ടൊയോട്ടയുടെ ഹൈബ്രിഡ് മോഡലുകൾ തത്ക്കാലം വാങ്ങാനാവില്ല, കാരണം ഇതാണ്
ഇന്ത്യയിൽ പത്രാസുള്ള വാഹന നിർമാണ കമ്പനിയാണ് ടൊയോട്ട. ക്വാളീസിലൂടെയും ഇന്നോവയിലൂടെയും ഫോർച്യൂണറിലൂടെയും പടുത്തയർത്തിയ സാമ്രാജ്യത്തിലേക്ക് പലരും കടന്നുവന്ന് വാഴുകയും ചെയ്‌തു. എത്തിയോസ് ലിവ, എത്തിയോസ് എന്നിവയും നിരത്തുകളിൽ ഓളമുണ്ടാക്കിയാണ് മടങ്ങിയത്. ഒരിടയ്ക്ക് വെറും രണ്ട് മോഡലുകളുടെ വിൽപ്പനയെ ആശ്രയിച്ച് പിടിച്ചുനിൽക്കാനും കമ്പനിക്കായി എന്നതും ശ്രദ്ധേയമാണ്.
അതിനുശേഷം ബജറ്റ് സെഗ്മെന്റിനെ ഉന്നംവെച്ചുകൊണ്ട് മാരുതി സുസുക്കിയുമായി ടൊയോട്ട പങ്കാളിത്തത്തിൽ ഏർപ്പെടുകയും ചെയ്‌തു. അങ്ങനെ ബലേനോയുടെ റീബാഡ്‌ജ് പതിപ്പായി ഗ്ലാൻസയും ബ്രെസയുടെ പുനർനിർമിത വാഹനമായി അർബൻ ക്രൂയിസറും വിപണിയിലെത്തി ടൊയോട്ടയെ കൂടുതൽ സാധാരണക്കാരിലേക്ക് എത്തിക്കുകയും ചെയ്‌തു. ഉയർന്നു വരുന്ന പെട്രോൾ വിലയ്ക്ക് ബദലായി കമ്പനി സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനവും ഇന്ത്യയിൽ അവതരിപ്പിക്കുകയുണ്ടായി.

മിഡ്-സൈസ് എസ്‌യുവി വിപണി പിടിക്കാനായി കൊണ്ടുവന്ന ഹൈറൈഡറാണ് ഈ സംവിധാനം ആദ്യം അവതരിപ്പിച്ചത്. പിന്നീട് താരരാജാവായ ഇന്നോവ ഹൈക്രോസിലും കമ്പനി അതേ സ്ട്രോംഗ് ഹൈബ്രിഡ് സെറ്റപ്പ് പരിചയപ്പെടുത്തുകയുണ്ടായി. നിലവിൽ വൻഹിറ്റായ ഈ മോഡലുകൾ നിരത്തുകൾ വാഴാൻ തുടങ്ങുകയും ചെയ്‌തു. എന്നാൽ ടൊയോട്ടയുടെ ഹൈബ്രിഡ് മോഡലുകൾ വാങ്ങാൻ പ്ലാനിട്ടവർക്ക് ഒരു സങ്കടകരമായ വാർത്ത പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ.
ഹൈബ്രിഡ് ഇന്നോവ ഹൈക്രോസ്, അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുടെ ബുക്കിംഗ് ടൊയോട്ട താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് വാഹനങ്ങളുടെയും ഹൈബ്രിഡ് വേരിയന്റുകൾക്ക് ലഭിക്കുന്ന വലിയ ഡിമാന്റാണ് ബുക്കിംഗ് നിർത്തിവെക്കാൻ കാരണമായിരിക്കുന്നതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. ചിലയിടങ്ങളിൽ ഈ മോഡലുകൾ ലഭിക്കാൻ രണ്ടര വർഷത്തിലേറെയാണ് ബുക്ക് ചെയ്‌ത് കാത്തിരിക്കേണ്ടത്. ഇത് ഉപഭോക്താക്കളിൽ അസൗകര്യം ഉണ്ടാക്കുന്ന കാര്യമാണ്.

ഇത് മുന്നിൽ കണ്ടാവും ടൊയോട്ട ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ടോപ്പ്-സ്പെക്ക് വേരിയന്റുകൾക്ക് ആവശ്യക്കാരേറെയാണെന്നാണ് ഡീലർഷിപ്പുകളിൽ നിന്നുള്ള വിവരം. മാരുതിക്കായി ടൊയോട്ടയാണ് ഗ്രാൻഡ് വിറ്റാര നിർമിക്കുന്നതും. ഇക്കാര്യവും ഹൈബ്രിഡുകൾക്കായുള്ള ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കാരണമായിട്ടുണ്ടാവും. ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും ലോകമെമ്പാടുമുള്ള ഒന്നിലധികം സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ വിദേശ വിപണികളിൽ നിന്നുള്ള ഡിമാൻഡും പരിഗണിക്കേണ്ടതുണ്ട്.
മൈലേജ് തന്നെയാണ് ഹൈറൈഡറിന്റെയും ഹൈക്രോസിന്റെയും പ്രധാന ഹൈലൈറ്റുകൾ. ഇവയുടെ സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് ഒരു ഇലക്ട്രിക് കാർ പോലെ പ്രവർത്തിക്കാൻ കഴിയുമെന്നാതാണ് പ്രത്യേകത. ബാറ്ററിയിൽ മാത്രം പ്രവർത്തിക്കുമ്പോൾ ഇന്ധനക്ഷമതയാണ് പ്രധാന നേട്ടം. ടൊയോട്ട ഹൈറൈഡറിനും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡിനും യഥാക്രമം 27.97 കി.മീ., 21.1 കി.മീ. മൈലേജാണ് ലഭിക്കുന്നത്.

ഹൈറൈഡർ കഴിഞ്ഞ വർഷം മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. E, S, G, V എന്നിങ്ങനെ വ്യത്യസ്‌ത വകഭേദങ്ങളിൽ എത്തുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ബേസ് ഒഴികെ എല്ലാ വേരിയന്റുകളും സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനുകളും ലഭ്യമാണ്. ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയ സ്ട്രോംഗ് ഹൈബ്രിഡ് 1.5 ലിറ്റർ പെട്രോൾ അറ്റ്കിറ്റ്സൺ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.
ഈ എഞ്ചിൻ 116 bhp കരുത്തിൽ പരമാവധി 141 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-ഡ്രൈവ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായിരിക്കുന്ന വാഹനം ഫ്രണ്ട് വീൽ ഡ്രൈവ് മോഡൽ കൂടിയാണ്. മറുവശത്ത് സെൽഫ് ചാർജിംഗ് ഹൈബ്രിഡ് സംവിധാനവുമായി ജോടിയാക്കിയ ഇന്നോവ ഹൈക്രോസിന്റെ 2.0 ലിറ്റർ 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ 181 bhp പവർ വരെയാണ് നൽകുന്നത്. ബുക്കിംഗ് താത്ക്കാലികമായി നിർത്തിയെങ്കിലും നിലവിലുള്ള ഡെലിവറികൾ പൂർത്തിയാക്കിയതിനു ശേഷം ഹൈബ്രിഡ് കാറുകൾക്കായുള്ള ബുക്കിംഗ് കമ്പനി വീണ്ടും ആരംഭിക്കും.


Click it and Unblock the Notifications








