എല്ലാരും അങ്ങ് മാറിനിന്നാട്ടേ... ഹാരിയർ, സഫാരി മോഡലുകളെ തൂക്കിയെറിഞ്ഞ് ഇന്നോവ ഹൈക്രോസ്
ഇന്ത്യൻയിലെ മൂന്നുവരി വാഹനങ്ങളുടെ നിരയിൽ ഒരേയൊരു രാജാവ് മാത്രമാണുള്ളത്. ടൊയോട്ട ഇന്നേവയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. എംപിവിയായാലും എസ്‌യുവിയായാലും ഈ പാരമ്പര്യത്തെ തകർക്കാൻ മാത്രം കെൽപ്പുള്ള ഒരു വാഹനവും ആഭ്യന്തര തലത്തിൽ ഇതുവരെ ജനിച്ചിട്ടില്ലെന്നു വേണം പറയാൻ. നിലവിൽ ഹൈക്രോസ് എന്ന മൂന്നാം തലമുറ ആവർത്തനത്തിലാണ് ഇന്നോവ നിരത്തിലോടുന്നത്.
രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഒന്നുമല്ല ഇന്നോവ ഹൈക്രോസ് അണിനിരക്കുന്നതെങ്കിലും ഈ നിരയിലെ കാളകൂറ്റൻമാരുടെയെല്ലാം പരിപ്പിളക്കുമെന്ന സൂചന മുമ്പേയുണ്ടായിരുന്നു. അതുതെളിയിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എന്താണന്നല്ലേ ഈ വിഭാഗത്തിലെ വിൽപ്പനയുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്നോവ സ്വന്തമാക്കുന്നവരുടെ എണ്ണമാണ് കൂടുതൽ. വളരെക്കാലമായി സെഗ്‌മെന്റിലെ മുൻനിര വിൽപ്പന ചാർട്ടുകളിൽ എംജി ഹെക്ടറിന്റെ ആധിപത്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ടാറ്റ ഹാരിയറും സഫാരിയും ചേർന്ന് ഇത് അട്ടിമറിക്കുകയും ചെയ്‌തു.

ടാറ്റ എസ്‌യുവികളെ ഇപ്പോൾ മഹീന്ദ്ര ഇരട്ടകളായ XUV700, സ്‌കോർപിയോ N എന്നിവ മറികടന്ന് സെഗ്മെന്റിൽ അരക്കെട്ടുറപ്പിക്കുകയും ചെയ്‌തു. ഇതിനകം തന്നെ മത്സരാധിഷ്ഠിത സെഗ്‌മെന്റിൽ പുതിയ എതിരാളിയായി എത്തിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഡെലിവറി തുടങ്ങുന്നത് ജനുവരിയോടെയാണ്. ഇതിനു ശേഷം വിൽപ്പനയിൽ കുതിപ്പുണ്ടാക്കിയ ജാപ്പനീസ് വാഹന നിർമാതാക്കൾ എതിരാളികളെയെല്ലാം നിലംപരിശാക്കിയാണ് മുന്നോട്ടുള്ള കുതിപ്പിന് തുടക്കമിട്ടതു തന്നെ.
ഈ സെഗ്മെന്റിലെ മറ്റ് എതിരാളികളുടെ സമാനമായ വിലയും വലിപ്പവും തന്നെയാണ് ഇന്നോവ ഹൈക്രോസിന്റെ പ്രധാന ഹൈലൈറ്റ്. ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ മഹീന്ദ്ര XUV700 എസ്‌യുവിയുടെ വിൽപ്പന കണക്കുകളെ മറികടക്കാനും ഹൈക്രോസിനാവുമെന്നാണ് വിലയിരുത്തൽ. 2023 ഫെബ്രുവരിയിൽ 6,950 യൂണിറ്റുകൾ നിരത്തിലെത്തിച്ച് മഹീന്ദ്ര സ്‌കോർപിയോയാണ് ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് വിറ്റ 2,610 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡലിന്റെ വാർഷിക വിൽപ്പനയിൽ 166.28 ശതമാനത്തിന്റെ വളർച്ചയാണുണ്ടായിരിക്കുന്നത്.

സെഗ്മെന്റിൽ 4,505 യൂണിറ്റുകളുമായി XUV700 എസ്‌യുവിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2022 ഫെബ്രുവരി മാസത്തെ 4,138 വിൽപ്പനയിൽ നിന്നും പോയ മാസം 4,505 യൂണിറ്റുമായാണ് വാഹനം വിൽപ്പന അവസാനിപ്പിച്ചത്. ഈ രണ്ട് മഹീന്ദ്ര മോഡലുകൾക്കും വലിയ ഡിമാൻഡാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ നിർമാണത്തിലുണ്ടാവുന്ന വെല്ലുവിളികൾ മറികടന്നാൽ ഈ കണക്കുകൾ ഇനിയും കമ്പനിക്ക് ഉയർത്താനാവുമെന്നതാണ് ശ്രദ്ധേയമാവുന്ന കാര്യം.
ഇനിയാണ് താരരാജാവിന്റെ വരവ്. ഇന്നോവ ഹൈക്രോസ് അതിന്റെ ഡെലിവറി പൂർണമായും ആരംഭിച്ച ആദ്യ മാസത്തിൽ തന്നെ 4,169 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. ഹാരിയർ, സഫാരി, ഹെക്ടർ തുടങ്ങിയ ഇടത്തരം എസ്‌യുവി വിൽപന രംഗത്തെ പ്രമുഖരേക്കാൾ മുകളിലാണ് ഇതെന്നതാണ് ശ്രദ്ധേയം. ഹാരിയർ, സഫാരി എന്നിവയുടെ 3,306 യൂണിറ്റുകൾ മാത്രമാണ് 2023 ഫെബ്രുവരിയിൽ ടാറ്റയ്ക്ക് വിറ്റഴിക്കാൻ കഴിഞ്ഞത്. അതായത് 27.15 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ഹാരിയർ 2,054 യൂണിറ്റുകൾ വിറ്റപ്പോൾ സഫാരിയുടെ 1,252 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. പോയ കുറച്ചുകാലമായി ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും വിൽപ്പന കുറഞ്ഞുവരികയാണ്. സെഗ്മെന്റിനെ കൈയിലെടുത്ത് XUV700, സ്കോർപിയോ N മോഡലുകളുടെ വരവാണ് ഇതിന് പ്രധാന കാരണം. ഇപ്പോൾ സാമാന്യം മോശമല്ലാത്ത വിലയിൽ ആഡംബരം കുത്തിനിറച്ചെത്തിയ ഇന്നോവ ഹൈക്രോസിന്റെ വരവും ടാറ്റ മോട്ടോർസിന് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ ADAS സാങ്കേതികവിദ്യയ്‌ക്കൊപ്പം അടുത്തിടെ പുറത്തിറക്കിയ റെഡ് ഡാർക്ക് എഡിഷൻ മോഡലുകൾ വിൽപ്പന കുറച്ചെങ്കിലും ഉയർത്താൻ സഹായകരമായേക്കും.
ഒരു കാലത്ത് സെഗ്മെന്റ് ഭരിച്ചിരുന്ന എംജി ഹെക്‌ടർ, ഹെക്‌ടർ പ്ലസ് മോഡലുകളുടെ വിൽപ്പന നോക്കിയാൽ കഴിഞ്ഞ മാസം 2,558 വാഹനങ്ങളാണ് കമ്പനിക്ക് വിറ്റഴിക്കാനായത്. എന്നാൽ വാർഷിക കണക്കുകളിൽ വർധനവ് കൈവരിക്കാൻ ചൈനീസ് ബ്രാൻഡിനായത് ശ്രദ്ധേയമാണ്. എന്തായാലും ഇന്ത്യൻ വാഹന വിപണിയിൽ മൂന്നുവരി എസ്‌യുവികൾക്കുള്ള ഡിമാന്റ് ഉയർന്നു വരികയാണെന്ന് സമീപകാല വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. വലിയ കുടുംബത്തിന് ഒന്നിച്ച് യാത്ര ചെയ്യാനാവുമെന്ന ഘടകമാണ് ഇവയുടെ ജനപ്രീതിക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാര്യം.


Click it and Unblock the Notifications