സേഫായി യാത്ര ചെയ്യാൻ ഇവരാ ബെസ്റ്റ്... ഈ വർഷത്തെ ഇടിപ്പരീക്ഷയിൽ റാങ്ക് നേടിയ ചുണക്കുട്ടൻമാർ
കാലത്തിനൊത്ത് ആളുകളുടെ ആവശ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വാഹന വ്യവസായം നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മൈലേജുള്ള കാറുകളുടെ പുറകെയായിരുന്നു ആളുകളെങ്കിൽ ഇപ്പോൾ സേഫ്റ്റിയുള്ള വാഹനങ്ങളാണ് ഉപഭോക്താക്കളുടെ പ്രധാന പരിഗണന. പുത്തനൊരു വണ്ടിവാങ്ങാൻ തീരുമാനിച്ചാൽ തന്നെ ആദ്യം സേഫ്റ്റി എങ്ങനെയുണ്ടെന്നായിരിക്കും ചിന്തിക്കുക. ഇതിനു ശേഷമായിരിക്കും ഇന്ധനക്ഷമതയെല്ലാം വരിക.
വാഹനങ്ങളുടെ സുരക്ഷാ റേറ്റിംഗിനെക്കുറിച്ച് ആളുകൾക്ക് ഇപ്പോൾ നന്നായി അറിയാം. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളാണ് ഇതിന് സഹായകരമായതെന്ന് വേണം പറയാൻ. ഈ ക്യാമ്പയിനിന്റെ ഭാഗമായി ഓരോ വർഷവും ഇന്ത്യയിൽ വിൽക്കുന്ന നിരവധി കാറുകൾ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാൻ നിർമാതാക്കൾ നിർബന്ധിതരാവുകയായിരുന്നു. ടാറ്റയും മഹീന്ദ്രയും പോലുള്ള ആഭ്യന്തര വാഹന കമ്പനികളാണ് സേഫ്റ്റിക്ക് ഇത്രയും പ്രാധാന്യം കൊടുത്തതും. ഈ വർഷം (2023) ഗ്ലോബൽ NCAP ഇടിപ്പരീക്ഷയിൽ റാങ്ക് നേടിയ മോഡലുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

ഫോക്‌സ്‌വാഗൺ: ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ജർമൻ വാഹന നിർമാതാക്കളുടെ ഇന്ത്യൻ നിരയിലെ വെർട്ടിസ്, ടൈഗൂൺ മോഡലുകളാണ് 2023-ൽ ആദ്യം 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കുന്ന വാഹനങ്ങൾ. ഫോക്‌സ്‌വാഗണും സ്കോഡയും രാജ്യത്തിനായി പ്രത്യേകം വികസിപ്പിച്ച MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ച ഈ സെഡാനും എസ്‌യുവിയും ഇടിപ്പരീക്ഷയിൽ ഏറ്റവും കൂടുതൽ സേഫ്റ്റി സ്കോർ നേടുന്ന കാറുകൾ കൂടിയാണ്.
സ്കോഡ: മുകളിൽ പറഞ്ഞതുപോലെ MQB-A0-IN പ്ലാറ്റ്ഫോമിനെ തന്നെ അടിസ്ഥാനമാക്കി നിർമിച്ച സ്ലാവിയ, കുഷാഖ് മോഡലുകളും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ നിന്നും ഇതേ കാലയളവിൽ 5 സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. ബ്രാൻഡിന്റെ ഇന്ത്യ 2.0 സ്ട്രാറ്റജിയിൽ പുറത്തിറക്കിയ വാഹനങ്ങൾ രാജ്യത്ത് അതിവേഗം ഹിറ്റടിക്കുകയും ചെയ്‌തിട്ടുണ്ട്. ഫോക്‌സ്‌വാഗണിന് സമാനമായ ഇടിപ്പരീക്ഷയിൽ ഏറ്റവും കൂടുതൽ സ്കോർ നേടാനും ഇവയ്ക്കായി.

ഹ്യുണ്ടായി: ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് നേടുന്ന ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ആദ്യത്തെ കാറാണ് വെർണ. അതും ഹ്യുണ്ടായിയുടെ മെയ്‌ഡ് ഇൻ ഇന്ത്യ കാറാണിതെന്നത് കൂടി കണക്കാക്കുമ്പോൾ ലഭിക്കുന്നത് ഇരട്ടി മധുരമാണ്. സി-സെഗ്മെന്റ് സെഡാന്റെ പുതിയ തലമുറ മോഡലിനെ ഈ വർഷമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വിൽപ്പനയുടെ കാര്യത്തിലും ഈ മാന്യത വാഹനം കാണിക്കുന്നുണ്ട്.
ADAS, ബ്ലൂലിങ്ക് തുടങ്ങിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഹ്യുണ്ടായിയുടെ ഈ കാർ വിപണിയിലെത്തുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഗ്ലോബൽ NCAP ഇന്ത്യയ്ക്കായി നടത്തിയ അവസാന ടെസ്റ്റുകളിലൊന്നാണ് ഹ്യുണ്ടായി വെർണയ്ക്കുള്ളത്. ഇനി മുതൽ ഇന്ത്യയുടെ സ്വന്തം ഇടിപ്പരീക്ഷയായ ഭാരത് NCAP ആയിരിക്കും വാഹനങ്ങളുടെ സേഫ്റ്റി സ്കോർ നിർണയിക്കുക.

ടാറ്റ മോട്ടോർസ്: നെക്‌സോണിലൂടെ ഇന്ത്യയിൽ സുരക്ഷിത കാറുകളെക്കുറിച്ചുള്ള അവബോധം വളർത്തിയെടുത്ത ആദ്യത്തെ വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോർസ്. എന്നിരുന്നാലും ഹാരിയറും സഫാരിയും GNCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കാൻ വളരെ സമയമെടുത്തുവെന്ന് വേണം പറയാൻ. ഈ വർഷം പുറത്തിറക്കിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്കൊപ്പമാണ് കമ്പനി വാഹനങ്ങളെ ഇടിപ്പരീക്ഷയ്ക്ക് എത്തിച്ചത്.
ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന റേറ്റിംഗുമായാണ് ടാറ്റയുടെ രണ്ട് പ്രീമിയം എസ്‌യുവികളും മടങ്ങിയത്. ഇത് മാത്രമല്ല ഹാരിയർ, സഫാരി എന്നിവ ഭാരത് NCAP-ൽ പരീക്ഷിച്ച ആദ്യ വാഹനങ്ങളായും മാറിയിട്ടുണ്ട്. രണ്ട് എസ്‌യുവികളും ലാൻഡ് റോവറിൽ നിന്നും ഉരുത്തിരിഞ്ഞ ഒമേഗആർക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പണിതിറക്കിയിരിക്കുന്നത്. അതിനാൽ രണ്ട് എസ്‌യുവികളും ഒരേ സേഫ്റ്റി റേറ്റിംഗും സവിശേഷതകളുമാണ് പങ്കിടുന്നത്.

പുതിയ ടാറ്റ ഹാരിയറിനും സഫാരിക്കും മുതിർന്നവരുടെ സംരക്ഷണത്തിൽ 32-ൽ 30.08 പോയിന്റും കുട്ടികളുടെ സംരക്ഷണത്തിൽ 49-ൽ 44.54 പോയിന്റും ലഭിച്ചു. എസ്‌യുവികളിൽ ആറ് എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായാണ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നതെന്നത്. കൂടാതെ നിരവധി സുരക്ഷാ സന്നാഹങ്ങൾ ഇരുമോഡലുകളിലും സ്റ്റാൻഡേർഡായി തന്നെ ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ വരികളിലും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഒപ്പം ആങ്കർ പ്രിറ്റെൻഷനർ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, റിട്രാക്ടർ, പ്രെറ്റെൻഷനർ, ലോഡ് ലിമിറ്റർ പോലുള്ള സേഫ്റ്റി ഫീച്ചറുകളാണ് പുതിയ ടാറ്റ സഫാരിയിലും ഹാരിയറിലും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








