വില കൂടി, ടൊയോട്ടയുടെ ഹൈബ്രിഡ് എസ്‌യുവിക്കായി ഇനി അധികം മുടക്കണം
ഇന്ത്യയിലെ ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ടൊയോട്ടയുടെ സാന്നിധ്യം അടയാളപ്പെടുത്തിയ അർബൻ ക്രൂയിസർ വൻ ജനപിന്തുണയുമായി കുതിക്കുകയാണ്. സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും തട്ടുപൊളിപ്പൻ ഫീച്ചറുകളുമെല്ലാമായി ആറാടുന്ന മോഡലിന് വില ചെറുതായൊന്ന് കൂട്ടി ഞെട്ടിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ.

വ്യത്യസ്‌ത വേരിയന്റുകളിലായി വിപണിയിലെത്തുന്ന ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡിന് 50,000 രൂപയാണ് കമ്പനി വർധിപ്പിച്ചിരിക്കുന്നത്. 2022 സെപ്റ്റംബർ അവസാനത്തോടെ എസ്‌യുവിയുടെ പൂർണമായ വിലകൾ പ്രഖ്യാപിച്ചതിന് ശേഷം ലഭിക്കുന്ന ആദ്യ വില പരിഷ്ക്കാരമാണിതെന്നതും ശ്രദ്ധേയമാണ്. എന്നാൽ സാധാരണ വകഭേദങ്ങൾക്ക് വില ഉയർത്തിയിട്ടില്ലെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ സഹോദര മോഡലായ ഹൈറൈഡർ കഴിഞ്ഞ വർഷം മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. കിടുക്കൻ മൈലേജാണ് പ്രധാന മുഖമുദ്ര തന്നെ. പിന്നീട് അടുത്തിടെ എസ്‌യുവിയുടെ സിഎൻജി വേരിയന്റും ടൊയോട്ട പുറത്തിറക്കിയിട്ടുണ്ട്.

E, S, G, V എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് ഒഴികെ എല്ലാ വേരിയന്റുകളും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളിലാണ് അണിനിരക്കുന്നത്. ലോഞ്ച് സമയത്ത് 15.11 ലക്ഷം രൂപ മുതൽ 18.99 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ എക്സ്ഷോറൂം വില ഇപ്പോൾ 15.61 ലക്ഷം രൂപ മുതൽ 19.49 ലക്ഷം രൂപയായുമായാണ് പുതുക്കിയിരിക്കുന്നത്.

ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ പരമാവധി 116 bhp കരുത്തിൽ 141 Nm torque ആണ് വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴി ഫ്രണ്ട് വീൽ ഡ്രൈവായാണ് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. കരുത്തുറ്റ ഹൈബ്രിഡ് എസ്‌യുവിക്ക് ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ടൊയോട്ട അവകാശപ്പെടുന്നത്.

ഇതിനു പുറമെ കുറഞ്ഞ വിലയിൽ അർബൻ ക്രൂയിസർ ഹൈറൈഡർ വാങ്ങാൻ നോക്കുന്നവർക്ക് സുസുക്കിയിൽ നിന്നുള്ള 1.5 ലിറ്റർ NA K15C മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലും എസ്‌യുവി സ്വന്തമാക്കാനാവും.ഈ യൂണിറ്റ് 102 bhp പവറിൽ പരമാവധി 135 Nm torque വരെ നൽകാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഇത് മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനിലും വാങ്ങാനാവും. ഇനി മൂന്നാമത്തെ സിഎൻജി വേരിയന്റിലേക്ക് നോക്കിയാൽ മാരുതി സുസുക്കിയുടെ എർട്ടിഗയിലും XL6 സിഎൻജിയിലും ഉപയോഗിച്ചിരിക്കുന്ന അതേ 1.5 ലിറ്റർ, നാല് സിലിണ്ടർ, K12C എഞ്ചിൻ തന്നെയാണ് ഹൈറൈഡർ സിഎൻജിക്കും തുടിപ്പേകുന്നത്.

പെട്രോൾ മോഡിൽ ഈ യൂണിറ്റ് 103 bhp കരുത്തിൽ പരമാവധി 136 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഇതേ എഞ്ചിൻ സിഎൻജി ഇന്ധനത്തിൽ 88 bhp പവറിൽ 121.5 Nm torque മാത്രമാണ് നൽകുക. ഒരു അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ടൊയോട്ട അവകാശപ്പെടുന്നത് പോലെ ഹൈറൈഡറിന്റെ സിഎൻജി വേരിയന്റിന് 26.6 കിലോമീറ്റർ മൈലേജും നൽകാനാവും.

പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്‌സ് അപ് ഡിസ്പ്ലേ (HUD), സറൗണ്ട്-വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്‌റ്റഡ് കാർ ടെക്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സിംഗ് ക്യാമറ എന്നീ സവിശേഷതകളെല്ലാം ഉപഭോക്താക്കൾക്ക് ലഭിക്കും.

ഹൈറൈഡറും പുതുതായി പുറത്തിറക്കിയ മാരുതി ഗ്രാൻഡ് വിറ്റാരയും സുസുക്കിയുടെ ഗ്ലോബൽ-സി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പ്ലാറ്റ്‌ഫോം മാത്രമല്ല, ഗ്രാൻഡ് വിറ്റാരയുമായി ഫീച്ചറുകളും എഞ്ചിൻ ഓപ്ഷനുകളും ഹൈറൈഡർ പങ്കിടുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. നിലവിൽ ബുക്ക് ചെയ്‌ത് ആറ് മാസത്തെ കാത്തിരിപ്പിന് ശേഷം മാത്രമേ ഹൈറൈഡറിന്റെ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പുകളുടെ ഡെലിവറി ലഭിക്കൂവെന്നാണ് ലഭിക്കുന്ന സൂചന.

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, നിസാൻ കിക്ക്‌സ് എന്നീ വമ്പൻമാരുമായാണ് ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ മത്സരിക്കുന്നത്.


Click it and Unblock the Notifications








