കൂടുതൽ ആളെക്കയറ്റാം, പക്ഷേ 7 സീറ്ററിൽ കേമൻ പുത്തൻ സഫാരിയോ അതോ സ്കോർപിയോയോ?
കൊവിഡിന് ശേഷം 7 സീറ്റർ വാഹനങ്ങളുടെ ഡിമാന്റിൽ വൻ കുതിപ്പാണ് ഇന്ത്യയിൽ ഉണ്ടായിരിക്കുന്നത്. ഒരു കുടുംബത്തിലെ എല്ലാവർക്കും അല്ലെങ്കിൽ കൂട്ടുകാരുമൊത്തുള്ള ലോംഗ് ട്രിപ്പുകൾക്കുമെല്ലാം ഒന്നിച്ച് യാത്ര ചെയ്യാമെന്നതാണ് ഇത്തരം വാഹനങ്ങളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. നേരത്തെ എംപിവി മോഡലുകളായിരുന്നു ഇത്തരം ആവശ്യങ്ങൾക്കായി കൂടുതലായും ഉപയോഗിച്ചിരുന്നത്.
എന്നാൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ ട്രെൻഡിംഗായതോടെ 7 സീറ്റർ എസ്‌യുവികളുടെ വരവിനും ഇന്ത്യ സാക്ഷ്യംവഹിച്ചു. ടാറ്റ സഫാരിയുടെ തിരിച്ചുവരവും മഹീന്ദ്ര സ്കോർപിയോയുടെ രണ്ടാംതലമുറ ആവർത്തനവുമെല്ലാം കൊവിഡാനന്തരം വിപണിയിലെത്തിയവരാണ്. സെഗ്മെന്റിൽ ഹ്യുണ്ടായി അൽകസാർ, എംജി ഹെക്‌ടർ പ്ലസ് പോലുള്ള മറ്റ് വമ്പൻമാരുമുണ്ടെങ്കിലും പലരുടേയും ആദ്യ ചോയ്‌സ് ടാറ്റയും മഹീന്ദ്രയും തന്നെയാവും.

ഈ മാസം ആദ്യമാണ് സഫാരി ഫെയ്‌സ്‌ലിഫ്റ്റിനെ കിടിലൻ മാറ്റങ്ങളോടെ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പ്രീമിയം എസ്‌യുവിയുടെ പുതുക്കിയ ആവർത്തനത്തിൽ വൈവിധ്യമാർന്ന ഡിസൈൻ മാറ്റങ്ങളും പുത്തൻ ഫീച്ചറുകളും നവീകരിച്ച എഞ്ചിനുമാണ് ഉൾപ്പെടുന്നത്. ഈ ഫെയ്‌സ്‌ലിഫ്റ്റ് ആവർത്തനത്തിലൂടെ കമ്പനി സെഗ്‌മെന്റിലെ മുഖ്യ എതിരാളിയായ മഹീന്ദ്ര സ്കോർപിയോ N മോഡലിനെ മറികടക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രീമിയം എസ്‌യുവി സെഗ്‌മെന്റിൽ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ ആകർഷണം വർധിപ്പിച്ചുവെന്നതിൽ തർക്കമൊന്നുമില്ല. പക്ഷേ ഇവ എസ്‌യുവികളുടെ ബിഗ് ഡാഡി എന്നറിയപ്പെടുന്ന സ്കോർപിയോ N പതിപ്പിനെ മറികടക്കാൻ പ്രാപ്‌തമാണോ എന്നറിയേണ്ടേ. പുതുക്കിയ ടാറ്റ സഫാരിയുടെ വരവോടെ, രണ്ട് സ്വദേശി വാഹന നിർമാതാക്കൾ തമ്മിലുള്ള മത്സരം വീണ്ടും ഊർജ്ജസ്വലമായിട്ടുണ്ട്. നിങ്ങളൊരു 7 സീറ്റർ എസ്‌യുവി വാങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ ഇവരിൽ ആരാകും കേമൻ എന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
വില: ഇന്ത്യയിൽ ഒരു വാഹനം വാങ്ങുന്ന ആളുടെ ഏറ്റവും പ്രഥമ പരിഗണന വില നിർണയം തന്നെയായിരിക്കുമല്ലോ. ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്ക് ഇന്ത്യയിൽ 16.19 ലക്ഷം മുതൽ 25.49 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അതേസമയം മഹീന്ദ്ര സ്‌കോർപിയോ N മോഡലിന് 13.26 ലക്ഷം മുതൽ 24.54 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. ഇതിനർഥം മഹീന്ദ്ര എസ്‌യുവി അതിന്റെ എതിരാളിയായ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിനേക്കാൾ കുറഞ്ഞ ബജറ്റിൽ സ്വന്തമാക്കാനാവും എന്നാണ്.
വലിപ്പം: മൂന്നുവരി എസ്‌യുവി സെഗ്മെന്റിൽ സ്പേസ് ഒരു നിർണായക ഘടകം തന്നെയാണെന്ന് പറയാതെ വയ്യ. കൂടുതൽ ആളുകൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ ഇക്കാര്യം പരിഗണിക്കാതെ തരമില്ലതാനും. പുതിയ ടാറ്റ സഫാരിക്ക് 4,688 mm നീളവും 1,922 mm വീതിയും 1,795 mm ഉയരവും 2,741 mm വീൽബേസുമാണുള്ളത്.

മറുവശത്ത് മഹീന്ദ്ര സ്കോർപിയോയ്ക്ക് 4,662 mm നീളവും 1,917 mm വീതിയും 1,857 mm ഉയരവും 2,750 mm വീൽബേസും ഉണ്ട്. ടാറ്റ സഫാരി സ്‌കോർപിയോ N പതിപ്പിനേക്കാൾ നീളവും വീതിയും ഉള്ളതാണ്. എന്നിരുന്നാലും ഉയരവും വീൽബേസും കൂടുതൽ സ്കോർപിയോ എസ്‌യുവിക്കാണെന്നത് പ്രത്യേകം പറയാം. ആയതിനാൽ വലിപ്പത്തിന്റെ കാര്യത്തിൽ അവനവന്റെ അഭിരുചിക്കനുസരിച്ച് കാര്യമായ പഠനങ്ങൾക്ക് ശേഷം ഒരു മോഡൽ തെരഞ്ഞെടുക്കുന്നതാവും ഉചിതം.
എഞ്ചിൻ: പ്രീ-ഫെസ്‌ലിഫ്റ്റ് മോഡലിൽ പ്രവർത്തിച്ചിരുന്ന അതേ 2.0 ലിറ്റർ ക്രിയോടെക് ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിലും തുടിക്കുന്നത്. എന്നിരുന്നാലും ഈ എഞ്ചിൻ ബിഎസ്-VI ഫേസ്-2 എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നവീകരിച്ചിട്ടുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ വരുന്ന യൂണിറ്റിന് 168 bhp പവറിൽ പരമാവധി 350 Nm torque വരെ നൽകാനാവും.

മറുവശത്ത് സ്കോർപിയോ N പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമായതിനാൽ ഇക്കാര്യത്തിൽ വിജയം മഹീന്ദ്രയ്ക്ക് തന്നെയാണ്. ഇനി പെട്രോളിനെ ഒഴിവാക്കി താരതമ്യം ചെയ്‌താൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെ വരുന്ന 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിൻ മോഡലിന് 172 bhp കരുത്തിൽ 370 Nm torque ഉത്പാദിപ്പിക്കാനാവും.
അങ്ങനെ നോക്കുമ്പോൾ പവർ കണക്കുകളുടെ കാര്യത്തിലും സ്കോർപിയോയ്ക്കാണ് ഒന്നാം സ്ഥാനം. കരുത്തും ടോർക്കും കൂടുതലായത് 7 പേരൊക്കെ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ വാഹനത്തിന്റെ ഡ്രൈവിംഗ് കൂടുതൽ ഈസിയാക്കുന്ന കാര്യമാണ്. എങ്കിലും വലിയ വ്യത്യാസത്തിൽ പവർ ഔട്ട്പുട്ട് സഫാരിയുമായി വ്യത്യാസമില്ലെന്നതും ഓർമിക്കാം. ഫീച്ചറുകളും ഡിസൈനുമെല്ലാം ഒരോ വ്യക്തിയുടെ അഭിരുചിക്കനുസരിച്ചുള്ള കാര്യമായതിനാലാണ് ആ വിഭാഗത്തിലേക്ക് കടക്കാതിരിക്കുന്നത്.


Click it and Unblock the Notifications