പഞ്ചും എക്സ്റ്ററും കിട്ടില്ല, 10 ലക്ഷത്തിന് വാങ്ങാവുന്ന 'കിടു' ടോപ്പ് വേരിയന്റ് കാറുകൾ
മൈലേജ് മാത്രം നോക്കി കാർ വാങ്ങിയിരുന്ന കാലം വിദൂരതയിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ന് പുതിയൊരു വാഹനം വാങ്ങുമ്പോൾ ആളുകൾ പ്രധാന പരിഗണന കൊടുക്കുന്നത് സേഫ്റ്റിക്കാണ്. സുരക്ഷതിമായ കാറുകളെ പറ്റിയുള്ള അവബോധം ആളുകളിൽ വളർന്നിരിക്കുന്നുവെന്നാണ് ഇതെല്ലാം അർഥമാക്കുന്നത്. മിക്കവരും മാരുതിയിൽ നിന്നും മാറി ചിന്തിക്കുന്നതിന്റെയും പ്രധാന കാര്യം സേഫ്റ്റിയാണ്.
പക്ഷേ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് മാത്രമല്ല കേട്ടോ ഒരു കാറിന്റെ സേഫ്റ്റിയുടെ അളവുകോൽ. ഒരോ വാഹനങ്ങളും പുറത്തിറക്കുന്നത് ധാരാളം പരീക്ഷണങ്ങൾക്ക് ശേഷമാണ്. അതിനാൽ തന്നെ മികച്ച സേഫ്റ്റി ഫീച്ചറുകളുമായാണ് ഇന്നത്തെ മിക്ക മോഡലുകളും പുറത്തിറങ്ങുന്നത്. അതിനാൽ 10 ലക്ഷം ബജറ്റിൽ വരെ മികച്ച സുരക്ഷാ അകമ്പടികളുള്ള കാറുകൾ നിങ്ങൾക്ക് കണ്ടെത്താനാവും. ഈ വിലയിൽ വാങ്ങാനാവുന്ന ഏറ്റവും സേഫ്റ്റി ഫീച്ചറുകളുള്ള രാജ്യത്തെ ടോപ്പ് എൻഡ് വേരിയന്റ് കാറുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

റെനോ ട്രൈബർ: കോംപാക്‌ട് എംപിവി സെഗ്മെന്റിൽ വിപ്ലവം തീർത്ത വാഹനമാണ് ഈ ഫ്രഞ്ച് കാർ. ഒരു ഹാച്ച്ബാക്കിന്റെ വിലയിൽ വാങ്ങാനാവുന്ന മോഡൽ സുരക്ഷയുടെ കാര്യത്തിലും വളരെ മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. 10 ലക്ഷം രൂപ വിലയിൽ സുരക്ഷിതമായി സഞ്ചരിക്കാൻ ഒരു വണ്ടി തിരയുകയാണെങ്കിൽ ധൈര്യമായി റെനോ ട്രൈബർ വാങ്ങാം. ടോപ്പ്-സ്പെക്ക് RXZ എഎംടി വേരിയന്റ് ധാരാളം സേഫ്റ്റി ഫീച്ചറുകളുമായാണ് വിപണിയിലെത്തുന്നത്.
ട്രൈബറിന്റെ ഈ മുൻനിര വേരിയന്റിന് നാല് എയർബാഗുകളും ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഫോർ സ്റ്റാർ സുരക്ഷാ റേറ്റിംഗും വരെ ലഭിച്ചിട്ടുണ്ട്. ഇതിന് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകളോ റിയർ സെന്റർ യാത്രക്കാർക്കോ മൂന്നാം നിരയിലുള്ളവർക്കോ ത്രീ-പോയിന്റ് സീറ്റ്ബെൽറ്റും ലഭിക്കുന്നില്ലെന്നത് ചിലപ്പോൾ നിങ്ങളെ നിരാശരാക്കിയേക്കാം. എങ്കിലും മുടക്കുന്ന പണത്തിനുള്ള മൂല്യം വാഹനം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സിട്രൺ C3: വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും സേഫ്റ്റിയുടെ കാര്യത്തിൽ മാന്യമായ ഫീച്ചറുകൾ കോർത്തിണക്കിയ വാഹനമാണിത്. GNCAP ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിട്ടില്ലാത്ത ഈ ലിസ്റ്റിലെ ചുരുക്കം ചില കാറുകളിൽ ഒന്നാണ് സിട്രൺ C3. എങ്കിലും 10 ലക്ഷം ബജറ്റിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ടിപിഎംഎസ്, ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നീ മികച്ച ഫീച്ചറുകളെല്ലാം മോഡലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: കോംപാക്‌ട് ഹാച്ച്ബാക്ക് സെഗ്മെന്റിൽ പലരുടേയും ഇഷ്‌ട മോഡലാണിത്. ഡിസൈനിലും ഫീച്ചറുകളിലും മാത്രമല്ല, സേഫ്റ്റിയുടെ കാര്യത്തിലും മോശക്കാരനല്ല ഗ്രാൻഡ് i10 നിയോസ്. ടോപ്പ് എൻഡ് വേരിയന്റുകളിൽ സ്റ്റാൻഡേർഡായി തന്നെ 6 എയർബാഗുകളും ഹ്യുണ്ടായി ഇതിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. 10 ലക്ഷം ബജറ്റിന് താഴെ സ്വന്തമാക്കാനാവുന്ന ഉഗ്രൻ കാറാണിത്.

റിയർ സെന്റ്ർ യാത്രക്കാർക്കായി ത്രീ-പോയിന്റ് സീറ്റ്ബെൽറ്റ്, ടിപിഎംഎസ്, സീറ്റ്ബെൽറ്റ് റിമൈൻഡർ എന്നിവയും കൂടാതെ ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റും ഇതിന് ലഭിക്കുന്നു. കഴിഞ്ഞ ടെസ്റ്റിൽ, ഗ്രാൻഡ് i10 നിയോസ് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 2-സ്റ്റാർ റേറ്റിംഗാണ് സ്വന്തമാക്കിയത്. എന്നിരുന്നാലും, കാറിന് ഇപ്പോൾ ആറ് എയർബാഗുകൾ ലഭിക്കുന്നതിനാൽ റേറ്റിംഗ് കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതി സുസുക്കി സ്വിഫ്റ്റ്: ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കാറുകളിൽ ഒന്നാമനാണിവൻ. അടുത്ത വർഷം പുതുതലമുറ ആവർത്തനം എത്തുന്നതോടെ സ്വിഫ്റ്റിന്റെ റേഞ്ച് തന്നെ മാറും. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറാണെന്ന അവകാശവാദങ്ങൾ ഉന്നയിക്കാൻ ആവില്ലെങ്കിലും GNCAP ക്രാഷ് ടെസ്റ്റിൽ 2 സ്റ്റാർ സ്‌കോർ ചെയ്യാൻ മാരുതിയുടെ ഈ കാറിനായിട്ടുണ്ട്. ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും സീറ്റ് ബെൽറ്റ് റിമൈൻഡറുമാണ് പ്രധാന ഫീച്ചറായി പറയാനാവുന്നത്.

ടാറ്റ ടിയാഗോ: ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ടാറ്റ ടിയാഗോ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ നേടിയിട്ടുണ്ട്. കുഞ്ഞൻ ഹാച്ച്ബാക്കിന്റെ സേഫ്റ്റി ഫീച്ചറുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ടിപിഎംഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ പോലുള്ള സവിശേഷതകളെല്ലാമാണ് ലഭിക്കുന്നത്. എന്നിരുന്നാലും മോഡലിന് പിന്നിൽ ത്രീ-പോയിന്റ് സീറ്റ്ബെൽറ്റുകളോ ISOFIX ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്റുകളോ ഇല്ല.


Click it and Unblock the Notifications








