ഡീസലടിച്ച് കാശ് കളയേണ്ട; 587 കി.മീ റേഞ്ചുമായി ഹൈലക്‌സിന്റെ ഹൈഡ്രജൻ മോഡൽ, ഇതുതാണ്ട ടൊയോട്ട
ടൊയോട്ട കാറുകൾക്ക് ലേകമെമ്പാടുമായുള്ള വിശ്വാസീയത ഒന്നു വേറെ തന്നെയാണ്. ഇന്ത്യയിലും ഇന്നോവ മുതലാളിയായി വിലസുന്ന കമ്പനിയുടെ ഇമേജ് വേറൊരു ബ്രാൻഡിനും അവകാശപ്പെടാനുമാവില്ല. എത്ര ലക്ഷം കിലോമീറ്റർ വരെയും ചുമ്മാ കിടന്നോടുന്ന ടൊയോട്ട വണ്ടികൾ നമ്മുടെ നിരത്തിലുണ്ടുതാനും. ആയതിനാൽ ടൊയോട്ടയുടെ മോഡലുകൾ വാങ്ങാൻ ആരും രണ്ടാമതൊന്ന് ചിന്തിച്ചേക്കില്ല.
ബജറ്റ് പ്രശ്‌നമാണെങ്കിൽ മാത്രമാണ് ഇക്കാര്യത്തിൽ പലരും വിട്ടുവീഴ്ച്ച ചെയ്യാറുള്ളൂ. ഇപ്പോൾ പെട്രോൾ, ഡീസൽ മോഡലുകളിൽ നിന്നും ശ്രദ്ധതിരിച്ച് മറ്റ് ഭാവി കാര്യങ്ങളിലേക്ക് ഊന്നൽ കൊടുക്കുകയാണ് ബ്രാൻഡ്. അടുത്തിടെ ഫ്ലെക്‌സ് ഫ്യുവൽ ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചതും ഇതിന്റെയെല്ലാം ഭാഗമാണ്. ഇതിനു പിന്നാലെയിതാ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ടൊയോട്ട.

യുകെയിലാണ് സംഭവം വെളിപ്പെടിത്തിയിരിക്കുന്നത് എങ്കിലും സമീപ ഭാവിയിൽ നമ്മുടെ നിരത്തുകളിലും ഈ വാഹനം എത്തിയേക്കും. ഏകദേശം ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷമാണ് ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാക്കിയെടുത്തത്. അഡ്വാൻസ്ഡ് പ്രൊപ്പൽഷൻ സെന്റർ വഴി ബ്രിട്ടീഷ് സർക്കാരിൽ നിന്ന് ഫണ്ട് കണ്ടെത്തിയാണ് ലൈഫ് സ്റ്റൈൽ മോഡലിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നതും.
മാനുഫാക്ചറിംഗ് യുകെയുടെ ഡെർബിയിലെ ബർണാസ്റ്റൺ കാർ പ്ലാന്റിലാണ് പിക്ക്-അപ്പ് ട്രക്കിനെ വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിൽ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ് ഇതെന്നും കമ്പനി പറയുന്നു. ഈ വർഷം അവസാനത്തോടെ ഇത്തരത്തിലുള്ള ഒമ്പത് പ്രോട്ടോടൈപ്പുകൾ കൂടി നിർമ്മിക്കുമെന്ന് ടൊയോട്ട അറിയിച്ചിട്ടുണ്ട്. ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സലൂണായ ടൊയോട്ട മിറായിയിൽ നിന്നുള്ള പവർട്രെയിൻ ആണ് ഹൈലക്‌സിലും ഉപയോഗിക്കുന്നത്.

മിറായിയിലെ പവർട്രെയിൻ ഏകദേശം പത്ത് വർഷമായി ഉപയോഗിച്ച് തെളിഞ്ഞതാണ്. ആയതിനാൽ അതിന്റെ വിശ്വാസ്യത ഹൈലക്‌സിലും പ്രതിഫലിക്കുമെന്ന് നിസംശയം പറയാം. ഡ്രൈവ് ചെയ്യുമ്പോൾ, ഫ്യുവൽ സെൽ ശുദ്ധജലമല്ലാതെ മറ്റ് മലിനീകരണങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഹൈലക്‌സിൽ മൂന്ന് ഹൈ-പ്രഷർ ഫ്യുവൽ ടാങ്കുകളാണ് ഉപയോഗിക്കുന്നത്.
ആയതിനാൽ പിക്കപ്പ് ട്രക്കിന് 587 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് ടൊയോട്ട പറയുന്നത്. ഫ്യുവൽ സെല്ലിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിക്കുന്ന ബാറ്ററി, പിൻ ലോഡ് ഡെക്കിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുവഴി ഹൈലക്‌സിന്റെ ഹൈലൈറ്റായ ക്യാബിൻ സ്പേസിൽ ഒരു നഷ്‌ടവും സംഭവിച്ചിട്ടില്ലെന്നതും വാഹനത്തിന്റെ പ്രായോഗികത വർധിപ്പിക്കുന്നുണ്ട്.

പരമാവധി 201 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഹൈലക്‌സിന് കരുത്ത് പകരുന്നത്. തെരഞ്ഞെടുക്കുന്ന 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനെ ആശ്രയിച്ച് ടോർക്ക് ഔട്ട്പുട്ട് 420 Nm അല്ലെങ്കിൽ 500 Nm ആയി മാറുകയും ചെയ്യുന്നു. ഇന്ത്യൻ വിപണിയിലെ ലൈഫ് സ്റ്റൈൽ പിക്കപ്പ് വിഭാഗത്തിൽ ഇസൂസു വി-ക്രോസുമായി മത്സരിക്കുന്ന ടൊയോട്ട ഹൈലക്‌സ് സ്റ്റാൻഡേർഡ്, ഹൈ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്.
ഹൈ വേരിയന്റിനൊപ്പം മാത്രമേ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാകൂ. വാഹനത്തിന് ഇന്ത്യയിൽ 30.40 ലക്ഷം രൂപ മുതൽ 37.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയുള്ളത്. ഫോർച്യൂണറിന്റെ അതേ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഹൈലക്‌സിന് 4×4 ശേഷിയുണ്ട്. ഹൈ-ലോ ട്രാൻസ്ഫർ കേസും ടൊയോട്ടയുടെ A-TRAC ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും വാഹനത്തിലുണ്ട്. അതേസമയം 22.07 ലക്ഷം മുതൽ 27 ലക്ഷം രൂപ വരെ വിലയാണ് ഡി-മാക്‌സ് വി-ക്രോസിനുള്ളത്.

എങ്കിലും കൂടുതൽ ഗാംഭീര്യം ടൊയോട്ടയുടെ പിക്കപ്പിനായതിനാൽ ഇന്ത്യയിൽ മോശമല്ലാത്ത രീതിയിൽ വാഹനം വിറ്റഴിക്കപ്പെടുന്നുണ്ട്. ഉയർന്ന വിലയാണ് നൽകുന്നതെങ്കിലും അതിനൊത്ത ആഡംബരവും പ്രീമിയം ഫീച്ചറുകളുമാണ് മോഡലിന് ലഭിക്കുന്നത്. ടോപ്പ് എൻഡ് വേരിയന്റിൽ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ പിൻ ബമ്പറിൽ ക്രോം ബാർ, ക്രോം ബെൽറ്റ്‌ലൈൻ, 18 ഇഞ്ച് അലോയ് വീലുകൾ, പവർ ഫോൾഡബിൾ ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ എന്നിവയാണ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
അകത്തേക്ക് കയറിയാൽ ലെതർ സീറ്റുകൾ, എട്ടു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, രണ്ടാം നിര എസി വെന്റുകൾ, 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ടിഎഫ്ടി മൾട്ടി-ഫംഗ്ഷൻ ഡിസ്പ്ലേ, യുവി കട്ട് ഗ്ലാസ് എന്നീ ഫീച്ചറുകളും ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പ്രത്യേകതകളാണ്. പുതിയ ഹൈഡ്രജൻ വേരിയന്റ് വിപണിയിൽ എത്തുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാവും.


Click it and Unblock the Notifications








