ലക്ഷ്യം ഹ്യുണ്ടായി തന്നെ, പഞ്ച് സിഎൻജിയിലെ ഫീച്ചറുകൾ കണ്ടാൽ ആരും പറയും വൗ
പെട്രോളിന് വില കൂടിയതോടെ ആളുകൾ കൂടുതലായും ഇലക്‌ട്രിക്കിലേക്കും സിഎൻജിയിലേക്കുമൊക്കെ ചേക്കേറാൻ തുടങ്ങിയിരുന്നു. ഇന്ന് ഒരു വാഹനം വാങ്ങണമെങ്കിൽ ആദ്യം പരിഗണിക്കുക ഇവികളായിരിക്കും. എന്നാൽ അതിലേക്ക് മുതൽമുടക്കുന്ന വലിയ തുകയെ കുറിച്ചോർക്കുമ്പോൾ ആളുകൾ പതിയെ സിഎൻജിയെ പരിഗണിക്കാൻ തുടങ്ങും. കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്.
ഇവിടെയാണ് സിഎൻജി വാഹനങ്ങളുടെ പ്രാധാന്യം വരുന്നത്. എന്നാൽ ഇത്രയും കാലം സിഎൻജിയും വേണ്ട എന്നുവെക്കാനുള്ള പ്രധാന കാരണം ബൂട്ട് സ്പേസിന്റെ അഭാവമാണ്. സിഎൻജി ടാങ്കുകൾ വരുന്നതിനാൽ ലോംഗ് ട്രിപ്പുകൾക്ക് ലേഗേജ് കൊണ്ടുപോവാനോ ഒന്നും ഇത്തരം വാഹനങ്ങൾ പ്രായോഗികമല്ലായിരുന്നു. ഇത് ഒരു വിഭാഗം ആളുകളെ അകറ്റി നിർത്തുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനൊരു പരിഹരവുമായി എത്തിയത് ടാറ്റയാണ്.

അധികം സ്പേസ് കവരാതെ സാധനങ്ങൾ കൊണ്ടുപോവാൻ കമ്പനി ഒരു വഴി കണ്ടുപിടിക്കുകയുണ്ടായി. അതാണ് ടാറ്റ മോട്ടോർസിന്റെ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ. ബുട്ടിനടിയിൽ രണ്ട് 30 ലിറ്റർ സിലിണ്ടറുകൾ സജ്ജീകരിച്ച് ബൂട്ട്സ്പേസ് ലാഭിക്കുന്ന ഈ ടെക്നോളജി വൻ ഹിറ്റായി മാറുകയുണ്ടായി. ആദ്യം ആൾട്രോസ് സിഎൻജിയിലാണ് ഈ സംവിധാനം വന്നതെങ്കിൽ ഇപ്പോഴിതാ ടാറ്റ പഞ്ചും അവതരിപ്പിച്ചിരിക്കുകയാണ്. പുതുതായി പുറത്തിറക്കിയ മൈക്രോ എസ്‌യുവിയുടെ സിഎൻജി വേരിയന്റാണ് ട്വിൻ സിലിണ്ടർ ടെക്കുമായി എത്തിയിരിക്കുന്നത്.
7.10 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന ടാറ്റ പഞ്ച് സിഎൻജി വിപണിയിൽ ഹ്യുണ്ടായി എക്സ്റ്ററുമായാണ് നേരിട്ട് മത്സരിക്കുന്നത്. ദക്ഷിണ കൊറിയൻ മോഡലിനേക്കാൾ താങ്ങാനാവുന്ന വിലയിലാണ് പഞ്ച് എത്തുന്നത് എന്നതും ഹിറ്റടിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. സ്റ്റാൻഡേർഡ് പെട്രോൾ വേരിയന്റുകളേക്കാൾ അധിക ഫീച്ചറുകളോടെ അഞ്ച് വേരിയന്റുകളിലാണ് സിഎൻജി മൈക്രോ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. മോഡലിന്റെ വേരിയന്റ് തിരിച്ചുള്ള സവിശേഷതകൾ നോക്കിയാലോ?

7.10 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ലഭ്യമാവുന്ന ടാറ്റ പഞ്ച് പ്യുവർ സിഎൻജി വേരിയന്റിന് ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻ പാർക്കിംഗ് സെൻസർ, ISOFIX ചൈൽഡ് സീറ്റ്, സെൻട്രൽ ലോക്കിംഗ് കീ, ബ്രേക്ക് സ്വേ കൺട്രോൾ, ഫ്രണ്ട് പവർ വിൻഡോകൾ, ടിൽറ്റ് സ്റ്റിയറിംഗ്, 90-ഡിഗ്രി ഡോർ ഓപ്പണിംഗ്, റിയർ ഫ്ലാറ്റ് ഫ്ലോർ, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഡോർ, വീൽ, ആർച്ച്, സിൽ ക്ലാഡിംഗ് തുടങ്ങിയ ഫീച്ചറുകളാണ് ലഭിക്കുന്നത്.
7.85 ലക്ഷം രൂപയ്ക്ക് എത്തുന്ന പഞ്ച് അഡ്വഞ്ചർ സിഎൻജിക്ക് ബേസ് വേരിയന്റിൽ ലഭിക്കുന്നവയ്ക്ക് പുറമെ 3.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, സ്റ്റിയറിംഗ് മൌണ്ടഡ് കൺട്രോളുകൾ, USB ചാർജിംഗ് പോർട്ട്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ ORVM-കൾ, ഓ8 പവർ വിൻഡോകൾ, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, ആന്റി-ഗ്ലെയർ IRVM, ഫ്ലിപ്പ് കീ ഉപയോഗിച്ച് സെൻട്രൽ റിമോട്ട് ലോക്കിംഗ്, ഫുൾ വീൽ കവറുകൾ, ബോഡി കളറുള്ള ORVM പോലുള്ള സവിശേഷതകളും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

8.20 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് വരുന്ന ടാറ്റ പഞ്ച് അഡ്വഞ്ചർ റിഥം സിഎൻജി വേരിയന്റ് രണ്ടാമത്തെ സിഎൻജി വകഭേദത്തേക്കാൾ കുറച്ചുകൂടി ഫീച്ചർ റിച്ചാണെന്ന് പറയാം. അഡ്വഞ്ചർ പതിപ്പിൽ ലഭിക്കുന്ന സംവിധാനങ്ങൾക്ക് പുറമെ ഇതിൽ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, രണ്ട് ട്വീറ്ററുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ പോലുള്ള ഫീച്ചറുകളാണ് ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നത്.
8.85 ലക്ഷം രൂപ വരുന്ന ടാറ്റ പഞ്ച് അക്കംപ്ലീഷ്‌ഡ് സിഎൻജി വേരിയന്റിൽ മുകളിലുള്ള വേരിയന്റിലുള്ളവയ്ക്ക് പുറമെ അധികമായി എൽഇഡി ടെയിൽ ലാമ്പുകൾ, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, 15 ഇഞ്ച് വീലുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, വൺടച്ച് ഡൗൺ ഡോർ വിൻഡോ, ഹൈറ്റ് അഡ്‌ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഫ്രണ്ട് ടൈപ്പ് A, C യുഎസ്ബി പോർട്ടുകൾ, സെന്റർ ടൈപ്പ് A USB, ഫ്രണ്ട് സീറ്റ് ആംറെസ്റ്റ് പോലുള്ള അധിക സവിശേഷതകളും ലഭിക്കും.

9.68 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ടാറ്റ പഞ്ച് അക്കംപ്ലീഷ്‌ഡ് ഡാസിൽ S സിഎൻജി ടോപ്പ് എൻഡ് വേരിയന്റിലേക്ക് നോക്കിയാൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വോയ്‌സ് കമാൻഡുകളോടെ വരുന്ന ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സൺറൂഫ്, റൂഫ് റെയിലുകൾ, ഷാർക്ക് ഫിൻ ആന്റിന പോലുള്ളവയാണ് ലഭ്യമാവുക.
ഇങ്ങനെ ഹ്യുണ്ടായി എക്സ്റ്റർ സിഎൻജിക്ക് എതിരെ പോരാടാനുള്ള കിടിലൻ ഫീച്ചറുകളുമായാണ് ടാറ്റ പഞ്ച് സിഎൻജി വിപണിയിലേക്ക് എത്തുന്നത്. എങ്കിലും ചില ആധുനിക ഫീച്ചറുകളുടെ കാര്യത്തിൽ ദക്ഷിണ കൊറിയൻ ബ്രാൻഡിന് അൽപം മുൻതുക്കമുണ്ടെന്നും വേണമെങ്കിൽ പറയാം. ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയ്ക്ക് ശേഷം ടാറ്റയുടെ സിഎൻജി നിരയിലെ നാലാമത്തെ മോഡലാണ് പഞ്ച്. അതിനാൽ ഹിറ്റാവാനുള്ള എല്ലാ ചേരുവകളും മോഡലിൽ ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








