എന്തിനും ഏതിനും റെഡി! പട്ടാളത്തിലേക്ക് വീണ്ടും ടൊയോട്ട വണ്ടി, ഇത്തവണത്തെ രൂപമാറ്റം 'അടിപൊളി'
ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടെ പുതിയ മുഖമാണ് ടൊയോട്ട ഹൈലക്‌സ്. വിദേശരാജ്യങ്ങളില്‍ പണ്ടേ ഹിറ്റാണെങ്കിലും ഇന്ത്യയിൻ വിപണിയിൽ ഇത്ര കാര്യമായ വിൽപ്പനയൊന്നും ഇല്ലാത്തൊരു സെഗ്മെന്റാണിത് എന്നു പറയാം. എങ്കിലും അൽപം അഡ്വഞ്ചറും ക്യാമ്പിംഗും ട്രാവലിംഗും എല്ലാം ഇഷ്‌ടപ്പെടുന്നവർക്ക് പറ്റിയ വണ്ടിയാണിത്. അത്യാവശ്യം പിക്കപ്പായും എസ്‌യുവിയായി പ്രായോഗികമായി ഉപയോഗിക്കാം എന്നതാണ് ഹൈലക്‌സിന്റെ പ്രത്യേകത.
അടുത്തിടെ ടൊയോട്ടയുടെ കരുത്തൻ ഹൈലക്‌സ് ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായതും ഏറെ സ്വീകാര്യത നേടിയ വാർത്തയായിരുന്നു. ഏത് ഭൂപ്രദേശങ്ങളിലും കഠിനമായ സാഹചര്യങ്ങളെയും വെല്ലുവിളിച്ച് മുന്നേറാനുള്ള ഈ ടൊയോട്ട കാറിന്റെ മികവാണ് സൈന്യത്തിലേക്ക് എത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് ജാപ്പനീസ് വാഹനഭീമനായ ടൊയോട്ടയുടെ ഒരു വാഹനം ഇന്ത്യൻ സൈന്യത്തിലേക്ക് സേവനമനുഷ്ഠിക്കുന്നത്.

ഇന്ത്യൻ ആർമിയുടെ വടക്കൻ കമാൻഡിലെ ടെക്‌നിക്കൽ ഇവാലുവേഷൻ കമ്മിറ്റി രണ്ട് മാസത്തെ തീവ്രമായ പരിശോധനകൾക്ക് ശേഷമാണ് ഹൈലക്‌സിനെ പട്ടാളത്തിൽ എടുത്തതും. ഇന്ത്യൻ ആർമിയുടെ നോർത്തേൺ കമാൻഡ് സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേഴ്‌സ് (SIDM), IIT എന്നിവയുമായി സഹകരിച്ച് നടത്തുന്ന ടെക്‌നോളജി-ഷോകേസ് വാർഷിക പരിപാടിയായ നോർത്ത് ടെക് സിമ്പോസിയത്തിന്റെ (NTS) 2023 പതിപ്പിൽ ടൊയോട്ട ഇന്ത്യൻ സൈന്യത്തിന് രണ്ട് സെഷ്യൽ പർപ്പസ് ഹൈലക്‌സ് കൂടി പ്രദർശിപ്പിച്ചിരിക്കുകയാണ്.
അത്യാധുനിക തദ്ദേശീയ വികസനവും പ്രതിരോധ സാങ്കേതിക കഴിവുകളുടെ ഉത്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതും ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. കൂടാതെ, ഇന്ത്യൻ സൈന്യത്തിന്റെ നവീകരണത്തിനായുള്ള സിനർജി, റിസർച്ച് ഡെവലപ്‌മെന്റ്, ഇന്നൊവേഷൻ എന്നീ മേഖലകളിൽ ഇന്ത്യൻ സൈന്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിലെ വലിയ കുതിച്ചുചാട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതും സിമ്പോസിയത്തിന്റെ പ്രധാന ഉദ്ദേശമാണ്.

ഇന്ത്യൻ ആർമി ഉൾപ്പെടെയുള്ള നിർദ്ദിഷ്ട ഉപഭോക്താക്കളുടെ വ്യത്യസ്ത മൊബിലിറ്റി ആവശ്യകതകൾ മനസിലാക്കാൻ സമഗ്രമായ ഒരു മാർക്കറ്റ് സർവേയും നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഹൈലക്‌സിന്റെ സെഷ്യൽ പർപ്പസ് മോഡലുകൾ 2023 ടെക്‌നോളജി-ഷോകേസ് വാർഷിക പരിപാടിയായ നോർത്ത് ടെക് സിമ്പോസിയത്തിൽ അവതരിപ്പിച്ചത്. സൈന്യത്തിന്റെ വിവിധ ആവശ്യങ്ങൾക്ക് അനുയോജ്യമായ മാറ്റങ്ങൾ പിക്കപ്പ് ട്രക്കിൽ കൊണ്ടുവന്നിട്ടുമുണ്ട്.
ഒരു അംഗീകൃത വെണ്ടറുമായി സഹകരിച്ചാണ് ഫീൽഡ് ഡയഗ്നോസിസ് വെഹിക്കിൾ (FDV), റാപ്പിഡ് ഇന്റർവെൻഷൻ വെഹിക്കിൾ (RIV) എന്നിങ്ങനെ രണ്ട് വ്യത്യസ്തമായ പതിപ്പുകളിൽ ഹൈലക്‌സ് പരിഷ്ക്കരിച്ചെടുത്തത്. വൈവിധ്യമാർന്ന ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനപരവും ലോജിസ്റ്റിക്തുമായ വെല്ലുവിളികൾ എന്നും വലിയ തലവേദനയാണ്. ആയതിനാൽ ഇത്തരത്തിലുള്ള വെല്ലുവിളികളെ തരണം ചെയ്യാൻ കൂടുതൽ കസ്റ്റമൈസ് ചെയ്‌തതും സമർപ്പിതവുമായ പരിഹാരങ്ങളും ആവശ്യമാണ്.

ഇവിടെയാണ് ടൊയോട്ട ഹൈലക്‌സിന്റെ കഴിവും ആവശ്യവും സഹായകരമായി മാറുന്നത്. വിദൂര സ്ഥലങ്ങളിൽ അവശ്യ വാഹന സേവനങ്ങൾ നൽകുന്നതിനും പ്രതിരോധ സൈറ്റുകളിൽ സൈന്യത്തെ പിന്തുണയ്ക്കുന്നതിനും വേണ്ടിയാണ് ഹൈലക‌്‌സിന്റെ FDV രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറുവശത്ത്, അടിയന്തിര സാഹചര്യങ്ങളിൽ അഗ്നിശമനത്തിനും രക്ഷാപ്രവർത്തനത്തിനും പിക്കപ്പിന്റെ RIV പതിപ്പും സജ്ജമാണ്.
പിക്കപ്പിന്റെ ഈ പരിഷ്‌ക്കരിച്ച പതിപ്പുകൾക്ക് പുറമേ, വിപണിയിൽ വിൽപ്പനയ്‌ക്ക് ലഭ്യമായ പൊതു-ഉദ്ദേശ്യപരമായ ഹൈലക്‌സും സെപ്‌റ്റംബർ 11-13 തീയതികളിൽ ജമ്മുവിലെ ഐഐടിയിൽ നടക്കുന്ന സിമ്പോസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു. 2023 ജൂലൈ മാസത്തിലാണ് ടൊയോട്ട ഹൈലക്‌സിന്റെ ആദ്യബാച്ച് ഇന്ത്യൻ സൈന്യത്തിന് കൈമാറിയത്. ഇന്ത്യൻ വിപണിയിൽ മൂന്ന് വകഭേദങ്ങളില്‍ സ്വന്തമാക്കാനാവുന്ന ഈ ലൈഫ് സ്റ്റൈൽ മോഡലിന് 33.99 ലക്ഷം രൂപ മുതൽ 36.80 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില വരുന്നത്.

201 bhp കരുത്തിൽ പരമാവധി 500 Nm torque ഉത്പാദിപ്പിക്കുന്ന 2.8 ലിറ്റർ, നാല് സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനാണ് ടൊയോട്ട ഹൈലക്‌സിന്റെ ഹൃദയം. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന വാഹനത്തിന് ലോ-റേഞ്ച് ട്രാൻസ്ഫർ കേസ് വഴിയാണ് നാല് വീലുകളിലേക്കും പവർ അയക്കുന്നത്. 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി ഹൈലക്‌സിന്റെ പ്രത്യേകതയാണ്.


Click it and Unblock the Notifications








