വൻമതിലായി ഇന്നോവ, കൂട്ടിന് റൂമിയോണിന്റെ സെഞ്ചുറി കരുത്തും; ഓഗസ്റ്റിലെ ടൊയോട്ടയുടെ മിടുക്കർ ഇവർ
ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഇമേജുള്ള വാഹന നിർമാതാക്കളാണ് ടൊയോട്ട. ക്വാളിസിലൂടെ തുടങ്ങിയ ജൈത്രയാത്ര ഇന്നെത്തി നിൽക്കുന്നത് ഏറ്റവും പുതിയ റൂമിയോൺ എന്ന എംപിവി വരെയാണ്. ഏതൊക്കെ മോഡലുകൾ നിരയിലുണ്ടെങ്കിലും ഇന്നോവയുടെ പവറാണ് ഈ ജാപ്പനീസ് ബ്രാൻഡിന്റെ മൈലേജ്. കൂട്ടിന് ഫോർച്യൂണർ എസ്‌യുവിയുടെ അകമ്പടിയും കൂടിയുള്ളത് ശരിക്കും വേറെ ലെവലാക്കുന്ന കാര്യമാണ്.
ടൊയോട്ടയെന്നാണ് പേരെങ്കിലും അറിയപ്പെടുന്നത് ഇന്നോവ മുതലാളി ആയാണെന്നതും രസകരമായ കാര്യമാണ്. വിൽപ്പന കണക്കുകളിലും ഗംഭീര മുന്നേറ്റവുമായാണ് ഓരോ മാസവും കമ്പനി കുതിക്കുന്നത്. 2023 ഓഗസ്റ്റിൽ 20,970 യൂണിറ്റുകളുടെ വിൽപ്പനയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ നേടിയെടുത്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 14,959 യൂണിറ്റുകളിൽ നിന്ന് ഇന്ത്യയിൽ 40 ശതമാനം വിൽപ്പന വളർച്ചയാണ് ജാപ്പനീസ് കമ്പനി നേടിയെടുത്തത്.

20,759 യൂണിറ്റുകളുള്ള 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പനയിലും 1 ശതമാനം വർധനവ് രേഖപ്പെടുത്താൻ ടൊയോട്ടക്ക് സാധിച്ചതും നേട്ടമായി തന്നെ വേണം കാണാൻ. ഇന്ത്യയിലെ വിൽപ്പന കണക്കുകളിൽ 5.8 ശതമാനം വിപണി വിഹിതത്തോടെ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാൻഡായി സ്ഥാനംപിടിക്കാനും ഇവർക്കായി 4.6 ശതമാനത്തിൽ നിന്ന് 1.3 ശതമാനം വളർച്ചയോടെ കിയ, ഹോണ്ട, സ്‌കോഡ, എംജി, ഫോക്‌സ്‌വാഗൺ, റെനോ എന്നിവയെക്കാൾ മുന്നിലാണ് ടൊയോട്ടയുടെ ഇപ്പോഴത്തെ സ്ഥാനം.
ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ചേർന്നാണ് ബ്രാൻഡിനായി ഏറ്റവും ഉയർന്ന രീതിൽ വിൽപ്പന പിടിച്ചത്. 2023 ഓഗസ്റ്റ് മാസത്തിലെ കമ്പനിയുടെ മോഡൽ തിരിച്ചുള്ള വിൽപ്പന എങ്ങനെയായിരുന്നെന്ന് നോക്കിയാലോ? പോയ മാസം ഇന്നോവ സീരീസിന്റെ 8,666 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. പോയ വർഷം ഓഗസ്റ്റിലെ 6,036 യൂണിറ്റുകളെ അപേക്ഷിച്ച് നോക്കുമ്പോൾ 44 ശതമാനത്തിന്റെ വലിയ വളർച്ചയാണ് ഇന്നോവയിലൂടെ നേടിയെടുത്തിരിക്കുന്നത്.

ടൊയോട്ടയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം ഗ്ലാൻസ പ്രീമിയം ഹാച്ച്ബാക്കാണ്. 2022 ഓഗസ്റ്റിൽ വിറ്റഴിച്ച 3,011 യൂണിറ്റുകളിൽ നിന്ന് ഒരു വർഷത്തിനിപ്പുറം 4,932 യൂണിറ്റുകളുടെ വിൽപ്പനയാണ് മോഡൽ കമ്പനിക്ക് സ്വന്തമാക്കി കൊടുത്തത്. അതായത് വിൽപ്പനയുടെ കാര്യത്തിൽ 64 ശതമാനത്തോളം വർധനവാണ് കിട്ടിയത്. ഏവർക്കും അറിയാവുന്നതു പോലെ മാരുതി സുസുക്കി ബലേനോയുടെ റീബാഡ്‌ജ് പതിപ്പാണ് ഗ്ലാൻസ. വില കുറഞ്ഞ ടൊയോട്ട കാർ നോക്കുന്നവരെ ആകർഷിക്കാനും ഈ നീക്കം സഹായകരമായിട്ടുണ്ട്.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ 4,121 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്തെത്തി. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ് പോലുള്ള വമ്പൻ എതിരാളികളോട് മല്ലിട്ടാണ് ഈ മിഡ്-സൈസ് എസ്‌യുവി ഇത്രയും ആളുകളെ കണ്ടെത്തിയത്. ഫോർച്യൂണർ ഫുൾ-സൈസ് എസ്‌യുവി ആഭ്യന്തര വിൽപ്പനയിൽ 9 ശതമാനം വർധനയോടെ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,581 യൂണിറ്റുകളിൽ നിന്ന് 2,825 യൂണിറ്റ് വിൽപ്പനയുമായി മികവ് കാട്ടിയിട്ടുണ്ട്.

ടൊയോട്ട കാമ്രി ഹൈബ്രിഡ് സെഡാൻ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 62 യൂണിറ്റുകളിൽ നിന്ന് 192 ശതമാനം വളർച്ചയോടെ 181 യൂണിറ്റ് വിൽപ്പനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം ഹൈലക്‌സ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് മൊത്തം 133 യൂണിറ്റുകളുടെ വിൽപ്പനയും കൈവരിച്ചു. 2022 ഓഗസ്റ്റിൽ ഇത് വെറും 20 യൂണിറ്റുകൾ മാത്രമായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 565 ശതമാനം വളർച്ചയാണ് ഈ സെഗ്മെന്റിലും കമ്പനി നേടിയെടുത്തത്.
അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട റൂമിയോൺ 112 യൂണിറ്റ് വിൽപ്പനയുമായി മികവ് കാട്ടിയിട്ടുണ്ട്. ബ്രാൻഡിന്റെ ഏറ്റവും താങ്ങാനാവുന്ന എംപിവി എന്ന നിലയിൽ ഇന്നോവ ക്രിസ്റ്റയ്ക്ക് താഴെയാണ് ഈ ഏഴ് സീറ്റർ സ്ഥാനം പിടിച്ചിരിക്കുന്നത്. മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണിത്. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനോടെയാണ് വണ്ടിയുടെ വരവ്.

ഇതോടൊപ്പം 1.5 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി ഫ്യുവൽ ഓപ്ഷനും എംപിവിയുടെ ഭാഗമാണ്. 10.29 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് റൂമിയോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 7 സീറ്റര്‍ എംപിവി അഞ്ച് കളര്‍ ഓപ്ഷനുകളിലും S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലുമാണ് സ്വന്തമാക്കാനാവുന്നത്. ഓഗസ്റ്റിന്റെ തുടക്കത്തില്‍ ടൊയോട്ട പുതിയ വെല്‍ഫെയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. ഇതിന്റെ വിൽപ്പന നിലവിൽ കമ്പനി ആരംഭിച്ചിട്ടില്ല.


Click it and Unblock the Notifications