സെഡാനുകളുടെ മൊഞ്ചൊന്നും അങ്ങനെ പൊയ്പ്പോവൂല്ലാ... വരാനിരിക്കുന്ന കിടു മോഡലുകൾ
ഇന്ത്യയിൽ എസ്‌യുവി പ്രണയം അണപൊട്ടിയൊഴുകുമ്പോൾ നിർമാതാക്കളും ഉപഭോക്താക്കളുമെല്ലാം ഇത്തരം വാഹനങ്ങളുടെ പിന്നാലെയാണ്. സുഖകരവും സ്‌പോർട്ടിയുമായ സെഡാനുകൾ ഏറെക്കുറെ മറന്നുപോയ ഒരു വിഭാഗമായി മാറിയിരിക്കുന്നു. എന്നാൽ സെഡാനുകൾ പൂർണമായും ഉപേക്ഷിക്കാൻ ചില കമ്പനികൾ തയാറാവാത്തതും വിപണിയിൽ നിന്നുള്ള അത്ഭുത കാഴ്ച്ചയാണ്.
വിപണിയിലെ വിഭാഗം ആളുകൾ ഇന്നും ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളോട് അനുകമ്പയുള്ളവരാണ്. മാരുതി ഡിസയറിന്റെയും ഹോണ്ട സിറ്റിയുടേയും എല്ലാം വിൽപ്പന കണക്കുകൾ നോക്കിയാൽ ഇക്കാര്യം മനസിലാവും. ഇന്നും സാധ്യതകൾ പൂർണമായും അവസാനിച്ചിട്ടില്ലെന്ന് സാരം. സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗൺ വെർട്ടിസും എല്ലാം വിപണിയിലെത്തിയതോടെ ഈ സെഗ്‌മെന്റ് പുനരുജ്ജീക്കുകയും ചെയ്‌തിട്ടുണ്ട്. കിടിലൻ യാത്ര സുഖം നൽകാൻ സെഡാനുകൾ തന്നെയാണ് അത്യുത്തമം.

സെഡാനുകൾ വീണ്ടും ജനപ്രീതി നേടുന്ന സാഹചര്യത്തിൽ കിടിലൻ ചില മോഡലുകൾ കൂടി വിപണിയിലേക്ക് എത്താൻ തയാറെടുത്തു കഴിഞ്ഞിട്ടുണ്ട്. സെഡാനുകളുടെ കാലം പൊയ്പ്പൊവൂല്ലായെന്ന് ഇക്കാര്യങ്ങളെല്ലാം അടിവരയിട്ടു പറയുന്നു. ഇന്ത്യൻ വിപണിയിലേക്ക് ഉടൻ വിൽപ്പനയ്ക്കെത്തുന്ന പുതുപുത്തൻ കാറുകളെ നമുക്ക് ഒന്നു പരിചയപ്പെട്ടാലോ? ഒരു എസ്‌യുവി വാങ്ങാൻ പ്ലാനിട്ടിരിക്കുകയാണെങ്കിൽ യാത്രാ സുഖം തരുന്ന ഈ പുലിക്കുട്ടൻമാരുടെ വരവ് കൂടി കഴിഞ്ഞിട്ടു മതി തീരുമാനം എടുക്കൽ.
2023 ഹ്യുണ്ടായി വെർണ
പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സെഗ്മെന്റിനെ പുളംകൊള്ളിക്കാൻ ഹ്യുണ്ടായി വെർണ പുതിയ അവതാരത്തിൽ പിറവിയെടുക്കുകയാണ്. വരവിനോട് അനുബന്ധിച്ച് കാറിനായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡിസൈനിലെ മാറ്റം തന്നെയാവും ഏറ്റവും ശ്രദ്ധേയം. ബ്രാൻഡിന്റെ പുതിയ 'സെൻസസ് സ്‌പോർട്ടിനെസ്' ഡിസൈൻ ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വാഹനം. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടുകൂടിയ വലിയ ഗ്രിൽ, റിഫ്ലക്റ്റീവ് സ്ട്രിപ്പ് വഴി ബന്ധിപ്പിച്ചിരിക്കുന്ന എൽഇഡി ടെയിൽ ലാമ്പുകൾ എന്നില സെഡാനെ അടിമുടിമാറ്റും.

ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് ചിലപ്പോൾ പുതിയ പെട്രോൾ എഞ്ചിനിലേക്കും ഹ്യുണ്ടായി വെർണ ചേക്കേറിയേക്കും. മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും കാറിന് ലഭിച്ചേക്കാമെന്നും അഭ്യൂഹമുണ്ട്. ഇത് ഇന്ധനക്ഷമതയെ ചെറുതായി മെച്ചപ്പെടുത്താനും സഹായകരമാവും. 10 മുതൽ 16 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായിരിക്കും കാറിനായി മുടക്കേണ്ടി വരിക. ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, സ്കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ വെർട്ടിസ് എന്നിവയുമായിരിക്കും വെർണ മാറ്റുരയ്ക്കുക.
ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ്
മൂന്നു വർഷങ്ങൾക്ക് മുമ്പാണ് ഹോണ്ട തങ്ങളുടെ ജനപ്രിയനായ സിറ്റിയുടെ പുതുതലമുറ ആവർത്തനം പുറത്തിറക്കുന്നത്. ചെറിയ മാറ്റങ്ങൾക്ക് വിധേയമാവാൻ സമയമായെന്ന് മനസിലായ ജാപ്പനീസ് ബ്രാൻഡ് സിറ്റിയുടെ മുഖംമാറ്റാൻ ഒരുങ്ങുകയാണ്. കോസ്‌മെറ്റിക് മാറ്റങ്ങൾക്കൊപ്പം കൂടുതൽ സവിശേഷതകളുള്ള പുതിയ വേരിയന്റുകളും സിറ്റിക്ക് ലഭിക്കും. പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, ഹെഡ്‌ലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പുതിയ കളർ ഓപ്ഷനുകൾ എന്നിങ്ങനെ ചെറിയ നവീകരണങ്ങളാവും കാറിന് ലഭിക്കുക.

ഇതിനു പുറമെ ആഡംബരത്തം തുളുമ്പുന്നതിനായി വെന്റിലേറ്റഡ് സീറ്റുകൾ, ADAS സിസ്റ്റം, അപ്‌ഡേറ്റ് ചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി നിരവധി അധിക ഫീച്ചറുകളും ഇതിന് ലഭിക്കും. വേരിയന്റ് ലൈനപ്പ് നവീകരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. എന്തായാലും ഡീസൽ എഞ്ചിൻ ശ്രേണിയിൽ നിന്നും പടിയറങ്ങുമെങ്കിലും ഹൈബ്രിഡ് പതിപ്പിന്റെ സാന്നിധ്യം സിറ്റിക്ക് ഗുണമായേക്കും. 119 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഹോണ്ട സിറ്റിക്ക് കരുത്തേകുക.
മെർസിഡീസ് ബെൻസ് A-ക്ലാസ്
മെർസിഡീസ് ബെൻസ് A-ക്ലാസ് സെഡാന്റെ പുതിയ മോഡലിനെ ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. അടുത്തിടെ ആഗോളതലത്തിൽ പുതിയ പരിഷ്ക്കാരം ലഭിച്ച ആഡംബര വാഹനത്തിന് പുതുക്കിയ ഫ്രണ്ട് ബമ്പർ, എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ലഭിക്കും. ഗ്രില്ലിൽ ഒരു പുതിയ സ്റ്റാർ പാറ്റേണും സ്ലിമ്മർ സെന്റർ ക്രോം ട്രിമ്മും ജർമൻ ബ്രാൻഡ് അവതരിപ്പിക്കും. പിൻഭാഗത്ത് പുനർരൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകളും ഇടംപിടിക്കും.

എന്നാൽ 2023 A-ക്ലാസിന്റെ ഇന്റീരിയർ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇൻഫോടെയ്ൻമെന്റിന് ഒരു പുതിയ MBUX യൂസർ ഇന്റർഫോസും മെർസിഡീസ് അവതരിപ്പിക്കും. കൂടാതെ ഫിംഗർപ്രിന്റ് സ്കാനർ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ്, അടുത്ത തലമുറ ഓട്ടോ പാർക്ക് അസിസ്റ്റ് തുടങ്ങിയ ഡ്രൈവർ-അസിസ്റ്റൻസ് ഫീച്ചറുകൾ A-ക്ലാസിന് ലഭിക്കും. ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ ടർബോ ഡീസൽ, 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളിൽ തന്നെയാവും കാർ വിപണിയിലെത്തുക.
വോൾവോ S60 ഫെയ്‌സ്‌ലിഫ്റ്റ്
വോൾവോ S60 സെഡാനാണ് വിപണിയിലേക്ക് വരാനിരിക്കുന്ന മറ്റൊരു ആഡംബര സെഡാൻ. മുഖംമിനുക്കലിനൊപ്പം പുതിയ സവിശേഷതകളും കാറിലേക്ക് ചേക്കേറും. പുനർരൂപകൽപ്പന ചെയ്ത എയർ ഇൻടേക്കുകൾക്കൊപ്പം പുതുക്കിയ ഗ്രില്ലാണ് സെഡാന് ലഭിക്കുന്നത്. അകത്തളത്തിൽ ഇൻബിൽറ്റ് ഗൂഗിൾ മാപ്‌സ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയുള്ള ആൻഡ്രോയിഡ് അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഇതിന് ലഭിക്കും. 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് പുതിയ S60 മോഡലിന് തുടിപ്പേകുക.


Click it and Unblock the Notifications








