ടൊയോട്ടയുടെ കെയറിംഗ് കണ്ടോ, ഇതറിഞ്ഞാൽ ആരായാലും വണ്ടിവാങ്ങിപ്പോവും
ഇന്ത്യയിൽ എത്തിയ ജാപ്പനീസ് വാഹന നിർമാതാക്കളിൽ ഏറ്റവും പ്രിയപ്പെട്ടവരാണ് ഇന്നോവ മുതലാളിയെന്ന് നാം ചെല്ലപ്പേരിട്ട് വിളിക്കുന്ന ടൊയോട്ട. ക്വാളിസിൽ തുടങ്ങിയ ഇന്ത്യയിലെ യാത്രയിൽ ഏറ്റവും വിജയമായതും ഇന്നോവ എന്ന മൾട്ടി പർപ്പസ് വാഹനമാണ്. ഇതോടൊപ്പം കിടപിടിക്കാൻ എന്തിനും പോന്ന ഫോർച്യൂണറും കൂടിയയപ്പോൾ ഇമേജ് വർധിച്ചു.
പിന്നീട് കൂടുതൽ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാൻ നിയോഗിച്ച എത്തിയോസ് ലിവയും എത്തിയോസ് സെഡാനും തങ്ങളുടെ റോൾ ഗംഭീരമാക്കി. ലക്ഷക്കണക്കിന് കിലോമീറ്ററുകളോളം ഒരു പണിയുമില്ലാതെ ഓടാൻ കെൽപ്പുള്ള ഡീസൽ, പെട്രോൾ എഞ്ചിനുകളാണ് ടൊയോട്ടയുടെ വിജയമന്ത്രം. അങ്ങനെ വിശ്വാസമെന്ന പദത്തിന് വാഹന നിർമാണ കമ്പനികൾക്കിടയിൽ ടൊയോട്ട വലിയൊരു അർഥമാണ് സമ്മാനിച്ചത്.

ടൊയോട്ട കിർലോസ്‌കർ മോട്ടോർ തങ്ങളുടെ കാറുകളിലുടനീളം അഞ്ച് വർഷത്തെ കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റൻസ് വാഗ്ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് ബ്രാൻഡ്. 2023 ഓഗസ്റ്റ് 1 മുതൽ വിൽക്കുന്ന കാറുകൾക്കാവും ഇത് ബാധകമാവുക. വാഹനം തകരാറിലായാലും ടൊയോട്ട കാർ ഉടമകൾക്ക് മനസമാധാനം നൽകുന്നൊരു തീരുമാനമാണ് കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റൻസ്.
തകരാർ, അപകടവുമായി ബന്ധപ്പെട്ട ടോവിംഗ് സപ്പോർട്ട്, ഡെഡ് ബാറ്ററികൾക്കുള്ള ജമ്പ് സ്റ്റാർട്ട്, ടയർ പഞ്ചർ അറ്റകുറ്റപ്പണികൾ, കുറഞ്ഞ ഫ്യുവൽ നിലയിലോ വാഹനത്തിന്റെ പ്രധാന പ്രശ്‌നങ്ങളിലോ സഹായം, കൂടാതെ 50 കിലോമീറ്റർ വരെ ദൂരത്തേക്ക് ടാക്സികൾ ക്രമീകരിക്കുക തുടങ്ങിയ സേവനങ്ങളും ടൊയോട്ട വാഗ്ദാനം ചെയ്യും. ഇതിലൂടെ തങ്ങളുടെ ഉപഭോക്താക്കൾ അവരുടെ യാത്രകൾക്കിടയിൽ വഴിയിലാവില്ലെന്ന ഉറപ്പാണ് ടൊയോട്ട നൽകുന്നത്. എങ്ങനെയുണ്ട് സംഭവം പൊളിയല്ലേ.

ഈ സേവനം തടസമില്ലാത്ത രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി ഒരു 'ഫൈൻഡ് മീ' ഫംഗ്‌ഷനും കമ്പനി വാഗ്ദാനം ചെയ്യും. അത് ഉപഭോക്താക്കളെ ട്രാക്ക് ചെയ്യാൻ അനുവദിക്കുന്നതിനാൽ RSA ടീമിന് അവരെ അടിയന്തര ഘട്ടങ്ങളിൽ അനായാസം കണ്ടെത്താൻ സഹായിക്കും. ഇതിനുപുറമെ, റോഡ്‌സൈഡ് അസിസ്റ്റൻസ് പ്രക്രിയയ്ക്കായി ടൊയോട്ട സമ്പൂർണ ഡിജിറ്റലൈസേഷനും നടപ്പിലാക്കിയിട്ടുണ്ട്.
D-RSA എന്നാണ് ഇതിന്റെ പേര്. കമ്പനി പറയുന്നതനുസരിച്ച്, ഇത് സേവനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് സഹായം എത്തിക്കുന്നത് എളുപ്പത്തിലും വേഗത്തിലുമാക്കാനും ഡിജിറ്റലൈസേഷനിലൂടെ സാധിക്കുമെന്നുമാണ് ബ്രാൻഡ് വിശ്വസിക്കുന്നത്. വാഹന ഉടമകൾക്ക് അവരുടെ റോഡ് സൈഡ് അസിസ്റ്റൻസ് ആവശ്യമായ സ്ഥലത്ത് ഉടനടി സഹായവും ആവശ്യമായ പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടൊയോട്ട വെഹിക്കിൾ കസ്റ്റോഡിയൻ സേവനവും അവതരിപ്പിച്ചിട്ടുണ്ട്.

ഇത് ഉപഭോക്താവിന്റെ മുന്നോട്ടുള്ള യാത്ര തടസമില്ലാതെ തുടരാനും അനുവദിക്കുന്നു. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന കോംപ്ലിമെന്ററി റോഡ്‌സൈഡ് അസിസ്റ്റൻസ് ടൊയോട്ട നേരത്തെ ഓപ്ഷണലായി സർവീസിനോടൊപ്പം വാഗ്‌ദാനം ചെയ്ത് വന്നിരുന്ന ഒന്നാണ്. 2010-ൽ ആരംഭിച്ച RSA പ്രോഗ്രാം, ബ്രാൻഡിന്റെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ അവിഭാജ്യ ഘടകമാണ്.
ടൊയോട്ട നിലവിൽ കാമ്രി ഹൈബ്രിഡ്, അർബൻ ക്രൂയിസർ ഹൈറൈഡർ, ഹൈലക്‌സ്, ഇന്നോവ ഹൈക്രോസ്, ഗ്ലാൻസ, റൂമിയോൺ, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ തുടങ്ങിയ മോഡലുകളാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത LC 300, വെൽഫയർ എന്നിവയും ജാപ്പനീസ് ബ്രാൻഡിന്റെ പ്രീമിയം വിഭാഗത്തിന് കീഴിലുണ്ട്.

ബ്രാൻഡ് നിലവിൽ ലാൻഡ് ക്രൂയിസറിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം ആഡംബര എംപിവി വാഹനമായ വെൽഫയറിന്റെ പുത്തൻ മോഡലിനെ ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഹായ്, വിഐപി എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ വെൽഫയർ വിൽപ്പനയ്ക്ക് എത്തുക. രണ്ടാമത്തേതിന് എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജും ലഭിക്കുന്നുണ്ട്.
അടുത്തിടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച വെൽഫയറിനെ ഇന്ത്യയിൽ 1.20 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വിപണനം ചെയ്യുന്നത്. അതായത് പഴയ മോഡലിനേക്കാൾ 24 ലക്ഷം രൂപ കൂടുതലാണ് പുതുതലമുറ വെൽഫയറിനായി മുടക്കേണ്ടി വരുന്നതെന്ന് സാരം. പുതിയ വെൽഫയർ സമാനമായ രൂപം നിലനിർത്തുന്നുണ്ടെങ്കിലും ഡിസൈനിൽ അതിശയിപ്പിക്കും വിധമുള്ള മാറ്റങ്ങൾ വിപണിയിൽ ആറാടാൻ സഹായിക്കും എന്നുറപ്പാണ്.

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ വെൽഫയറിന് കമ്പനിയുടെ സേഫ്റ്റി സെൻസ് ADAS സിസ്റ്റം ലഭിക്കുന്നുണ്ട്. 19.28 കി.മീ. ഇന്ധനക്ഷമത കിട്ടുന്ന ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ടൊയോട്ട വെൽഫയർ എംപിവിയുടെ ഹൃദയം. ഒരു ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 240 Nm torque വരെ നൽകാൻ ശേഷിയുണ്ട്.


Click it and Unblock the Notifications








