5-സ്റ്റാർ ടാറ്റ; ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാറുകളായി 'ഇരുവർ'
ഇന്ത്യൻ വാഹന വിപണിയുടെ മുഖഛായ തന്നെ മാറ്റിയ സംഭവമാണ് സേഫ്റ്റി. പണ്ട് മൈലേജ് മാത്രം നോക്കി മാരുതി കാറുകൾക്ക് പിന്നാലെ പാഞ്ഞ ജനതയെ എന്താണ് സുരക്ഷയെന്ന് പഠിപ്പിച്ചതും മനസിലാക്കി തന്നതും ടാറ്റ മോട്ടോർസ് ആണെന്ന് വേണം പറയാൻ. പുറത്തിറക്കുന്ന എല്ലാ കാറുകളിലും അത്യുഗ്രൻ സുരക്ഷയൊരുക്കിയാണ് ടാറ്റ ഇന്നുകാണുന്ന നിലയിലേക്ക് എത്തിയത്. എൻട്രി ലെവൽ കാറായ ടിയാഗോ മുതൽ നീളുന്നനിര ഇതിനുള്ള ഉദാഹരണങ്ങളാണ്.
പിന്നെ രാജ്യത്തിറങ്ങുന്ന എല്ലാ കാറുകളുടെയും സുരക്ഷ ഉറപ്പാക്കാനായി കേന്ദ്ര സർക്കാരും കാര്യമായ പ്രയത്നമാണ് നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ വമ്പന്‍ മാറ്റങ്ങള്‍ കൊണ്ടുവരാൻ ഈ വര്‍ഷം ഓഗസ്റ്റില്‍ തദ്ദേശീയ ക്രാഷ് ടെസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിക്കുകയും ചെയ്‌തു. ഭാരത് NCAP എന്നറിയപ്പെടുന്ന ഇടിപ്പരീക്ഷയെ കുറിച്ച് ഇതിനോടകം പലരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

നേരത്തെ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റായിരുന്നു ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ സേഫ്റ്റി റേറ്റിംഗ് നിശ്ചയിച്ചിരുന്നത്. ഭാരത് NCAP തുടക്കം കുറിച്ചതോടെ നമ്മുടെ രാജ്യത്ത് വിൽക്കുന്ന എല്ലാ കാറുകളും ഈ പരീക്ഷക്ക് ഇനി വിധേയമാവും. മേരിക്ക, ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം തദ്ദേശീയമായി കാര്‍ ക്രാഷ് ടെസ്റ്റ് സൗകര്യമുള്ള ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഭാരത് NCAP ക്രാഷ് ടെസ്റ്റിന് ആദ്യ സെറ്റ് വാഹനങ്ങൾ വിധേയമായിരിക്കയാണ്.
കേന്ദ്ര സർക്കാരിന്റെ ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിൽ (BNCAP) നിന്നുള്ള ആദ്യത്തെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു, ഭാരത് NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യത്തെ വാഹനങ്ങളായി ടാറ്റ സഫാരിയും ഹാരിയർ എസ്‌യുവിയും പേരെടുത്തിരിക്കുകയാണ്. നേരത്തെ ഗ്ലോബൽ NCAP പരീക്ഷയിലും 5-സ്റ്റാർ റേറ്റിംഗുമായി ഈ ചേട്ടനും അനിയനും തിളങ്ങിയിരുന്നു. ഹാരിയറും സഫാരിയും അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങൾക്ക് വിധേയമായിരുന്നു.

ഇതിൽ മെക്കാനിക്കൽ, കോസ്മെറ്റിക് അപ്‌ഗ്രേഡുകളോടെയാണ് വണ്ടികൾ നിരത്തിലെത്തിയത്. ടാറ്റ ഹാരിയറിനും സഫാരിക്കും മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 30.08 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.54 പോയിന്റും ലഭിച്ചു. എസ്‌യുവികളിൽ ഏഴ് എയർബാഗുകൾ ഘടിപ്പിച്ചിട്ടുണ്ട്. അതിൽ ആറ് എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.
ഇതോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഒപ്പം ആങ്കർ പ്രിറ്റെൻഷനർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിട്രാക്ടർ, പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ എന്നീ സേഫ്റ്റി ഫീച്ചറുകളും സ്റ്റാൻഡേർഡായി തന്നെയാണ് സഫാരിയിലും ഹാരിയറിലും ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.

ക്രാഷ് ടെസ്റ്റിൽ സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ എസ്‌യുവികൾ മികച്ച സ്‌കോർ നേടിയപ്പോൾ, ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ നെഞ്ച് മേഖലയ്ക്കുള്ള സംരക്ഷണം അനുയോജ്യത്തേക്കാൾ കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി മേഖലകളിലെല്ലാം ഇരു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കും തിളങ്ങാനായെന്നത് ഏറെ ശ്രദ്ധേയമാണ്.
ഇനി ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഭാരത് NCAP എന്നത് ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി ലഭ്യമായ ക്രാഷ് ടെസ്റ്റിംഗ് കാറുകൾക്കായുള്ള ഒരു സ്റ്റാർ റേറ്റിംഗ് സംവിധാനമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ ഇത് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അപകടങ്ങളിൽ നൽകുന്ന സുരക്ഷയെ ആശ്രയിച്ച് വാഹനങ്ങളെ പൂജ്യത്തിൽ നിന്ന് അഞ്ച് വരെ റേറ്റുചെയ്യും.

ടെസ്റ്റ് വാഹനം ഒന്നിലധികം വശങ്ങളിൽ നിന്ന് ക്രാഷുകൾക്ക് വിധേയമാക്കുന്നത് പരിശോധനയിൽ ഉൾപ്പെടുന്നു. ഇടിപ്പരീക്ഷക്കായി വാഹന നിർമാതാക്കൾ സ്വമേധയാ ആണ് കാറുകൾ ക്രാഷ് ടെസ്റ്റിന് അയയ്‌ക്കുന്നത്. ഇതുവരെ, മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, ടാറ്റ മോട്ടോർസ് പോലുള്ള ബ്രാൻുകൾ അവരുടെ നിരവധി മോഡലുകൾ പരീക്ഷണത്തിനായി അയച്ചിട്ടുണ്ട്. ഇവയുടെ ഫലങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് അറിയാൻ കഴിയുന്നത്.


Click it and Unblock the Notifications








