കൈയടിക്കടാ... ഹൈലക്‌സിന് 3.59 ലക്ഷം രൂപ കുറച്ച് ടൊയോട്ട; പുതിയ വില അറിയാം
ഇന്ത്യൻ ജനതക്കിടയിൽ ടൊയോട്ട എന്ന കമ്പനിക്കുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. ഇന്നോവയിലൂടെയും ഫോർച്യൂണറിലൂടെയും വെട്ടിപ്പിടിച്ച വിപണിയിലേക്ക് ഒരു പ്രീമിയം ലൈഫ്സ്റ്റൈൽ യൂട്ടിലിറ്റി വാഹനത്തെ കമ്പനി അവതരിപ്പിക്കുകയുണ്ടായി. പിക്കപ്പ് ട്രക്കായ ഹൈലക്‌സിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്.
ആരും പ്രതീക്ഷിക്കാതിരുന്നൊരു സമയത്താണ് ഹൈലക്‌സ് ഇന്ത്യയിലേക്ക് എത്തിയതെങ്കിലും വാഹനത്തെ ഇരുകൈയും നീട്ടിയാണ് വിപണി സ്വീകരിച്ചത്. ഇതേവരെ ക്ലച്ച് പിടിക്കാതിരുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ശ്രേണിക്ക് ഉണർവേകുന്നതായിരുന്നു ഹൈലക്‌സിന്റെ വരവ്. ആദ്യ ബാച്ചിനായുള്ള ബുക്കിംഗ് തുറന്നപ്പോൾ തന്നെ മികച്ച പ്രതികരണമാണ് ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് ലഭിച്ചത്. ഡിമാന്റ് വർധിച്ചതോടെ ടൊയോട്ടയ്ക്ക് പിക്ക് അപ്പ് ട്രക്കിന്റെ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തേണ്ടതായി വരെ വന്നു.

വിദേശ രാജ്യങ്ങളില്‍ പണ്ടേ ഹിറ്റാണ് ഇത്തരം വാഹനങ്ങളെങ്കിലും ഇന്ത്യയിൽ ജനപ്രിയമാവാത്തത് ഇവിടെ അതിനുള്ള സമയം ആയില്ലായിരുന്നു എന്നതായിരുന്നു. പിന്നെ ഉയർന്ന വില കൊടുത്ത് ഇത്തരം ഒരു മോഡൽ വാങ്ങുന്നതിന്റെ ആവശ്യകതയെയും ആളുകൾ കണ്ടില്ല. വില കൂടുതലല്ലേ എന്ന ചോദ്യമാണ് പിക്കപ്പുകൾക്ക് ഒരു പരിധി വരെ വിനയായത്. ടൊയോട്ട ഹൈലക്‌സിനെ അവതരിപ്പിച്ചപ്പോൾ മൂന്ന് വകഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 33.99 ലക്ഷം രൂപയായിരുന്നു വില.
അതേസമയം ഹൈ വേരിയന്റിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില. എന്നാൽ ദേ ഇപ്പോൾ കൂടുതൽ ആളുകളെ കൈയിലെടുക്കാനായി ടൊയോട്ട ഹൈലക്‌സിന്റെ വില ഇന്ത്യയിൽ കുറച്ചിരിക്കുകയാണിപ്പോൾ. ലൈഫ് സ്റ്റൈൽ പിക്കപ്പിന്റെ സ്റ്റാൻഡേർഡ് മാനുവൽ ഗിയർബോക്‌സ് മോഡലിന് 3.59 ലക്ഷം രൂപയാണ് കമ്പനിയിപ്പോൾ വെട്ടിനിരത്തിയിരിക്കുന്നത്. അതേസമയം മറ്റ് രണ്ട് വേരിയന്റുകളുടെ വില വർധിപ്പിച്ചതും ശ്രദ്ധേയമായിട്ടുണ്ട്.

ഹൈലക്‌സ് ഹൈ മാനുവൽ, ഹൈ ഓട്ടോമാറ്റിക് വേരിയന്റുകളുടെ വില യഥാക്രമം 1.35 ലക്ഷം രൂപ, 1.10 ലക്ഷം രൂപ എന്നിങ്ങനെയായാണ് ടൊയോട്ട ഉയർത്തിയിരിക്കുന്നത്. ഇനി മുതൽ മോഡലിന്റെ പുതുക്കിയ പ്രാരംഭ എക്സ്ഷോറൂം വില 30.40 ലക്ഷം രൂപയായിരിക്കും. ഈ വർഷം ആദ്യം രണ്ടാം ബാച്ചിന്റെ ബുക്കിംഗ് എക്‌സ്ഷോറൂം വിലകളിൽ ഒരു പരിഷ്‌കരണവുമില്ലാതെ വീണ്ടും ആരംഭിക്കുകയും ചെയ്‌തിരുന്നു.
പുതിയ ടൊയോട്ട ഹൈലക്‌സിന്റെ പുതുക്കിയ വേരിയന്റ് തിരിച്ചുള്ള എക്‌സ്ഷോറൂം വില ഇങ്ങനെ; ഹൈലക്‌സ് സ്റ്റാൻഡേർഡ് 4x4 മാനുവലിന് 30.40 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 മാനുവൽ 37.15 ലക്ഷം രൂപ, ഹൈലക്‌സ് ഹൈ 4x4 ഓട്ടോമാറ്റിക് 37.90 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇനി മുതൽ ആഭ്യന്തര വിപണിയിൽ ചെലവഴിക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇന്ത്യയിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ ജനപ്രിയമാക്കിയ ക്രെഡിറ്റ് ഇസൂസു ഡി-മാക്‌സ് വി-ക്രോസിനുള്ളതാണ്. ഇതേവരെ രാജ്യത്ത് ഈ വാഹനത്തിന് മാത്രമാണ് സെഗ്മെന്റിൽ പിടിച്ചുനിൽക്കാനായിരുന്നത്. ടൊയോട്ട ഹൈലക്‌സ് വന്നതോടെ ഈ ലെവൽ ഒന്നുമാറിയിട്ടുണ്ട്. ഒരു പിക്കപ്പായും ഒരു എസ്‌യുവിയായും ഉപയോഗിക്കാവുന്ന പ്രായോഗികത ഇത്തരം മോഡലുകളെ വ്യത്യസ്‌തമാക്കുന്നുണ്ട്. ഫ്രണ്ട് ഗ്രില്ലിലും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളിലും ക്രോം ഹൈലൈറ്റുകൾ ആധിപത്യം പുലർത്തുന്ന മസ്‌കുലർ ഫ്രണ്ട് ഫാസിയയും ഇരട്ട ക്യാബിൻ സെറ്റപ്പാണ് ഹൈലക്‌സിനുള്ളത്.
ഫോര്‍ച്യൂണർ എസ്‌യുവിയും ഇന്നോവ ക്രിസ്റ്റയും ഒരുക്കിയിട്ടുള്ള ഒരേ IMV-2 പ്ലാറ്റ്ഫോമിലാണ് ഹൈലക്‌സിന്റെ നിർമാണവും പൂർത്തിയാക്കിയിരിക്കുന്നത്. ആയതിനാൽ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും ചെലവുകളുമെല്ലാം ടൊയോട്ടയ്ക്ക് എളുപ്പമായിരുന്നു. ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ, 700 mm വാട്ടർ വേഡിംഗ് കപ്പാസിറ്റി, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, റിയർ ഡിഫ് ലോക്ക് എന്നീ സവിശേഷതകളെല്ലാം ഉള്ളതിനാൽ ഏതു കുന്നും മലയും താണ്ടാൻ ഈ പിക്കപ്പ് ട്രക്കിനാവും.

210 bhp കരുത്തിൽ പരമാവധി 420 Nm torque വരെ ഉത്പാദിപ്പിക്കുന്ന ഫോർച്യൂണറിന്റെ 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് ഹൈലക്‌സും ഉപയോഗിക്കുന്നത്. ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിൽ ഫോർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായാണ് ടൊയോട്ട സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ശരിയായ ലോ & ഹൈ റേഷ്യോ ട്രാൻസ്ഫർ കേസും ഉണ്ട്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമാണ് തെരഞ്ഞെടുക്കാനാവുന്നത്.


Click it and Unblock the Notifications








