ടെസ്‌ലയല്ല, മാരുതി വന്നാലും ടാറ്റ കുലുങ്ങില്ല... പഞ്ച് ഇവി വരുന്നത് 500 കി.മീ റേഞ്ചുമായി
ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. താങ്ങാനാവുന്ന വിലയിൽ ഇവികൾ നമ്മുടെ നിരത്തിലോടാനും കാരണം രത്തൻ ടാറ്റയുടെ ഈ കമ്പനി തന്നെയാണ്. നെക്സോൺ ഇവിയിൽ തുടങ്ങിയ വിജയഗാഥ ടിയാഗോ ഇവി വരെ വന്നുനിൽക്കുകയാണ്.
ഇന്ന് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിർമാതാക്കളായി ബ്രാൻഡ് മാറാനുള്ള കാരണം അന്വേഷിച്ച് തലപുണ്ണാക്കേണ്ട കാര്യമൊന്നുമില്ല. ജനസമ്മതരായ മോഡലുകളെ വൈദ്യുത കരുത്തിലേക്ക് മാറ്റിയ തന്ത്രം തന്നെയാണ് ഇതിനു പിന്നിലുള്ള കാരണം. ഏതു മോഡൽ പുറത്തിറക്കായാലും ഹിറ്റടിക്കാൻ പാകമാക്കിയാവും ബ്രാൻഡ് വാഹനങ്ങളെ ഒരുക്കുക. സേഫ്റ്റിയിലൂടെയാണ് ആളുകളെ ആദ്യം അടുപ്പിച്ചതെങ്കിൽ ഇന്ന് ഡിസൈനിലും ഫീച്ചറുകളിലും വരെ ടാറ്റ ആധുനിരവത്ക്കരണം നടപ്പിലാക്കി കഴിഞ്ഞു.

കഴിഞ്ഞ നാളുകളിൽ നെക്സോൺ, ഹാരിയർ, സഫാരി എന്നീ എസ്‌യുവികളുടെ മുഖംമിനുക്കിയ പതിപ്പുകൾ പുറത്തിറക്കിയ ടാറ്റ മോട്ടോർസ് ഇപ്പോൾ പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ നിർമാതാക്കളായ ടാറ്റയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കൾ. ഭാവിയിൽ മാരുതി സുസുക്കിയെല്ലാം ഇവി വിപ്ലവത്തിലേക്ക് ചുവടുവെക്കുന്നതിനു മുന്നോടിയായി തന്നെ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനുള്ള പുറപ്പാടിലാണിപ്പോൾ.
നെക്സോൺ ഇവി, ടിഗോർ ഇവി, ടിയാഗോ ഇവി എന്നിവയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ആയതിനാൽ ഈ ശ്രേണിയുടെ വിപുലീകരണം കമ്പനിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ടാറ്റ മോട്ടോർസ് പഞ്ച് ഇവിയും കർവ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള പ്രൊഡക്ഷൻ മിഡ്-സൈസ് ഇലക്ട്രിക് എസ്‌യുവിയും അവതരിപ്പിക്കാനാണ് ഇപ്പോൾ തയാറെടുക്കുന്നത്.

ഇതിനു ശേഷം ഈ വർഷമാദ്യം 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹാരിയർ ഇവിയും വിപണിയിൽ അവതരിപ്പിക്കപ്പെടും. പാസഞ്ചർ ഇവി സ്‌പെയ്‌സിൽ 80 ശതമാനത്തിലധികം വിപണി വിഹിതമാണ് ഇപ്പോൾ ടാറ്റ മോട്ടോർസിനുള്ളത്. അത് മന്ദഗതിയിലാകുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. എന്നാൽ ബജറ്റ് ഫ്രണ്ട്ലിയായ പഞ്ച് ഇവി കൂടിയെത്തുമ്പോൾ സംഭവം ആകെ കളറാവും. ഇപ്പോഴുള്ള ഇവികളേക്കാൾ അധികം റേഞ്ച് വാഗ്‌ദാനം ചെയ്‌തുകൊണ്ടാവും മൈക്രോ എസ്‌യുവി വൈദ്യുതവത്ക്കരിക്കുക.
വരാനിരിക്കുന്ന പഞ്ച് ഇവി, ഹാരിയർ ഇവി, കർവ് ഇവി എന്നിവയ്ക്ക് ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റിയുടെയും മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ പുതുക്കിയെത്തിയ നെക്‌സോൺ ഇവിയുടെ റേഞ്ച് 12 കിലോമീറ്റർ വരെ ഉയർത്തി ഈ നേട്ടത്തിനടുത്ത് കമ്പനി എത്തിയിരുന്നു.

വളർന്നുവരുന്ന ഇലക്ട്രിക് വാഹന രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും റേഞ്ച് ഉത്കണ്ഠ എല്ലായ്പ്പോഴും ഒരു നിർണായക പ്രശ്‌നമാണ്. കൂടാതെ ഇന്ത്യയിലെ ചാർജിംഗ് പോലുള്ള അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്‌മകളും വരും കാലങ്ങളിൽ പരിഹരിക്കപ്പെടേണ്ടതുണ്ട്. കമ്പനി വാഗ്ദാനം ചെയ്യുന്ന ഇവികളുടെ റേഞ്ച് വർധിപ്പിക്കുന്നതിനും "ജനറേഷൻ 1 പ്ലാറ്റ്‌ഫോമിൽ നിന്ന് ജനറേഷൻ 2 പ്ലാറ്റ്‌ഫോമിലേക്ക് വാഹനങ്ങളുടെ തരം മാറ്റുന്നതിനും" ബാറ്ററിയുടെ വിലയിലെ കുറവ് പ്രയോജനപ്പെടുത്താനാണ് ടാറ്റ ശ്രമിക്കുന്നതെന്ന് ചന്ദ്ര അഭിപ്രായപ്പെട്ടു.
ഉയർന്ന ഡ്രൈവിംഗ് റേഞ്ചുള്ള പാസഞ്ചർ ഇലക്ട്രിക് കാറുകളും എസ്‌യുവികളും മുന്നോട്ട് കൊണ്ടുവരാൻ ടാറ്റ ഒരു പുതിയ ദ്വിമുഖ തന്ത്രം ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് വിശാലമായ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. ഉയർന്ന റേഞ്ച് ഉൾക്കൊള്ളാൻ ബാറ്ററി പായ്ക്ക് ഊർജ്ജം കൂടുതൽ ഉപയോഗിക്കും. ഇന്ത്യൻ വാഹന രംഗം വലിയ വിപ്ലവത്തിന്റെ വക്കിലാണ്. കൂടുതൽ ബ്രാൻഡുകൾ ഇവി സെഗ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മത്സരിക്കുകയാണിപ്പോൾ.

എന്തായാലും ടിയാഗോ ഇവി കൊണ്ടുവന്ന ഓളം വരാനിരിക്കുന്ന പഞ്ച് ഇവി വേറൊരു തലത്തിലെത്തിക്കുമെന്ന് ഉറപ്പാണ്. മൈക്രോ എസ്‌യുവിയുടെ പെട്രോൾ പതിപ്പിന് ലഭിച്ച സ്വീകാര്യത നാം കണ്ടതാണ്. 500 കിലോമീറ്ററിലധികം റേഞ്ച് കൂടി ചേരുമ്പോൾ പഞ്ച് ഇലക്ട്രിക് ഹിറ്റാവുമെന്ന് ഇപ്പോഴേ പ്രവചിക്കാനാവും. ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് എസ്‌യുവി തേടുന്ന സിറ്റി, അർബൻ ഉപഭോക്താക്കളെ ടാറ്റക്ക് തങ്ങളുടെ ഷോറൂമിലെത്തിക്കാന്‍ കഴിയും.


Click it and Unblock the Notifications