ബൂട്ട് സ്പേസില്ലെന്ന് കരുതി വാങ്ങാതിരിക്കേണ്ട, ട്വിൻ സിലിണ്ടർ സെറ്റപ്പുമായി ടിയാഗോ CNG വരുന്നു
മാരുതി സുസുക്കി അരങ്ങുവാണിരുന്ന ഇന്ത്യയിലെ സിഎൻജി വാഹന വിഭാഗത്തിനെ പതിയെ കൈയിലെടുക്കുകയാണ് വിപണിയിലെ പ്രധാന എതിരാളികളിൽ ഒരാളായ ടാറ്റ മോട്ടോർസ്. മാരുതിക്ക് പിന്നാലെ പാസഞ്ചർ വാഹന രംഗത്തേക്ക് കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് കാറുകളെ പുറത്തിറക്കിയത് ഹ്യുണ്ടായി ആണെങ്കിലും ഇപ്പോൾ സിഎൻജി മോഡലുകളെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ ടാറ്റയാണ് കൂടുതൽ വിജയം കാണുന്നത്.
വലിയ സിഎൻജി നിരയുമായി മാരുതി ഏറെ ദൂരം മുന്നിലാണെങ്കിലും ഒപ്പം ഓടിയെത്താനുള്ള ശ്രമത്തിലാണ് ടാറ്റ. ടിയാഗോ, ടിഗോർ എന്നിവയിലൂടെ സിഎൻജി വിഭാഗത്തിലേക്ക് അരങ്ങേറ്റം കുറിച്ച കമ്പനിക്ക് ഏറെ സ്വീകാര്യതയാണ് ലഭിച്ചത്. പിന്നീട് അടുത്തിടെ ആൾട്രോസിനെ പുറത്തിറക്കി ബലേനോ, ഗ്ലാൻസ പോലുള്ള പ്രീമിയം ഹാച്ച്ബാക്ക് സിഎൻജി കാറുകൾക്ക് ബദലാവാനും ടാറ്റയുടെ ശ്രമമുണ്ടായി. വലിയ ഫീച്ചറുകൾ അണിനിരത്തിയിട്ടുണ്ടെങ്കിലും ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യ അവതരിപ്പിച്ചതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.

ബൂട്ട് ഫ്ലോറിന് കീഴിലുള്ള സിഎൻജി ടാങ്കുകളുടെ പാക്കേജിംഗാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. ഇതുവഴിയാണ് ബൂട്ട് സ്പേസ് ഉയർത്താനും കാറിനെ കൂടുതൽ പ്രായോഗികമാക്കാനും ടാറ്റക്ക് സാധ്യമായത്. ഓരോ സിലിണ്ടറിനും 30 ലിറ്റർ വീതം കപ്പാസിറ്റിയാണ് ട്വിൻ-സിലിണ്ടർ സാങ്കേതികവിദ്യ പ്രാപ്തമാക്കുന്നത്. അതോടൊപ്പം ടാങ്കുകൾ ലഗേജ് ഏരിയയ്ക്ക് താഴെയായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ യുണീക് സിഎൻജി സജ്ജീകരണം ഉടൻ തന്നെ ടാറ്റയുടെ മറ്റ് സിഎൻജി മോഡലുകളായ ടിയാഗോ, ടിഗോർ എന്നിവയിലേക്കും എത്തുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ബൂട്ടിലെ സാധാരണ വലിയ സിംഗിൾ സിലിണ്ടറിന് പകരം ബൂട്ട് സ്പേസ് കണ്ടെത്തുന്നതിനായി ടിയാഗോ, ടിഗോർ ഐ-സിഎൻജി വേരിയന്റുകളിലും ട്വിൻ സിലിണ്ടർ സജ്ജീകരണം വരുമെന്ന് സാരം. ഇത് 210 ലിറ്റർ ബൂട്ട് സ്പേസ് സ്വതന്ത്രമാക്കാൻ സഹായിക്കുന്ന കാര്യമാണ്. ആൾട്രോസ് ഒരുക്കിയിരിക്കുന്ന ആൽഫ പ്ലാറ്റ്‌ഫോം ഈ സജ്ജീകരണം മനസിൽ കണ്ടാണ് രൂപകൽപ്പന ചെയ്തതെന്ന് കമ്പനി പറയുന്നു.

എന്നാൽ ടിയാഗോ ഹാച്ച്‌ബാക്കും ടിഗോർ കോംപാക്റ്റ് സെഡാനും ഈ സജ്ജീകരണം എങ്ങനെ സാധ്യമാക്കുമെന്നതാണ് കാത്തിരുന്നു കാണേണ്ടത്. നിലവിൽ ഉപയോഗിക്കുന്ന സിംഗിൾ ടാങ്ക് ഡിസൈനിൽ നിന്നും പൂർണമായും മാറുന്നത് ശരിക്കും കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കുന്ന ഒന്നാണ്. പക്ഷേ ഇത് അത്രയ്ക്ക് എളുപ്പമാണോ എന്നതാണ് ചോദ്യം. അതും ആൽഫാ പ്ലാറ്റ്ഫോമിലല്ല വാഹനം ഒരുങ്ങിയിരിക്കുന്നത് എന്നത് കണക്കിലെടുക്കുമ്പോൾ ടാറ്റ ഇക്കാര്യത്തിൽ കൂടുതൽ പണിയെടുക്കേണ്ടി വരും.
ടിയാഗോയും ടിഗോറും കമ്പനിയുടെ പഴയ X0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ ടാറ്റ മോഡലുകളിൽ ഈ സജ്ജീകരണം എങ്ങനെ എഞ്ചിനീയർ ചെയ്യുന്നുവെന്നും വാഹനത്തിന് സ്പെയർ വീൽ ഉണ്ടാവുമോ എന്നതും കാത്തിരുന്നു കാണാം. ഇതെല്ലാം നിലനിർത്താനായാൽ ടാറ്റ ശരിക്കും മാജിക്കാവും സൃഷ്ടിക്കുക. ട്വിൻ-സിലിണ്ടർ സിഎൻജി സജ്ജീകരണത്തിന് ടാറ്റ മോട്ടോർസ് പേറ്റന്റ് ഫയൽ ചെയ്‌തിട്ടുണ്ട്. ഇത് വരാനിരിക്കുന്ന പഞ്ച് ഐ-സിഎൻജിയിലും കാണാനാവും.

ടാറ്റയുടെ 1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് ടിയാഗോ സിഎൻജി, ടിഗോർ സിഎൻജി തുടിപ്പേകുന്നത്. പെട്രോളിൽ പ്രവർത്തിക്കുമ്പോൾ എഞ്ചിന് 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ നൽകാനാവും. അതേസമയം സിഎൻജിയിലേക്ക് മാറുമ്പോൾ പവർ കണക്കുകളിൽ ചെറിയ വ്യത്യാസം വരുന്നുണ്ട്. അതായത് കാറുകളുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾക്ക് 73 bhp പവറിൽ 95 Nm torque വരെ നൽകാനാവും.
ടിയാഗോയും ടിഗോർ സിഎൻജിയും നേരിട്ട് സിഎൻജി മോഡിൽ സ്റ്റാർട്ട് ചെയ്യാൻ കഴിയും. രണ്ട് മോഡലുകളിലെയും ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലാണ് ഉൾപ്പെടുന്നത്. അധികം വൈകാതെ തങ്ങളുടെ സിഎൻജി വാഹന നിര വിപുലീകരിക്കാനുള്ള ശ്രമങ്ങളും കമ്പനി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നെക്സോൺ, പഞ്ച് എന്നിവയുടെ കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസ് വേരിയന്റുകൾ ഉടൻ പുറത്തിറങ്ങും.


Click it and Unblock the Notifications








