ഇവികൾ സൈഡാവുമോ? ടൊയോട്ടയുടെ എഥനോൾ വാഹനം ഓഗസ്റ്റിൽ
ഇന്ത്യയിൽ പെട്രോൾ, ഡീസൽ ഇന്ധനങ്ങളുടെ വില ഉയർന്നു തന്നെ നിൽക്കുന്നത് പതിലെ എല്ലാവരെയും ഇവികളിലേക്ക് അടുപ്പിക്കുകയാണ്. എന്നാൽ വൈദ്യുത വാഹനങ്ങൾക്ക് മുടക്കേണ്ടി വരുന്ന ഭീമമായ തുക സാധാരണക്കാരെ സംബന്ധിച്ച് താങ്ങാനാവില്ല. ഇത്തരക്കാർ കൂടുതലായും സിഎൻജി പോലുള്ള ബദൽ മാർഗങ്ങളാണ് തേടുന്നത്. പരമ്പരാഗത വാഹനങ്ങൾ ഉപയോഗിക്കുന്ന ലാഘവത്തോടെ ഇവ കൊണ്ടുനടക്കാം എന്നതാണ് മറ്റൊരു ഗുണം.
ഇവിടെയാണ് എഥനോൾ അടിസ്ഥാനമാക്കി വരുന്ന വാഹനങ്ങളുടെ പ്രാധാന്യം മനസിലാക്കാനാവുന്നത്. എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനം അല്ലെങ്കിൽ ഫ്ലെക്സ് ഫ്യുവലിൽ മാത്രം ഓടുന്ന കാറുകളും ഇരുചക്ര വാഹനങ്ങളും ഇന്ത്യയിൽ ഉടൻ ഓടിത്തുടങ്ങും. ഇന്നു പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും E20 നിലവാരത്തിലുള്ളതാവണമെന്ന് കേന്ദ്ര സർക്കാർ നിബന്ധനവെച്ചിരുന്നു. ഈ നിയമം 2023 ഏപ്രിൽ ഒന്നു മുതൽ നിലവിലും വന്നിരുന്നു. കാർബൺ പുറന്തള്ളലിനെ ചെറുക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങൾക്ക് ശക്തമായ ബദലായി ഫ്ലെക്‌സ് ഫ്യുവൽ മാറും.

ഈ വിപ്ലവത്തിന് ഈ വർഷം ഓഗസ്റ്റിൽ പുറത്തിറക്കുന്ന ടൊയോട്ട കാമ്രിയിൽ നിന്നും തുടങ്ങുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഞായറാഴ്ച്ച പറഞ്ഞു. മലിനീകരണം കുറയ്ക്കുന്നതിനും പെട്രോൾ, ഡീസൽ തുടങ്ങിയ വിലയേറിയ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ ബദൽ ഇന്ധനത്തിലും ഓടാൻ കഴിയുന്ന വാഹനങ്ങൾ വേണമെന്ന് നാഗ്പൂരിൽ നടന്ന ഒരു പരിപാടിയിലാണ് ഗഡ്കരി അഭിപ്രായപ്പെട്ടത്.
എഥനോൾ അധിഷ്‌ഠിത വാഹനങ്ങൾ ഉടൻ രാജ്യത്ത് അവതരിപ്പിക്കുന്നതിന്റെ ആദ്യ ഘട്ടമായിരിക്കും ടൊയോട്ടയിലൂടെ തുടങ്ങുന്നത്. 2025 ഏപ്രിൽ മുതൽ E20 ഇന്ധനം അതായത് 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ പൂർണമായി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. പെട്രോളിന് പകരമായി ഹരിത ഇന്ധനം ഉപയോഗിക്കുന്നതിന്റെ ബഹുമുഖ നേട്ടങ്ങളിൽ ഉറച്ച് വിശ്വസിക്കുന്നയാളാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.

ക്രൂഡ് ഓയിൽ ഇറക്കുമതി ബിൽ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് അദ്ദേഹം പറയുമ്പോൾ, എഥനോൾ അധിഷ്ഠിത ഇന്ധനത്തിലേക്ക് മാറുന്നത് പരിസ്ഥിതിക്ക് ഗുണകരമാകുമെന്നും അന്തിമ ഉപഭോക്താവിന് കൂടുതൽ ലാഭകരമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പൂർണമായും എഥനോൾ ഉപയോഗിക്കുന്ന പുതിയ വാഹനങ്ങളാണ് ഇന്ത്യയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
അധികം വൈകാതെ ബജാജ്, ടിവിഎസ്, ഹീറോ സ്കൂട്ടറുകൾ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കും. എഥനോൾ മാത്രം ഉപയോഗിച്ച് ഓടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ കാറായ ടൊയോട്ട കാമ്രി ഓഗസ്റ്റിൽ പുറത്തിറക്കുമെന്ന് ഞായറാഴ്ച്ചയാണ് ഗഡ്കരി തന്റെ പ്രസംഗത്തിനിടെ പ്രഖ്യാപിക്കുന്നത്. 40 ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാനും ആഡംബര സെഡാന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ബദൽ ഇന്ധനത്തിലേക്ക് നീങ്ങുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റവുമാണ്.
ഇവികളുടെ ഉയർന്ന വില താങ്ങാനാവാത്തവർക്ക് എഥനോൾ വാഹനങ്ങൾ അനുഗ്രഹമാവും. സ്ട്രാംഗ് ഹൈബ്രിഡ് സംവിധാനത്തോടെ നിരവധി വർഷങ്ങളായി ഇന്ത്യയിൽ സജീവ സാന്നിധ്യമായ കാറാണ് ടൊയോട്ട കാമ്രി. ഇത് ഒരു പരമ്പരാഗത പെട്രോൾ എഞ്ചിനും പ്രൊപ്പൽഷനായി ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഇതുവഴി 21.1 കിലോമീറ്റർ മൈലേജ് വരെ ഈ പ്രീമിയം സെഡാന് നൽകാനാവും. ഫ്ലെക്സ്-ഫ്യുവൽ കാമ്രി കാര്യക്ഷമതയുടെയും സംരക്ഷണത്തിനെയും മറ്റൊരു തലമാണ് സൃഷ്ടിക്കുക.
ഇലക്ട്രിക് വാഹനങ്ങളിൽ നാം കാണുന്ന ഉയർന്ന പ്രാരംഭ വാങ്ങൽ ചെലവിന് സമാനമായി ഫ്ലെക്‌സ്-ഫ്യുവൽ കാറുകൾ ഏറ്റെടുക്കുന്നതിനുള്ള ചെലവ് കുതിച്ചുയരില്ലെന്നതും ആളുകളെ ആകൃഷ്‌ടരാക്കാൻ സഹായിക്കും. കാമ്രി ഫ്ലെക്‌സ്-ഫ്യുവലിൽ ആവശ്യമായ ചെറിയ മാറ്റങ്ങളും ഇലക്ട്രിക് മോട്ടോറിന്റെയും ബാറ്ററി പായ്ക്കിന്റെയും ഒഴിവാക്കലും കണക്കിലെടുക്കുമ്പോൾ വാഹനത്തിന്റെ വില കുറയുമെന്നാണ് അനുമാനം. നിലവിൽ പുതിയ ടൊയോട്ട കാമ്രിക്ക് ഇന്ത്യയിൽ 45.71 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
ഫ്ലെക്സ്-ഇന്ധന കാറുകൾ നിർമിക്കുന്നത് താരതമ്യേന ചെലവ് കുറഞ്ഞതാണ്. കാരണം നിലവിലുള്ള പെട്രോൾ എഞ്ചിനിലെ ചെറിയ പരിഷ്കാരങ്ങൾ ഉയർന്ന ജൈവ ഇന്ധന മിശ്രിതങ്ങളിൽ പ്രവർത്തിക്കാൻ മോട്ടോറിനെ പ്രാപ്തമാക്കുന്നത് മാത്രമാണ് വരുന്ന മാറ്റം. ഒരു ബ്രാൻഡ് സാധാരണയായി വാഹനത്തിന്റെ ഫ്യുവൽ ടാങ്കിലേക്ക് അധിക സെൻസറുകൾ ചേർക്കുന്നതാണ് മാറ്റമെന്ന് പറയാം. ഈ സെൻസറുകൾക്ക് മിശ്രിതത്തിലെ എഥനോളിന്റെ ശതമാനം കണ്ടെത്താനും അനുയോജ്യമായ സ്പാർക്കിനായി ഇൻജക്ടറുകളിലേക്ക് കൃത്യമായ ഇന്ധനം എത്തിക്കാനും കഴിയും.


Click it and Unblock the Notifications








