മാരുതി 'ഇന്നോവ' വാങ്ങിയാൽ ഗുണങ്ങൾ ഏറെ, ഇക്കാര്യങ്ങളിൽ ടൊയോട്ട മാറിനിൽക്കും
ഇന്ത്യയിൽ ടൊയോട്ടയെ (Toyota) ഇന്നുകാണുന്ന ടൊയോട്ടയാക്കിയതാരെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ഇന്നോവ (Innova). മൾട്ടി പർപ്പസ് മോഡലുകളുടെ അവസാനവാക്കായി മാറിയ ഈ വാഹനം ഏത് തരത്തിലുള്ള ആളുകളെയും കൈയിലെടുത്ത ചരിത്രം മാത്രമാണുള്ളത്. വണ്ടി നൽകുന്ന യാത്രാ സുഖം കിട്ടണമെങ്കിൽ ഈ റേഞ്ചിൽ വേറെ മോഡലുകൾ ഒന്നുമില്ലെന്നും വേണമെങ്കിൽ പറയാം.
കിടിലൻ യാത്രാ സുഖം, മികച്ച ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, വിശ്വാസീയത തുടങ്ങിയ കാര്യങ്ങളിലൂടെയാണ് ഇന്നോവ ഇന്നത്തെ ഇന്നോവയായത്. ആദ്യതലമുറ മോഡലിന് വരെ യൂസ്‌ഡ് കാർ വിപണിയിൽ വൻ ഡിമാന്റാണുള്ളത്. നിലവിൽ മൂന്നാംതലമുറ ആവർത്തനമായ ഹൈക്രോസ് രൂപത്തിലാണ് വിപണിയിൽ ഇന്നോവ എത്തുന്നത്. ഹൈബ്രിഡ് എഞ്ചിനും ആധുനിക സവിശേഷതകളെല്ലാം കോർത്തിണക്കി പുറത്തിറക്കിയ ഇതും ആളുകൾക്കിടയിലെ താരമായി മാറിയിട്ടുണ്ട്.

മാരുതിയുടെ കുപ്പായമിട്ട് ഇന്നോവ പുറത്തിറക്കാൻ പോവുകയാണെന്ന വാർത്ത ഇതിനോടകം തന്നെ വാഹന വിപണി അറിഞ്ഞ കാര്യമാണ്. ഇതാദ്യമായാണ് ടൊയോട്ടയുടെ ഒരു മോഡൽ മാരുതി നിരയിലേക്ക് മാറുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ബലേനോ ഗ്ലാന്‍സയായത് പോലെ, ബ്രെസ അര്‍ബന്‍ ക്രൂയിസര്‍ ആയതുപോലെ ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും ഒരുക്കിയതു പോലെ തന്നെയാവും ഈ രൂപമാറ്റവും. അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ പേരിൽ മാരുതി സുസുക്കി ബാഡ്‌ജ് അണിഞ്ഞ് ഹൈക്രോസ് എത്തും.
ടൊയോട്ട ഹൈക്രോസിന്റെ റീബാഡ്‌ജ് പതിപ്പാണെങ്കിലും ചില ഡിസൈൻ മാറ്റങ്ങളും പേരിലെ പുതുമയും കൊണ്ട് മാരുതി സുസുക്കി ഹൈക്രോസ് അൽപം വ്യത്യസ്‌തനായിരിക്കും. എൻഗേജ് എന്നായിരിക്കും ഹൈക്രോസിന്റെ മാരുതി വകഭേദത്തിന്റെ പേരെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിലവിലുള്ള ടൊയോട്ട ഇന്നോവ ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന മാരുതി എൻഗേജ് വാങ്ങിയാൽ ചില അധിക ഗുണങ്ങൾ ഉപഭോക്താക്കൾക്കുണ്ടാവും. അതെന്തെല്ലാമെന്ന് പറഞ്ഞുതരാം.

ടാക്‌സി ഇമേജില്ല എന്നതാണ് ടൊയോട്ട ഇന്നോവ ഹൈക്രോസുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന മാരുതി എൻഗേജിനുണ്ടാവാൻ പോവുന്ന ആദ്യത്തെ ഗുണം. യൊയോട്ട ഇന്നോവ പ്രൈവറ്റായി വാങ്ങുന്നതിലും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ടാക്‌സി ആവശ്യങ്ങൾക്കായാണ്. ഇത് പല പ്രീമിയം ഉപഭോക്താകളെയും പിന്നോട്ടുവലിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ആയതിനാൽ ഇവിടെ മാരുതി എൻഗേജ് എംപിവിക്ക് നേട്ടംകൊയ്യാനാവും.
ടൊയോട്ടയേക്കാൾ വിശാലമായ സെയിൽസ്, സർവീസ് നെറ്റ്‌വർക്കുള്ള കമ്പനിയാണ് മാരുതി സുസുക്കി. നമ്മുടെ വീടിന് ഒരു 10 കിലോമീറ്റർ ചുറ്റളവിലെങ്കിലും ഒരു മാരുതി സെയിൽസ്, സർവീസ് കണ്ടെത്താനാവും. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ പോലുമുള്ളവർ മാരുതി കാറുകൾ തെരഞ്ഞെടുക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നും ഇതാണ്. അതുമാത്രമല്ല, പാർട്‌സുകളുടെ ലഭ്യതയും കുറഞ്ഞ വിലയും കൂടിയാവുമ്പോൾ സംഭവം കളറാവുന്നു.

കുറഞ്ഞ മെയിന്റനൻസാണ് മാരുതി സുസുക്കി കാറുകളുടെ മറ്റൊരു പ്ലസ് പോയിന്റ്. ചെലവുകുറഞ്ഞ പരിപാലനച്ചെലവ് ഏതൊരു ഉപഭോക്താവും ആഗ്രഹിക്കുന്ന കാര്യമാണ്. കനത്ത പ്രാദേശികവൽക്കരണം കാരണം മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച് മാരുതി ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സ് വില കുറവാണ്. ഇതെല്ലാം ടൊയോട്ട ഇന്നോവ ഹൈക്രോസിന് മുകളിൽ മാരുതി എൻഗേജ് തെരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിച്ചേക്കാം.
മൈലേജിന്റെ കാര്യത്തിൽ ടൊയോട്ട ഹൈക്രോസ് ഇപ്പോഴേ പുലിയാണ്. ഹൈബ്രിഡ് കരുത്തിൽ ഏകദേശം 24 കിലോമീറ്റർ മൈലേജ് വരെയാണ് ജാപ്പനീസ് ബ്രാൻഡ് എംപിവിയിൽ അവകാശപ്പെടുന്നത്. എന്നാൽ ഈ മൈലേജ് കണക്കുകൾ അൽപ്പം ഉയർത്താൻ മാരുതി ഒരു വഴി കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ മാത്രമേ സ്വന്തമായൊരു ഐഡിന്റിറ്റി ലഭ്യമാവൂ. പക്ഷേ ഇതിനായി മാരുതി ഇന്നോവ പിറവിയെടുക്കും വരെ കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

എൻഗേജ് എംപിവി മാരുതിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പുകൾ വഴിയാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ പ്രീമിയം റീട്ടെയിൽ അനുഭവം പലമടങ്ങ് വർധിപ്പിക്കാൻ കമ്പനിക്കാവും. അരീന ഷോറൂമുകളിലൂടെ ബ്രാൻഡ് സ്ഥിരവും സ്ഥാപിതവുമായ മോഡലുകളാണ് വിറ്റഴിക്കുന്നത്. ഇക്കാരണങ്ങളാൽ ടൊയോട്ട ഇന്നോവ ഹൈക്രോസിനേക്കാൾ മിടുക്കനാവാൻ മാരുതി എൻഗേജിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








