനെ ഓഗസ്റ്റിൽ ഇന്ത്യയിൽ പുറത്തിറക്കാൻ പോവുകയാണ് ടൊയോട്ട. കോംപാക്‌ട് എംപിവി സെഗ്മെന്റിലേക്കുള്ള ജാപ്പനീസ് ബ്രാൻഡിന്റെ രണ്ടാംവരവിനെ ഇത് വീണ്ടും അടയാളപ്പെടുത്തും. എല്ലാ ബാഡ്ജ്-എൻജിനീയറിങ് മാരുതി-ടൊയോട്ട മോഡലുകൾ പോലെ തന്നെ രൂപത്തിൽ ചെറിയ മാറ്റം ലഭിക്കുമെങ്കിലും മെക്കാനിക്കലായി ഇത് എർട്ടിഗയ്ക്ക് സമാനമായിരിക്കും.
ഹ്യുണ്ടായി ക്രെറ്റ അഡ്വഞ്ചർ എഡിഷൻ: ക്രെറ്റയ്ക്കും അൽകാസറിനും വേണ്ടി അഡ്വഞ്ചർ എഡിഷൻ എന്ന് വിളിക്കപ്പെടാൻ സാധ്യതയുള്ള ഒരു പ്രത്യേക പതിപ്പിനെ ഹ്യുണ്ടായി പുറത്തിറക്കാൻ തയാറെടുക്കുകയാണ്. ടാറ്റ മോട്ടോർസ് വിജയം കണ്ട അതേ സ്പെഷ്യൽ എഡിഷൻ തന്ത്രമാണ് ദക്ഷിണ കൊറിയൻ ബ്രാൻഡും ഇവിടെ പരീക്ഷിക്കുന്നത്. രണ്ട് എസ്‌യുവികൾക്കും എക്‌സ്‌റ്ററിൽ അരങ്ങേറിയ പുതിയ 'റേഞ്ചർ കാക്കി' കളർ ഓപ്ഷനും അപ്‌ഹോൾസ്റ്ററിയിൽ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും അവതരിപ്പിക്കും.

ടാറ്റ പഞ്ച് സിഎൻജി: ഹ്യുണ്ടായി എക്സ്റ്റർ വന്നതോടെ സെഗ്മെന്റിൽ ആധിപത്യം ഊട്ടിയുറപ്പിക്കാനായി ടാറ്റ മോട്ടോർസ് തങ്ങളുടെ മൈക്രോ എസ്‌യുവിയുടെ സിഎൻജി പതിപ്പിനെ അവതിപ്പിക്കാൻ പോവുകയാണ്. ഈ വർഷം ആദ്യം നടന്ന ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച വാഹനം എന്തായാലും അടുത്ത മാസം വിപണിയിലെത്തും. ടാറ്റയുടെ നാലാമത്തെ സിഎൻജി കാറാണാ പഞ്ച്. എന്നാൽ പുതിയ ട്വിൻ സിലിണ്ടർ ടാങ്കുകൾ ലഭിക്കുന്ന രണ്ടാമത്തെ മോഡലായി എത്തുന്നതാവും പ്രധാന ഹൈലൈറ്റാവുക.
1.2 ലിറ്റർ, ത്രീ സിലിണ്ടർ എഞ്ചിൻ പെട്രോൾ എഞ്ചിനൊപ്പമാവും സിഎൻജിയും എത്തുക. കൂടാതെ 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വാഹനം വാങ്ങാനുമാവും. പെട്രോൾ മോഡിൽ ഇത് 86 bhp പവറിൽ 113 Nm torque ഉൽപ്പാദിപ്പിക്കുമ്പോൾ സിഎൻജിയിൽ ഇത് 77 bhp, 97 Nm torque എന്നിങ്ങനെയാവും നൽകുക. ഹ്യുണ്ടായി എക്‌സ്‌റ്റർ സിഎൻജിയ്‌ക്കെതിരെ പഞ്ച് സിഎൻജി എങ്ങനെ ആധിപത്യം സ്ഥാപിക്കുമെന്ന് വരും ദിവസങ്ങളിൽ കാണാം.


Click it and Unblock the Notifications








