പുത്തൻ വെർണ ഞെട്ടിക്കും! ഒരുങ്ങുന്നത് 65-ൽ അധികം സുരക്ഷാ ഫീച്ചറുകൾ
മങ്ങിപ്പോയ സെഡാൻ സെഗ്മെന്റിന് പുതുജീവനേകാനായി ഒരു അവതാരം ദിവസങ്ങൾക്കുള്ളിൽ പിറവിയെടുക്കാൻ പോവുകയാണ്. കഴിഞ്ഞ ദിവസമെത്തിയ ഹോണ്ട സിറ്റിയുടെ അന്തകനായല്ല, ഇത്തവണ എസ്‌യുവി മോഡലുകളെ വെല്ലുവിളിക്കുകയെന്ന ലക്ഷ്യത്തോടെയാവും പുതുപുത്തൻ ഹ്യുണ്ടായി വെർണ നിരത്തിലേക്ക് എത്തുക. മാർച്ച് 21-ന് അവതരിപ്പിക്കുന്ന വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്നത് ചില്ലറകാര്യം ഒന്നുമല്ലെങ്കിലും ഫീച്ചറുകൾ കുത്തിനിറച്ച് ആളുകളെ കൈയിലെടുക്കാനുള്ള പദ്ധതിയാണ് കമ്പനി ഇത്തവണ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്നുവേണം പറയാൻ. വിപണിയിലേക്ക് എത്തുന്നതിനു മുന്നോടിയായി മോഡലിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് ഹ്യുണ്ടായി ഇപ്പോൾ. അതായത് പുതുതലമുറ വെർണയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്ന മുഴുവൻ സുരക്ഷാ ഫീച്ചറുകളേയും കുറിച്ചാണ് ബ്രാൻഡ് പറയുന്നത്.

ഏതാണ്ട് 65-ൽ അധികം സുരക്ഷാ ഫീച്ചറുകളുമായാണ് ഹ്യുണ്ടായി പുതിയ വെർണയെ ഒരുക്കിയിരിക്കുന്നത്. ഇതിൽ 30 സേഫ്റ്റി ഫീച്ചറുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയിരിക്കുമെന്നതാണ് സന്തോഷം നൽകുന്ന ഒരു കാര്യം. 6 എയർബാഗുകൾ, 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, ഇംപാക്റ്റ് സെൻസിംഗ് ഓട്ടോ ഡോർ അൺലോക്ക്, എബിഎസ് തുടങ്ങിയ സവിശേഷതകളെല്ലാം സ്റ്റാൻഡേർഡായി ഉപഭോക്താക്കൾക്ക് ലഭിക്കും.
തീർന്നില്ല, ഇതോടൊപ്പം തന്നെ 2023 ഹ്യുണ്ടായി വെർണയിൽ ഇബിഡി, എമർജൻസി സ്റ്റോപ്പ് സിഗ്നൽ (ESS), ഹെഡ്‌ലാമ്പ് എസ്‌കോർട്ട് ഫംഗ്‌ഷൻ ,ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ISOFIX, ലെയ്ൻ ചേഞ്ച് ഇൻഡിക്കേറ്റർ, ബർഗ്ലാർ അലാറം, റിയർ ഡിഫോഗർ, കീലെസ് എൻട്രി, റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും കാറിൽ സ്റ്റാൻഡേർഡായി തന്നെയാവും ഇടംപിടിക്കുകയെന്നാണ് വിവരം. നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രാപ്യമാക്കാനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്നാണ് ഹ്യുണ്ടായി പറയുന്നത്.

ഫ്രണ്ട് ക്യാമറയും ഫ്രണ്ട്, റിയർ റഡാർ അധിഷ്‌ഠിത ഫംഗ്‌ഷനുകളും പ്രാപ്‌തമാക്കിയ 17 ലെവൽ 2 ADAS സവിശേഷതകളുള്ള ഹ്യുണ്ടായി സ്മാർട്ട്‌സെൻസും പുതിയ വെർണയ്ക്ക് ലഭിക്കുമെന്നതും എസ്‌യുവികളെ മറികടക്കാൻ കാറിന് സഹായകരമാവും. കാറിൽ ലഭ്യമാവുന്ന ADAS ഫംഗ്‌ഷനുകൾ എല്ലാ കാലാവസ്ഥകൾക്കും അനുയോജ്യമാണെന്നും മൂടൽമഞ്ഞുള്ള സാഹചര്യങ്ങളിൽ പോലും ഇത് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. ESC, VSM, HAC, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, EPB, ECM, TPMS തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളും പുതിയ വെർണയ്ക്ക് ലഭിക്കും.
ഇനി ADAS സംവിധാനത്തിൽ വെർണ എന്തെല്ലാം ഫീച്ചറുകളാണ് നൽകിയിരിക്കുന്നത് എന്നുനോക്കിയാലോ? ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഫോർവേഡ് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ വാർണിംഗ്, ബ്ലൈൻഡ്-സ്പോട്ട് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ്, സേഫ് എക്സിറ്റ് വാർണിംഗ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഫോളോയിംഗ് അസിസ്റ്റ് പോലുള്ളവയാണ് ADAS-ലൂടെ പ്രാപ്‌തമാവുക.

ഇതിനൊപ്പം ഹൈ ബീം അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, റിയർ ക്രോസ്- ട്രാഫിക് കൊളിഷൻ വാർണിംഗ്, റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് അസിസ്റ്റ് എന്നീ ഫീച്ചറുകളും പുത്തൻ വെർണയുടെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിറ്റത്തിൽ ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 1.5 ലിറ്റർ NA, 1.5 ലിറ്റർ ടർബോചാർജ്ഡ് എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെയാവും മിഡ്-സൈസ് സെഡാൻ ഇത്തവണ വിൽപ്പനയ്ക്ക് എത്തുക.
കാറിലെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കും ഉൾപ്പെടും. പുതിയ വെർണ EX, S, SX, SX (O) എന്നീ നാല് വേരിയന്റുകളിലാവും ഹ്യുണ്ടായി അണിനിരത്തുക. അതോടൊപ്പം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ ഏഴ് സിംഗിൾ-ടോൺ, രണ്ട് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും 2023 മോഡലിന്റെ ഭാഗമായിരിക്കും. അടുത്തിടെ വിപണിയിലെത്തിയ പുത്തൻ ഹോണ്ട സിറ്റിയുമായാവും വെർണയുടെ പ്രധാന മത്സരം.


Click it and Unblock the Notifications