23 കി.മീ. മൈലേജിൽ 7 പേർക്ക് വരെ യാത്ര ചെയ്യാം, വരാനിരിക്കുന്ന ഹൈബ്രിഡ് എസ്‌യുവികളെ കണ്ടോ
ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങളാണ് ഭാവിയെന്ന് പറയുന്നതെങ്കിലും ഇന്നും പലരും ഇവികളിലേക്ക് കണ്ണുംപൂട്ടി മാറാൻ ആളുകൾ ഇന്നും മടികാണിക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണം പ്രായോഗികതയും ബാറ്ററി വാഹനങ്ങളെ സംബന്ധിച്ച് നിൽക്കുന്ന ആശങ്കകളുമാണെന്ന് നിസംശയം പറയാം. പക്ഷേ അടുത്തിടെയായി ഹൈബ്രിഡ് കാറുകളോട് ഇന്ത്യക്കാർ പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്.
ഹോണ്ട സിറ്റി, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈക്രോസ് പോലുള്ള മോഡലുകൾ അതിവേഗം ജനപ്രീതിയാർജിച്ചതിനു പിന്നിലെ കാരണവും ഇതുതന്നെയാണ്. പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കിട്ടുന്ന മൈലേജും ഇവികളേക്കാൾ പ്രായോഗികവും വില കുറവുമാണ് ഇവയുടെ ഡിമാന്റിൽ ഇത്രയും വർധനവുണ്ടാവാൻ കാരണമായിരിക്കുന്നത്. ഇത് മനസിലാക്കിയ വണ്ടിക്കമ്പനി മുതലാളിമാർ ഇന്ത്യയിൽ കൂടുതൽ ഹൈബ്രിഡ് കാറുകൾ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.

കൊവിഡാനന്തരം 7 സീറ്റർ എസ്‌യുവികൾക്ക് ലഭിക്കുന്ന വലിയ ഡിമാന്റ് കണ്ട് ഈ സെഗ്മെന്റിലേക്ക് ധാരാളം ഹൈബ്രിഡ് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് പ്രമുഖ ബ്രാൻഡുകളെല്ലാം ഒരുക്കുന്നത്. കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്ക് പുറമെ നിർമാതാക്കൾ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനാൽ ഹൈബ്രിഡ് പവർട്രെയിനുകൾ വൈദ്യുതീകരണത്തിലേക്കുള്ള മാറ്റത്തിന് മുമ്പായുള്ള ചവിട്ടുപടി കൂടിയാണ്. വരാനിരിക്കുന്ന 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവികളെ പരിചയപ്പെട്ടാലോ?
ടൊയോട്ട ഫോർച്യൂണർ ഹൈബ്രിഡ്: ഹൈലക്‌സിന്റെ മൈൽഡ്-ഹൈബ്രിഡ് 48-വോൾട്ട് ഡീസൽ പതിപ്പ് ആഗോള വിപണിയിൽ ഉടൻ അവതരിപ്പിക്കാൻ പോവുകയാണ് ജാപ്പനീസ് ബ്രാൻഡ്. ഇതോടൊപ്പം ഫോർച്യൂണർ ഫുൾ സൈസ് എസ്‌യുവിയിലും ഇതേ സാങ്കേതികവിദ്യ ലഭ്യമാകും. എന്നാൽ പുതുതലമുറ മോഡലിന്റെ വരവ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് സാരം. എന്നാൽ മെച്ചപ്പെട്ട ഇന്ധനക്ഷമതയോടെ നിലവിലുള്ള മോഡലിൽ മൈൽഡ്-ഹൈബ്രിഡ് ടെക് നൽകാനാണ് ടൊയോട്ടയുടെ ശ്രമം.

നിസാൻ X-ട്രെയിൽ: പൊതുനിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയ ഫോർച്യൂണറിന്റെ മെയിൻ വില്ലനായുള്ള വരവിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. കഴിഞ്ഞ വർഷം അവസാനം ഡൽഹിയിൽ പ്രദർശിപ്പിച്ച X-ട്രെയിലിനെ അടുത്ത വർഷം കമ്പനി അവതരിപ്പിക്കും. ഫുൾ-സൈസ് എസ്‌യുവിയിൽ 161 bhp കരുത്തുള്ള മൈൽഡ്-ഹൈബ്രിഡ് ടർബോ-പെട്രോൾ അല്ലെങ്കിൽ കൂടുതൽ ശക്തമായ 201 bhp ഇ-പവർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനായിരിക്കും ഉണ്ടായിരിക്കുക.
മാരുതി ഗ്രാൻഡ് വിറ്റാര 7-സീറ്റർ: അടുത്ത വർഷം അവസാനത്തോടെ യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാൻഡ് വിറ്റാരയുടെ മൂന്ന്-വരി മോഡൽ മാരുതി സുസുക്കിയുടെ പ്രധാന ആയുധങ്ങളിൽ ഒന്നായിരിക്കും. എംജി ഹെക്ടർ പ്ലസ്, ഹ്യുണ്ടായി അൽകാസർ, ടാറ്റ സഫാരി എന്നിവയ്‌ക്കെതിരെ മത്സരിക്കാനാണ് എസ്‌യുവിയുടെ വരവ്. ഇതിൽ 5-സീറ്റർ ഗ്രാൻഡ് വിറ്റാരയ്ക്ക് സമാനമായ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനായിരിക്കും കമ്പനി അവതരിപ്പിക്കുക.

ടൊയോട്ട കൊറോള ക്രോസ്: ഗ്ലോബൽ കൊറോള ക്രോസ് അടിസ്ഥാനമാക്കിയുള്ള 7 സീറ്റർ എസ്‌യുവിയിലാണ് ടൊയോട്ട ഇപ്പോൾ പ്രവർത്തിക്കുന്നത്. 2026-ൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ഒരു പുതിയ പ്ലാന്റിൽ നിന്ന് പുറത്തിറക്കുന്ന ആദ്യത്തെ ഉൽപ്പന്നമായിരിക്കും ഇത്. പ്രാദേശികവൽക്കരിച്ച ഇന്നോവ ഹൈക്രോസിന്റെ അതേ TNGA-C പ്ലാറ്റ്‌ഫോം, 2.0 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ എന്നിവയെല്ലാമായിരിക്കും കൊറോള ക്രോസിനെ വ്യത്യസ്‌തമാക്കി നിർത്തുക.
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ: ഏഴ് സീറ്റുകളുള്ള ജർമൻ ബ്രാൻഡിന്റെ ഈ എസ്‌യുവി കംപ്ലീറ്റ്ലി നോക്ക്ഡൌൺ (CKD) യൂണിറ്റ് വഴി രാജ്യത്തേക്ക് കൊണ്ടുവരാനും പ്രാദേശികമായി അസംബിൾ ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. ലോഞ്ചിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ലെങ്കിലും 2025-ഓടെ ടെയ്‌റോൺ ഇന്ത്യൻ നിരത്തുകളിലും ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ സ്‌കോഡ കുഷാഖിന്റെയും ഫോക്‌സ്‌വാഗൺ ടിഗുവാനിന്റെയും അതേ പ്ലാറ്റ്‌ഫോമിലാണ് ഫോക്‌സ്‌വാഗൺ ടെയ്‌റോൺ നിർമിച്ചിരിക്കുന്നത്. വിദേശ വിപണികളിൽ ഒരു 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ ടർബോ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനാണ് എസ്‌യുവിക്കുള്ളത്. 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും രണ്ട് എഞ്ചിനുകളുമായി ജോടിയാക്കിയിട്ടുമുണ്ട്. 100 കിലോമീറ്ററിൽ കൂടുതൽ ഇവി കരുത്തിൽ മാത്രം ഓടാനാവും വാഹനത്തിനാവും.


Click it and Unblock the Notifications








