കൊറോള ക്രോസിനെ അടിസ്ഥാനമാക്കി പുതിയ 7 സീറ്റർ എസ്‌യുവി, ഇന്ത്യയെ കൈയിലെടുക്കാൻ ടൊയോട്ട
ഇന്ത്യക്കാർക്ക് മാരുതി കഴിഞ്ഞാൽ ഏറ്റവും വിശ്വാസമുള്ള വാഹന നിർമാണ കമ്പനിയാണ് ടൊയോട്ട. ക്വാളിസിലൂടെ തുടങ്ങിയ വിജയം ഇന്ന് അർബൻ ക്രൂയിസർ ഹൈറൈഡർ വരെ എത്തി നിൽക്കുകയാണ്. ലക്ഷക്കണക്കിന് കിലോമീറ്ററുകൾ ഒരു കുഴപ്പവും കൂടാടെ ഓടി തിമിർത്ത കഥയും പല ടൊയോട്ട കാറുകൾക്ക് പറയാനുണ്ടാവും.
ഇന്ത്യയിൽ സുസുക്കിയുടെ കൈപിടിച്ചാണ് ഇപ്പോൾ തന്ത്രങ്ങൾ മെനയുന്നതെങ്കിലും ഇന്നോവ, ഫോർച്യൂണർ പോലുള്ള സ്വന്തം മോഡലുകളും വൻഹിറ്റാണ്. അടുത്തിടെ വിപണിയിലെത്തിയ ഹൈറൈഡറിനും ഹൈക്രോസിനും ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് പുതിയ തീരുമാനങ്ങൾ കൈകൊള്ളുകയാണ് ജാപ്പനീസ് ബ്രാൻഡ്. ഇന്ത്യയിൽ തങ്ങളുടെ എസ്‌യുവി ശ്രേണി വിപുലീകരിക്കുകയാണ് ഇതിലെ ആദ്യ ലക്ഷ്യം. അതിന്റെ ഭാഗമായി കൊറോള ക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു വലിയ എസ്‌യുവിയെ വിലയിരുത്തുന്ന പ്രക്രിയയിലാണ് കമ്പനി.

ഹ്യുണ്ടായി അൽകാസർ, ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് മെറിഡിയൻ എന്നിവയെ നേരിടാൻ ഇന്ത്യയിൽ ഒരു വലിയ വാഹനം ആവശ്യമാണെന്ന തോന്നലാണ് കൊറോള ക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു വലിയ എസ്‌യുവി പുറത്തിറക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. നിലവിൽ വലിയ സ്പോർട്ട് യൂട്ടിലിറ്റി വാഹനങ്ങൾക്ക് ആഭ്യന്തര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത മുതലെടുക്കാൻ എന്തായാലും ടൊയോട്ടയ്ക്ക് സാധ്യമാവും. വിദേശത്ത് വിൽക്കുന്ന കൊറോള ക്രോസിന് ഹൈറൈഡറിന്റെയോ ക്രെറ്റയുടെയോ അതേ വലിപ്പമുള്ളതിനാലാണ് മുടക്കുന്ന പണത്തിന് എന്തെങ്കിലും അധികമായി നൽകാൻ കമ്പനി മുന്നോട്ടു നീങ്ങുന്നത്.
കൊറോള ക്രോസ് അധിഷ്‌ഠിത എസ്‌യുവിയെ ഒരു പ്രായോഗിക ഓപ്ഷനാക്കി മാറ്റുന്നത് ഇന്നോവ ഹൈക്രോസുമായി അതിന്റെ പ്ലാറ്റ്‌ഫോം പങ്കിടുന്നു എന്നതാണ്. ആയതിനാൽ പുതിയ പ്രീമിയം എംപിവിയുടെ പാർട്‌സുകളും എഞ്ചിനുമെല്ലാം നേരിട്ടുപയോഗിക്കാനും കമ്പനിക്കാവും. TNGA-C പ്ലാറ്റ്ഫോമാണെങ്കിലും ഇന്നോവ ഹൈക്രോസിന്റെ വീൽബേസ് ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇത് വളരെ വലിപ്പമേറിയതാണെന്നത് തന്നെ കാര്യം. ക്രെറ്റയും അൽകസാറും തമ്മിലുള്ള വ്യത്യാസത്തിന് സമാനമായി വീൽബേസിൽ ഏകദേശം 150 മില്ലീമീറ്റർ വർധനവ് പ്രതീക്ഷിക്കാം. ഇത് ടൊയോട്ടയ്ക്ക് ഒരു മൂന്നാം നിരയും അധിക ജോഡി സീറ്റുകളും ചേർക്കാൻ സഹായകരമാവും.

ടൊയോട്ടയ്ക്ക് നിലവിൽ ഈ വലിപ്പത്തിലുള്ള മൂന്ന്-വരി എസ്‌യുവി ഇല്ല എന്നതും ശ്രദ്ധേയമാണ്. അതിനാൽ കൊറോള ക്രോസ് അടിസ്ഥാനമാക്കിയുള്ള മോഡൽ തികച്ചും പ്രായോഗികമായ ഓപ്ഷനായിരിക്കും. ഇലക്‌ട്രിക്കലി പ്രവർത്തിപ്പിക്കുന്ന ടെയിൽഗേറ്റും പുതിയ എസ്‌യുവിക്ക്, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ ആക്‌സസ് അനുവദിക്കുന്നതിന് നീളമുള്ള പിൻ ഡോറുകളും ബ്രാൻഡ് ഒരുക്കിയേക്കും. ഡിസൈനിലേക്ക് നോക്കിയാൽ ടൊയോട്ടയുടെ ആഗോള കാറുകളിൽ കാണുന്നതിന് സമാനമായ ശൈലിയായിരിക്കും കമ്പനി പിന്തുടരുക.
നിലവിൽ മൂന്നുവരി എസ്‌യുവിയായി ഫോർച്യൂണർ വിൽപ്പനയ്ക്ക് എത്തുന്നുണ്ടെങ്കിലും പ്രീമിയം വിഭാഗത്തിലാണ് ഇതിന്റെ വില എന്നതിനാൽ സാധാരണക്കാർക്ക് അപ്രാപ്യമാണ്. പുതിയ കൊറോള ക്രോസ് അടിസ്ഥാനമാക്കിയുള്ള 7-സീറ്റർ എസ്‌യുവി ഫോർച്യൂണറിന് താഴെയായി സ്ഥാനം പിടിക്കും. ടൊയോട്ടയുടെ സെൽഫ് ചാർജിംഗ് സ്ട്രോങ്ങ് ഹൈബ്രിഡ് ടെക്നോളജിയോടുകൂടിയ എഞ്ചിൻ ഓപ്ഷനുകളെല്ലാമാവും വാഹനത്തിന് തുടിപ്പേകാൻ എത്തുക.

ഡീസൽ ഉൾപ്പെടെയുള്ള എതിരാളികളെ അപേക്ഷിച്ച് ഈ എസ്‌യുവിക്ക് കാര്യക്ഷമമായ നേട്ടം നൽകേണ്ടത് സ്ട്രോംഗ് ഹൈബ്രിഡ് സംവിധാനമാണ്. കൊറോള ക്രോസ് സാധാരണയായി 1.8 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വിൽക്കുന്നതെങ്കിലും ഇന്നോവ ഹൈക്രോസിലെ അതേ എഞ്ചിനുകളാൽ ഈ വലുതും ഭാരമേറിയതുമായ പതിപ്പ് വരുമെന്ന് പ്രതീക്ഷിക്കാം. അതുപോലെ പുതിയ ഇന്നോവ സ്വീകരിച്ച ഡീസൽ വേണ്ടെന്ന നിലപാടും ആരാധകർക്ക് വലിയ തിരിച്ചടിയായേക്കും.
ടൊയോട്ടയുടെ എസ്‌യുവികൾക്ക് ഇന്ത്യയിൽ എക്കാലവും മികച്ച സ്വീകാര്യതയുണ്ട്. ടൊയോട്ടയുടെ ബുള്ളറ്റ് പ്രൂഫ് വിശ്വാസ്യതയും അതിന്റെ എസ്‌യുവികളുടെ കാലപ്പഴക്കമുള്ള ഗ്ലേഷ്യൽ രീതികളും ആരാധകർക്ക് എന്നും മതിപ്പുള്ള കാര്യമാണ്. കൊറോള ക്രോസ് അധിഷ്‌ഠിത എസ്‌യുവി വിലയേറിയതും എതിരാളികളെക്കാൾ മികച്ചതുമായ ഒരു ചുവടുവെയ്‌പ്പായിരിക്കും. എന്നാൽ ആക്രമണാത്മകമായ വില നിർണയത്തോടെ വിപണി പിടിക്കാനുള്ള ശ്രമമായിരിക്കും ജാപ്പനീസ് ബ്രാൻഡ് നടത്തുക.

ഇപ്പോൾ സുസുക്കിയും ടൊയോട്ടയും പുതിയൊരു സ്‌പോർട്‌സ് കാർ പുറത്തിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ആഗോള വിപണിയിൽ എത്തുന്ന ഈ കാർ ഇന്ത്യയിലേക്ക് വരില്ലെന്നാണ് ആദ്യ സൂചനകൾ. 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനോടുകൂടിയ ഒരു ചെറിയ സ്‌പോർട്‌സ് കാറായിരിക്കുമിത്. ത്രീ സിലിണ്ടർ എഞ്ചിൻ പവർ ഉള്ള ഈ കാർ ഏകദേശം 120 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.


Click it and Unblock the Notifications








