കോടികളുടെ നിക്ഷേപവുമായി ടെസ്‌ലയും മസ്‌കും ഗുജറാത്തിലേക്ക്, പ്രഖ്യാപനം ജനുവരിയിൽ; പ്ലാന്റ് സാനന്ദിൽ?
ഇലക്ട്രിക് കാറുകളുടെ അവസാന വാക്കാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ടെസ്‌ല. ഇവി വാഹന രംഗത്ത് പലരും പയറ്റുന്നത് ടെസ്‌ലയുടെ തന്ത്രങ്ങളാണെന്നു വേണം പറയാൻ. ലോകത്തിലെ നമ്പര്‍ വണ്‍ ഇവി നിര്‍മാതാക്കള്‍ അധികം വൈകാതെ തന്നെ ഇന്ത്യന്‍ മണ്ണിലേക്ക് കാലുകുത്താൻ പോവുന്നുവെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി അല്ലേ. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് നികുതി ഇളവു നല്‍കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവാത്തതാണ്.
എന്നാൽ ഈ കാത്തിരിപ്പിന് ഉടൻ വിരാമം ഉണ്ടാവുമെന്ന പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത് കുറേകേട്ടിട്ടുണ്ടെന്നും പറഞ്ഞ് മിഥുനത്തിലെ ഇന്നസെന്റ് ചേട്ടന്റെ ഫിഗറും പിടിച്ച് നിൽക്കല്ലേ... ഇത്തവണ സംഭവം ഉള്ളതാണെന്നാണ് കേന്ദ്ര സർക്കാരുമായുള്ള അടുത്ത വൃത്തങ്ങൾ സൂചന നൽകുന്നത്. അടുത്ത വർഷം ജനുവരിയിൽ ടെസ്‌ല ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും.

2024 ജനുവരിയിൽ ഗാന്ധിനഗറിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാവ് അതിന്റെ ഇന്ത്യയിലെ അരങ്ങേറ്റം പ്രഖ്യാപിച്ചേക്കുമെന്നാണ് വാർത്തകൾ. താൽപ്പര്യമുള്ള നിക്ഷേപകരുടെ വാർഷിക ആഗോള സമ്മേളനത്തിന്റെ പത്താം പതിപ്പാണ് ഈ ഉച്ചകോടി. അമേരിക്കൻ ഇവി നിർമാതാക്കളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിക്കാൻ ടെസ്‌ലയുടെ സിഇഒയും സ്ഥാപകനുമായ ഇലോൺ മസ്‌ക് എത്തിയേക്കും.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ടെസ്‌ല അതിന്റെ നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ഭൂമിക്കായി ഗുജറാത്ത് സർക്കാരുമായി നടത്തിവരുന്ന ചർച്ച അവസാന ഘട്ടത്തിലാണ്. അങ്ങനെയെങ്കിൽ മിക്കവാറും അടുത്ത ഒരു വർഷത്തിനുള്ളിൽ ടെസ്‌ല കാറുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ശേഷം മസ്‌കുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അടുത്തിടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും യുഎസിലെ ടെസ്‌ല സൗകര്യങ്ങളിലൊന്ന് സന്ദർശിച്ചിരുന്നു. രാജ്യത്തെ നിക്ഷേപ പദ്ധതികൾ ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ടെസ്‌ല നേരത്തെ സൂചന നൽകിയിരുന്നു. ഒരു വർഷം മുമ്പ് യുഎസ് ആസ്ഥാനമായുള്ള ഇവി നിർമാതാവിന് ഇലക്ട്രിക് കാറുകളുടെ ഉയർന്ന ഇറക്കുമതി തീരുവ കാരണം ഇന്ത്യയിൽ നിക്ഷേപം നടത്തില്ലെന്ന നിലപാട് വ്യക്തമാക്കിയിരുന്നു. പക്ഷേ മോദിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മഞ്ഞുരുകിയതായാണ് സൂചന.
ടെസ്‌ലയുടെ പ്ലാന്റ് ഇന്ത്യയിൽ എവിടെ സ്ഥാപിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലായിരുന്നെങ്കിലും ഇപ്പോൾ ഗുജറാത്തിൽ തന്നെ വാഹന നിർമാണ ശാല തുറക്കാനാണ് മസ്‌ക് തീരുമാനിച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ടെസ്‌ല അതിന്റെ നിർമാണ കേന്ദ്രം ഗുജറാത്തിലെ സാനന്ദിൽ സ്ഥാപിക്കാൻ സാധ്യതയുണ്ട്. ടാറ്റ മോട്ടോർസ് പോലുള്ള രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ പ്രവർത്തിക്കുന്ന അതേ സ്ഥലമാണിത്.

ടാറ്റയ്ക്ക് പുറമെ മാരുതി സുസുക്കി, എംജി മോട്ടോർ തുടങ്ങിയ മറ്റ് ചില ഇന്ത്യൻ കാർ നിർമാതാക്കളും ഗുജറാത്ത് കേന്ദ്രീകരിച്ചാണ് വാഹന നിർമാണം നടത്തുന്നത്. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ ടെസ്‌ല ധാരണാപത്രം ഒപ്പുവെച്ചേക്കും. ഇലക്ട്രിക് കാറുകൾക്ക് പുറമെ ഇന്ത്യയിൽ ബാറ്ററി നിർമാണ പ്ലാന്റ് തുടങ്ങാൻ താത്പര്യമുണ്ടെന്നും കമ്പനി നേരത്തെ പറഞ്ഞിരുന്നു. ഈ വർഷം അവസാനത്തോടെ ഇന്ത്യയിലെ പ്രൊഡക്ഷൻ പ്ലാന്റിന്റെ സ്ഥലം അന്തിമമാക്കാൻ കഴിയുമെന്നും ടെസ്‌ല സൂചന നൽകിയിരുന്നു.
കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലുങ്കാന എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളും ടെസ്‌ലയെ നിക്ഷേപത്തിന് ക്ഷണിച്ചിരുന്നു. എങ്കിലും ഗുജറാത്ത് തെരഞ്ഞെടുക്കുന്നതിന് കയറ്റുമതി എളുപ്പമാക്കുക എന്ന ലക്ഷ്യവും മസ്ക്കിന്റെ കമ്പനിക്കുണ്ട്. സാനന്ദിലാണെങ്കിൽ തുറമുഖങ്ങളിലേക്കുള്ള ആക്‌സസും ലഭ്യമാവും. സാനന്ദ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഗുജറാത്തിലെ കാണ്ട്‌ല-മുന്ദ്ര തുറമുഖത്തിന്റെ സാമീപ്യമാണ് ഇവി നിർമാതാവിനെ ആകർഷിച്ചിരിക്കുന്നത്.

ടെസ്‌ലയുടെ വരാനിരിക്കുന്ന ഇന്ത്യൻ നിർമാണ പ്ലാന്റിന്റെ ലൊക്കേഷനായി സാനന്ദിനെ ഇതുവരെ അന്തിമമാക്കി തീരുമാനിച്ചിട്ടില്ലെങ്കിലും, ബെച്ചരാജി, ധോലേര തുടങ്ങിയ സ്ഥലങ്ങളിലും സംസ്ഥാന സർക്കാർ ഭൂമി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. ആഗോളതലത്തിൽ മോഡൽ 3, മോഡൽ S, മോഡൽ Y, മോഡൽ X എന്നിങ്ങനെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചില ഇലക്ട്രിക് കാറുകൾ ടെസ്‌ല വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഏതാവും ആദ്യം ഇന്ത്യയിലേക്ക് എത്തുക എന്ന കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications