പഞ്ചറായാൽ ഇനി റോഡിൽ കിടക്കും, കാറുകളിൽ നിന്നും ഈ സംഗതി ഒഴിവാക്കാൻ ടാറ്റയുടെ തീരുമാനം
ഇന്ത്യയിൽ സേഫ്റ്റിയെന്ന ഒരൊറ്റ കാര്യത്തിലൂടെ ആളുകളെ കൈയിലെടുത്ത വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. പിന്നീട് അത്യുഗ്രൻ എഞ്ചിനും ഫീച്ചറുകളും ഡിസൈനിലെ മികവും എല്ലാമായി ടാറ്റ കാറുകൾ നിരത്തുകളാൽ നിറഞ്ഞു. എന്നും ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ വാഹനങ്ങളിൽ നൽകാനും കമ്പനി പ്രത്യേകം ശ്രദ്ധകൊടുക്കാറുണ്ട്.
അത്തരത്തിലൊരു സംഗതിയായിരുന്നു പഞ്ചർ റിപ്പയർ കിറ്റ്. ടിയാഗോ, ടിഗോർ, പഞ്ച്, ആൾട്രോസ് തുടങ്ങിയ തെരഞ്ഞെടുത്ത മോഡലുകളുടെ എല്ലാ വേരിയന്റുകളിലും ടാറ്റ ഈ ഉപകാരപ്രദമായ കാര്യം വാഗ്‌ദാനം ചെയ്‌തിരുന്നു. വാഹനങ്ങൾ പഞ്ചറായി വഴിയിലാവാതിരിക്കാൻ ഒരു അധിക സുരക്ഷാ വലയമായി പ്രവർത്തിച്ചിരുന്ന ഉപകാരപ്രദമായ ഫീച്ചർ ഇനി മുതൽ ടാറ്റ കാറുകളിൽ ഉണ്ടാവില്ലെന്നാണ് ലഭിക്കുന്ന വിവരം.

2023 നവംബർ 01 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരികയും ചെയ്‌തിട്ടുണ്ട്. നേരത്തെ ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ നിന്ന് പഞ്ചർ റിപ്പയർ കിറ്റ് പിൻവലിച്ചിരുന്നു. ഇപ്പോൾ പഞ്ചിൽ നിന്നും ടാറ്റ ഒഴിവാക്കിയതായാണ് വിവരം. പക്ഷേ അധിക പൈസ മുടക്കിയാൽ സംഭവം ആക്‌സസറിയായി വാങ്ങാനാവും കേട്ടോ. പക്ഷേ ഇവിടെയും ഒരു ട്വിസ്റ്റുണ്ട് ഡീലർ തലത്തിൽ കിറ്റ് ആക്‌സസറിയായി നൽകുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
പഞ്ചർ റിപ്പയർ കിറ്റിന്റെ ആവശ്യകത അനുഭവപ്പെടുന്ന ഉപഭോക്താക്കളുടെ പോക്കറ്റിൽ നിന്നും ഏകദേശം 1,500 രൂപ മുതൽ 3,000 രൂപ വരെ മുടക്കേണ്ടി വന്നേക്കും. സംഭവം വാങ്ങിവെച്ചാൽ വളരെ ഉപയോഗപ്രദമാകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതിനാൽ പൈസ പോവുമെന്ന കാര്യത്തിൽ പേടിയൊന്നും വേണ്ട. ടാറ്റ പഞ്ചർ റിപ്പയർ കിറ്റ് വാഹനങ്ങളിൽ നൽകാൻ തുടങ്ങിയ തീരുമാനം വ്യാപകമായി അഭിനന്ദനം നേടിയിരുന്നു.

ഇതോടൊപ്പം തന്നെ പഞ്ചർ റിപ്പയർ കിറ്റുള്ള എല്ലാ മോഡലുകൾക്കും ടാറ്റ സ്പെയർ ടയർ നൽകുന്നതും തുടർന്നിരുന്നു. തെരഞ്ഞെടുത്ത കാറുകളിൽ നിന്ന് ഇപ്പോൾ പഞ്ചർ റിപ്പയർ കിറ്റ് നിർത്തലാക്കിയത് ആശ്ചര്യകരമായ തീരുമാനമാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കാരണമെന്തെന്ന് ഇപ്പോൾ വ്യക്തവുമല്ല. ഒരുപക്ഷേ, ഇത് ചെലവ് ചുരുക്കൽ നടപടിയായേക്കാമെന്നാണ് വിലയിരുത്തൽ.
ടാറ്റയുടെ പഞ്ചർ റിപ്പയർ കിറ്റിൽ കാറിന്റെ 12v സോക്കറ്റ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഒരു ഇലക്ട്രിക് ഇൻഫ്ലേറ്ററും ഉൾപ്പെട്ടിരുന്നു, ഇൻഫ്ലേറ്ററിന്റെ സഹായത്തോടെ ടയറിനുള്ളിൽ കുത്തിവയ്ക്കാൻ കഴിയുന്ന പഞ്ചർ സീലിംഗ് ലിക്വിഡും കിറ്റിലുണ്ട്. അങ്ങനെ ഈ കിറ്റ് ഉപയോഗിക്കാൻ വളരെ എളുപ്പവും സൌകര്യപ്രദവുമായിരുന്നുവെന്ന് വേണം പറയാൻ. പക്ഷേ പലരും ടയറിൽ ലിക്വിഡ് ഇഞ്ചക്‌ട് ചെയ്യുന്ന ഭാഗം വളരെ പണിപ്പെട്ടതാണെന്ന ഫീഡ്ബാക്കും കമ്പനിക്ക് നൽകിയിരുന്നു.

മാത്രമല്ല, റിപ്പയർ ചാർജുകൾ സാധാരണയായി താങ്ങാനാവുന്നവയായതിനാൽ ആരും ഇതിനായി മെനക്കെടാനും പോവാറില്ലായിരുന്നു. അങ്ങനെ മൊത്തത്തിൽ കൂടുതൽ ആളുകളും പഞ്ചറും ടയറുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം ലോക്കൽ ടയർ ഷോപ്പുകളിലേക്ക് വണ്ടിയെത്തിക്കുകയായിരുന്നു പതിവ്. യഥാർഥ സാഹചര്യങ്ങളിൽ പഞ്ചർ റിപ്പയർ കിറ്റ് എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്താനും പ്രയാസമാണ്.
എന്തായാലും പഞ്ചർ റിപ്പയർ കിറ്റ് നിർത്തലാക്കാനുള്ള ടാറ്റയുടെ തീരുമാനം ബാധിച്ച മോഡലുകളുടെ വിൽപ്പനയെ ബാധിക്കാൻ സാധ്യതയില്ല. ഉപയോഗിക്കില്ലെങ്കിലും അധികമായി ലഭിക്കുന്ന ഇത്തരം സേഫ്റ്റി ആക്‌സസറികൾ നിർത്തലാക്കുന്നത് ആളുകളിൽ അൽപം നിരാശയുളവാക്കിയേക്കാം. നിലവിൽ വിൽപ്പനയുടെ കാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്.
ഹ്യുണ്ടായിയെ വീഴ്ത്തി രണ്ടാമനാവാൻ ടാറ്റ മോട്ടോർസ് നവംബർ മാസത്തേക്കായി പ്രത്യേക ദീപാവലി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ എൻട്രി ലെവൽ മോഡലുകളായ ടിയാഗോയിലും ടിഗോറിലും മുതലാണ് ആനുകൂല്യങ്ങൾ ആരംഭിക്കുന്നത്. ഇത് ആൾട്രോസിലേക്കും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയർ, സഫാരി മോഡലുകളിലും ഉപയോഗപ്പെടുത്താനാവും. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയുള്ള കിടിലൻ ഓഫറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.


Click it and Unblock the Notifications








