315 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് കാറിന് പിന്നാലെ മലയാളികൾ, വിൽപ്പനയുടെ ഭൂരിഭാഗവും കേരളത്തിൽ നിന്ന്
ഇന്ത്യയിൽ ഇലക്ട്രിക് വാഹന (EV) വിപ്ലവം ശക്തമായിക്കൊണ്ടിരിക്കുമ്പോൾ മിക്കവരും ഇന്ന് കുറഞ്ഞ ചെലവിൽ വൈദ്യുത കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇലക്‌ട്രിക് ടൂവീലർ വിഭാഗത്തിൽ നമ്മുടെ ബജറ്റിന് ഇണങ്ങുന്ന അനേകം മോഡലുകൾ അണിനിരക്കുന്നുണ്ടെങ്കിലും ഫോർവീലർ സെഗ്മെന്റിലേക്ക് വരുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമല്ലെന്നു വേണം പറയാൻ
10 ലക്ഷം രൂപയിൽ താഴെ ഒരു ഇലക്‌ട്രിക് കാർ വേണമെന്ന് ഇന്ത്യക്കാർ മോഹിച്ചപ്പോൾ ആ സ്വപ്‌നം സാക്ഷാത്ക്കരിച്ച് തന്നവരാണ് നമ്മുടെ സ്വന്തം ടാറ്റ മോട്ടോർസ്. അതും ടിയാഗോ ഇവിയെന്ന മിടുക്കൻ കാറുമായി. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇലക്ട്രിക് കാറുകളിലൊന്നാണ് ടിയോഗാ ഇവി. ചെറു പട്ടണങ്ങളിലും, തിരക്കേറിയ നഗരങ്ങളിലുമെല്ലാം വൻ ഹിറ്റായ ഈ വൈദ്യുത ഹാച്ച്ബാക്കിന് ഏറ്റവും കൂടുതൽ ഫാൻസുള്ളത് ഇങ്ങ് കേരളത്തിൽ തന്നെയാണ്.

കേരളത്തിൽ വൻ നേട്ടവുമായി ടിയാഗോ ഇവി കുതിക്കുകയാണ്. മൊത്തം ഇവി വിൽപ്പനയുടെ 13 ശതമാനവും സംസ്ഥാനത്തു നിന്നാണെന്നാണ് ടാറ്റ മോട്ടോർസ് പറയുന്നത്. കേരളത്തിലെ ടയർ 2, ടയർ 3 നഗരങ്ങളിലെ ഇവി ഉപഭോഗത്തിൽ വർധനവുണ്ടായതിനു കാരണക്കാരനും ടാറ്റയുടെ ഈ ബജറ്റ് ഫ്രണ്ട്ലി ഇലക്‌ട്രിക് കാറാണ്. കോട്ടയം, പെരിന്തൽമണ്ണ, പത്തനംതിട്ട, പാലക്കാട്, ചേർത്തല, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗരങ്ങളിലാണ് ടിയാഗോ ഇവി കൂടുതലും വിറ്റഴിക്കപ്പെടുന്നത്.
ഈ കണക്കുകൾ ടിയാഗോ ഇവിയുടെ വൻ വിജയത്തിന്റെയും വ്യത്യസ്ത മേഖലകളിൽ ഇവി വിപണി വളരുന്നതിനനുസരിച്ച് ഇലക്ട്രിക് ഹാച്ച്ബാക്കിനെ വിശ്വസിക്കുന്നത്തിന്റെയും തെളിവാണ്. മൊത്തം ഇവി വിൽപ്പനയുടെ 13 ശതമാനവും കേരളത്തിന്റെ സംഭാവനയാണ്. ഇന്ത്യയിലെ സുസ്ഥിര - പരിസ്ഥിതി സൗഹാർദ ഗതാഗതത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് ടാറ്റ മോട്ടോർസിന്റെ ആദ്യത്തെ ഇലക്ട്രിക് ഹാച്ച്ബാക്ക് ആയ ടിയാഗോ ഇവി.

കുറഞ്ഞ വിലയും ആകർഷകമായ ശ്രേണിയും നൂതനമായ സവിശേഷതകളും ഈ ഇവിയെ മെട്രോ ഇതര പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കിടയിൽ പ്രിയപ്പെട്ടതാക്കി മാറ്റി. കൂടാതെ, ഇലക്ട്രിക് മൊബിലിറ്റി നഗര കേന്ദ്രീകൃതമല്ലെന്ന് തെളിയിക്കുകയും ചെയ്തു. ടിയാഗോ ഇവി സ്വന്തമാക്കുന്നവരിൽ 24 ശതമാനം സ്ത്രീകളാണെന്നതും ശ്രദ്ധേയമാണ്. കാറുകളുടെ സാധാരണ വ്യവസായ ശരാശരിയെക്കാൾ ഇരട്ടിയാണിത്.
ഒരു ഇവി വാഗ്ദാനം ചെയ്യുന്നതിൽവച്ച് ഏറ്റവും മികച്ച ആധുനിക സവിശേഷതകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഉള്ളതുകൊണ്ട് ഈ ട്രെൻഡ് ശക്തമായി വളരുന്നതോടൊപ്പം ഇതിന്റെ വാല്യൂ പ്രൊപോസിഷനും ശ്രദ്ധേയമായി തന്നെ തുടരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടാറ്റ പുറത്തിറക്കിയ ഈ ചെലവ് കുറഞ്ഞ ഫോർ ഡോർ ഇലക്ട്രിക് കാർ ഇതിനകം തന്നെ പതിനായിരക്കണക്കിന് യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിരിക്കുന്നത്.

പെട്രോളടിക്കേണ്ട, പീരിയോഡിക് മെയിന്റനെൻസിന് പണം കണ്ടത്തേണ്ട എന്നനേട്ടങ്ങളെല്ലാം മലയാളികൾ മനസിലാക്കി കഴിഞ്ഞു. വാഹനത്തിന്റെ താങ്ങാനാവുന്ന വില, നൂതന ഫീച്ചറുകൾ, പരിസ്ഥിതി സൗഹൃദ ട്രാൻസ്പോർട്ട് ഓപ്ഷനുകളുടെ ആകർഷണം എന്നിവയും വിൽപ്പനയുടെ വേഗം വർധിപ്പിക്കുന്ന കാര്യമാണ്. വിവിധ വേരിയന്റുകളായി 8.69 ലക്ഷം രൂപ മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.
IP67 റേറ്റഡായ 19.2 kWh, 24 kWh എന്നിങ്ങനെ രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇവി ഹാച്ച്ബാക്ക് വിപണനത്തിന് എത്തുന്നത്. ഇതിൽ 19.2 kWh ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് പൂർണ ചാർജിൽ 250 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി ഉപയോഗിക്കുന്ന പതിപ്പിന് 315 കിലോമീറ്റർ റേഞ്ചുമാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. ടാറ്റയുടെ സിപ്രോൺ ടെക്നോളജിയാണ് ടിയാഗോയുടെയും അടിസ്ഥാനം. നോർമൽ, സ്പോർട്സ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും ഇലക്ട്രിക് വാഹനത്തിലുണ്ട്.

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും ഓട്ടോ ഫോൾഡിംഗ് ഒആർവിഎമ്മുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സ്റ്റാൻഡേർഡ് ടെലിമാറ്റിക്‌സ്, 45 കണക്റ്റഡ് കാർ ഫീച്ചറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാലും ടാറ്റ ടിയാഗോ ഇവി സമ്പന്നമാണ്. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 15A പ്ലഗ് പോയിന്റുള്ള ഒരു സാധാരണ 3.3kW എസി ചാർജർ, 7.2kW എസി ഹോം ഫാസ്റ്റ് ചാർജർ എന്നിവയാണ് ഇവിക്കൊപ്പം വാഗ്‌ദാനം ചെയ്യുന്നത്.
വെറും 30 മിനിറ്റിനുള്ളിൽ 35 കിലോമീറ്റർ റേഞ്ച് നൽകുന്ന തരത്തിൽ ചാർജ് ചെയ്യാം. 3 മണിക്കൂർ 36 മിനിറ്റിനുള്ളിൽ 10 മുതൽ 100 ശതമാനം വരെ ഡിസി ഫാസ്റ്റ് ചാർജിംഗ് വഴി നാല് വ്യത്യസ്ത ചാർജിംഗ് സൊല്യൂഷനുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടിയാഗോ ഇവിയുടെ ലിക്വിഡ് കൂൾഡ് ബാറ്ററി പായ്ക്കിനും മോട്ടോറും 8 വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറണ്ടിയുമാണ് ടാറ്റ മോട്ടോർസ് ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications








