വമ്പൻ മൈലേജും കുറഞ്ഞ വിലയും; പോരിന് ഒരുങ്ങി കുഞ്ഞൻ സിഎൻജി എസ്‌യുവികൾ! ആരാവും കേമൻ?
രാജ്യത്ത് പെട്രോൾ വില സെഞ്ചുറിയടിച്ചിട്ട് കാലം ഇമ്മിണിയായെങ്കിലും പുതിയ വണ്ടി വാങ്ങുന്ന ആളുകളുടെ എണ്ണത്തിലൊന്നും ഒരു കുറവുമുണ്ടായിട്ടില്ല. കൊവിഡിന് ശേഷം ആളുകൾ തങ്ങളുടെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാനാണ് ഇഷ്‌ടപ്പെടുന്നത്. അതിനാൽ പലയാളുകളും കാറുകൾ സ്വന്തമായി വാങ്ങാൻ കൂടുതലായി എത്തുന്നുവെന്ന് വേണം പറയാൻ.
പക്ഷേ ഇന്ധന വില ഉയർന്നു നിൽക്കുന്നത് പലരേയും സംബന്ധിച്ച് ഇരുട്ടടിയാണ്. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 107 രൂപ വരെയാണ് വില. ഇതിന് കാറിൽ പെട്രോൾ അടിച്ചാൽ ലിറ്ററിന് കിട്ടുന്നത് ശരാശരി 12 മുതൽ 16 കിലോമീറ്റർ വരെ മൈലേജ് മാത്രമാണ്. ഇവിടെയാണ് ബദൽ ഇന്ധന മാർഗങ്ങളെ ആളുകൾ തേടുന്നത്. സിഎൻജി കാറുകളുടെ ഡിമാന്റ് കുതിച്ചുയരാനും കാരണം ഇതുതന്നെ. ഒരു കിലോഗ്രാം സിഎൻജിയിൽ 30 കിലോമീറ്റർ ഇന്ധനക്ഷമതയൊക്കെ കിട്ടാറുണ്ട്.

ഈ ആവശ്യം കണക്കിലെടുത്താണ് വരാനിരിക്കുന്ന ഹ്യുണ്ടായിയുടെ പുതുപുത്തൻ എക്സ്റ്റർ സിഎൻജി ഓപ്ഷനോടെ അണിനിരത്താനും തീരുമാനമായിരിക്കുന്നത്. ഒരു വാഹനം വാങ്ങുന്നയാളുടെ പ്രഥമ പരിഗണന ഇന്നും ഇന്ധനക്ഷമത തന്നെയാണ്. ഇതോടൊപ്പം സേഫ്റ്റിയും മുഖ്യ ഘടകമായി വളർന്നുവന്നിട്ടുണ്ടെങ്കിലും മൈലേജിന് തന്നെയാണ് ഇന്ത്യയിൽ ആദ്യ പരിഗണന. എക്സ്റ്ററിനെ ഹരിത ഇന്ധനത്തിൽ പരിചയപ്പെടുത്തുന്നത് ആദ്യ ഘട്ടത്തിൽ സ്വീകാര്യത നേടുമെങ്കിലും മൈക്രോ എസ്‌യുവി സെഗ്മെന്റിലെ മുഖ്യശത്രുവായ പഞ്ചിനെയും ടാറ്റ മോട്ടോർസ് സിഎൻജി അവതാരത്തിൽ പരിചയപ്പെടുത്തിയിട്ടുണ്ട്.
2023 ഓട്ടോ എക്സ്പോയിൽ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുടെ അകമ്പടിയോടെയാണ് ടാറ്റ പഞ്ച് സിഎൻജി പിറവിയെടുത്തത്. നിലവിൽ സിഎൻജി വിഭാഗം മാരുതിയാണ് ഭരിക്കുന്നതെങ്കിലും തുല്യ ശക്തികളായി ഹ്യുണ്ടായിയും ടാറ്റയും രംഗത്തുണ്ട്. പുതിയ മോഡലുകളുടെ വരവോടെ സിഎൻജി കരുത്തുള്ള മൈക്രോ എസ്‌യുവികൾ വാങ്ങാനെത്തുന്നവർക്ക് കൺഫ്യൂഷനടിക്കുമെന്ന കാര്യം ഉറപ്പാണ്. അത്തരക്കാർക്ക് ഏത് എസ്‌യുവിയാണ് മികച്ചത് എന്നറിയാൻ ആഗ്രഹവും കാണും. ആയതിനാൽ വരാനിരിക്കുന്ന പഞ്ച് സിഎൻജി, എക്‌സ്‌റ്റർ സിഎൻജി മോഡലുകൾ തമ്മിലുള്ള താരതമ്യം ഇതാ...

വേരിയന്റുകൾ: ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ മോട്ടോർസ് സിഎൻജി കാറുകൾക്ക് പ്രത്യേക ഊന്നൽ കൊടുത്തിരുന്നു. അതിന്റെ ഭാഗമായി ആൾട്രോസ് ഐ-സിഎൻജി ഉടൻ വിപണിയിലേക്ക് എത്തും. ഇതിനു പിന്നാലെ പഞ്ചിന്റെ ഹരിത ബദലും നിരത്തിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. പ്രീമിയം ഹാച്ചിന് ആറ് വേരിയന്റുകളാണ് കമ്പനി പരിചയപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ പഞ്ച് സിഎൻജിക്കും സമാനമായ ലൈനപ്പ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുവശത്ത് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി EX, EX(O), S, S(O), SX, SX(O), SX(O) കണക്‌ട് എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. പക്ഷേ സിഎൻജി പതിപ്പ് S, SX വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ഇത് ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്, ഓറ കോംപാക്‌ട് സെഡാൻ എന്നിവയിൽ നടപ്പിലാക്കിയ അതേ തന്ത്രമാണ് എക്സ്റ്റർ എസ്‌യുവിയിലും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി നടപ്പിലാക്കുന്നത്.

ഫീച്ചറുകൾ: നിലവിൽ വിൽപ്പനക്ക് എത്തുന്ന പഞ്ചിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവയെല്ലാം ലഭ്യമാണ്. ഇക്കാര്യങ്ങളെല്ലാം തെരഞ്ഞെടുക്കുന്ന വകഭേദങ്ങൾക്ക് അനുസരിച്ച് കാറിലുണ്ടാലവും. പക്ഷേ പഞ്ച് സിഎൻജിക്ക് വോയ്‌സ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ് ഉണ്ടായിരിക്കുമെന്നതാണ് ഹൈലൈറ്റാവുക.
വരാനിരിക്കുന്ന എക്‌സ്‌റ്റർ എസ്‌യുവിയുടെ ഫീച്ചർ സവിശേഷതകളെ കുറിച്ച് വിവരങ്ങളൊന്നും ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സൺറൂഫ് എന്നിവയെല്ലാം മോഡലിലേക്ക് എത്തിയേക്കുമെന്നാണ് വിവരം. ഇതുകൂടാതെ എക്‌സ്‌റ്റർ സിഎൻജിക്ക് ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ഉണ്ടായിരിക്കുമെന്ന വിവരവുമുണ്ട്.

എഞ്ചിനും പെർഫോമൻസും: ട്വിൻ സിലിണ്ടർ സിഎൻജി സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടാറ്റ പഞ്ച് സിഎൻജിയിൽ പ്രവർത്തിക്കുക. ഇത് 72 bhp പവറിൽ പരമാവധി 95 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി എത്തും. എന്നാൽ ഓട്ടോമാറ്റിക്കൊന്നും മൈക്രോ എസ്‌യുവിയുടെ സിഎൻജി പതിപ്പിലുണ്ടാവില്ല.
മറുവശത്ത് ഹ്യുണ്ടായി എക്‌സ്‌റ്ററിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ എസ്‌യുവി ഉപയോഗിക്കും. ബ്രാൻഡിന്റെ മറ്റ് മോഡലുകളായ i10 നിയോസ്, ഓറ എന്നിവയിലും ഇതേ എഞ്ചിൻ കാണാം. സിഎൻജി മോഡിൽ എഞ്ചിൻ 68 bhp പവറിൽ 95 Nm torque ആവും നിർമിക്കുക.

ട്വിൻ സിലിണ്ടർ സിഎൻജി കിറ്റ് പോലെയുള്ള കൂടുതൽ നൂതനമായ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ലഗേജ് ഏരിയയിൽ കൂടുതൽ ഇടം പഞ്ചിലുണ്ടാവും. മറ്റ് സുരക്ഷാ സവിശേഷതകളിൽ ഗ്യാസ് ലീക്ക് ഡിറ്റക്ഷൻ ഫീച്ചർ, തെർമൽ ഇൻസിഡന്റ് പ്രൊട്ടക്ഷൻ, ഇന്ധനം നിറയ്ക്കുമ്പോൾ കാർ സ്വിച്ച് ഓഫ് ആണെന്ന് ഉറപ്പാക്കാൻ മൈക്രോ സ്വിച്ച് എന്നിവ ഉൾപ്പെടുന്നു. മാത്രമല്ല സിഎൻജി മോഡിൽ പഞ്ച് നേരിട്ട് സ്റ്റാർട്ട് ചെയ്യാനും കഴിയും. ഇതെല്ലാം ടാറ്റ കാറിനെ വേറിട്ടു നിർത്തുന്ന കാര്യങ്ങളാണ്.
വില: പഞ്ച് സിഎൻജിക്ക് അതിന്റെ പെട്രോൾ വേരിയന്റുകളേക്കാൾ ഏകദേശം 50,000 രൂപ മുതൽ 70,000 രൂപ വരെയാവും അധികമായി മുടക്കേണ്ടി വരിക. 5.99 ലക്ഷം മുതൽ 9.47 ലക്ഷം വരെയാണ് ഇതിന്റെ പെട്രോൾ പതിപ്പുകളുടെ വില. എക്‌സ്‌റ്റർ സിഎൻജിക്ക് പെട്രോൾ പതിപ്പിനേക്കാൾ 70,000 മുതൽ 90,000 രൂപയോളം അധികം വന്നേക്കാം. പുത്തൻ കാറിന്റെ വില ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏകദേശം 6 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








