വന്നോളീൻ... കരുത്തൻ Hilux പിക്കപ്പ് ട്രക്കിനായുള്ള ബുക്കിംഗ് വീണ്ടും ആരംഭിച്ച് Toyota
ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ യൂട്ടിലിറ്റി വാഹന നിരയിലേക്ക് ടൊയോട്ട കൊണ്ടുവന്ന മോഡലായിരുന്നു ഹൈലക്‌സ്. അവതരണത്തിന് ശേഷം മികച്ച പ്രതികരണം ലഭിച്ചതിനു ശേഷം കമ്പനി ഹൈലക്‌സിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെക്കുകയുണ്ടായി. ഇത് പലരേയും നിരാശപ്പെടുത്തിയെങ്കിലും അത്തരക്കാർക്കുള്ള ഒരു സന്തോഷ വാർത്തയുമായാണ് ടൊയോട്ട ഇന്ന് എത്തിയിരിക്കുന്നത്.

ഹൈലക്സ് പിക്കപ്പ് ട്രക്കിനുള്ള ബുക്കിംഗ് വീണ്ടും ആരംഭിച്ച വാർത്തയാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോർ (TKM) പുറത്തുവിട്ടിരിക്കുന്നത്. വാഹനം രാജ്യത്ത് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. പിക്കപ്പ് ട്രക്ക് ഇന്ത്യയിൽ 33.99 ലക്ഷം രൂപ മുതൽ 36.80 ലക്ഷം രൂപ വരെയുമുള്ള എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. മോഡലിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഉയർന്ന ഡിമാൻഡ് കാരണമാണ് ഹൈലക്‌സിനായുള്ള ബുക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചതെന്നും ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു. തങ്ങളുടെ വെബ്‌സൈറ്റ് വഴിയും ഡീലർഷിപ്പുകളിലും വാഹനം ഇപ്പോൾ ബുക്കിംഗിന് ലഭ്യമാണെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. അത്യാവശ്യം ഒരു പിക്കപ്പായും ഒരു എസ്‌യുവിയായുമൊക്കെ ഉപയോഗിക്കാവുന്ന കരുത്തന്‍ രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ടൊയോട്ട ഹൈലക്‌സ് ഇന്ത്യയിൽ ഡബിൾ ക്യാബ് കോൺഫിഗറേഷനിൽ ലഭ്യമാണ്. ഇത് രാജ്യത്ത് ഒരു ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് ആയിട്ടാണ് ഹൈലക്‌സിനെ കമ്പനി മാർക്കറ്റ് ചെയ്യുന്നത് എന്നതിന് തെളിവാണിത്. ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹൈലക്‌സും കമ്പനി നിർമിച്ചിരിക്കുന്നത്. എന്നിരുന്നാലും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് അടിവരയിടുന്ന IMV-2 ആർക്കിടെക്ച്ചർ പങ്കിടുന്നുണ്ടെങ്കിലും പിക്കപ്പ് ട്രക്കിന് 530 മില്ലീമീറ്റർ നീളവും ഫോർച്യൂണറിനേക്കാൾ 340 മില്ലീമീറ്റർ അധിക നീളമുള്ള വീൽബേസും ഉണ്ട്.

ഇന്ത്യൻ വാഹന വിപണയിൽ അധികം നിർമാതാക്കൾ പരീക്ഷിച്ചു നോക്കാത്ത ഒരു സെഗ്മെന്റാണ് പിക്കപ്പ് ട്രക്കുകളുടേത്. പരീക്ഷിച്ചവരിൽ പലരും വീണപോയതാണ് മറ്റ് കമ്പനികളെ ഈ വിഭാഗത്തിൽ നിന്നും അകറ്റി നിർത്തിയത്. ഇസൂസുവിന്റെ ഡി-മാക്‌സ് വി-ക്രോസ് മാത്രമാണ് ഈ സെഗ്മെന്റിൽ ഇതുവരെ പിടിച്ചു നിന്നത്. മഹീന്ദ്രയുടെ സ്കോർപിയോ ഗെറ്റ്എവേ ഒരു കാലത്ത് വിപണിയിലുണ്ടായിരുന്നെങ്കിലും നിലവിൽ ഈ സെഗ്മെന്റിലെ ഒറ്റക്കൊമ്പൻ ഇസൂസുവാണ്.

ഹൈലക്സ് കൂടി എത്തിയതോടെ ഈ ശ്രേണിയെ കൂടുതൽ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയെന്നതും യാഥാർഥ്യമാണ്.സെമി-നോക്ഡ് രീതിയിൽ ഇന്ത്യയിലെത്തി ബെംഗളുരുവിലെ പ്ലാന്റിൽ കൂട്ടിയോജിപ്പിച്ചാണ് ഹൈലക്സ് ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആഡംബര വാഹനങ്ങള്‍ക്ക് വേണ്ട സൗകര്യമെല്ലാം ഉണ്ടായിരിക്കും. ഒരു കുടുംബത്തിന് മോശമല്ലാതെ യാത്രചെയ്യാനും കഴിയും എന്ന ഹൈലൈറ്റാണ് ടൊയോട്ട ഇവിടെ ഉയർത്തിക്കാട്ടുന്നത്.

ഡബിൾ ക്യാബ് ബോഡി സ്റ്റൈലിൽ മാത്രം ഇന്ത്യയിൽ വില്പനക്കെത്തുന്ന ഹൈലക്സിന് 5,325 mm നീളവും 1,855 mm വീതിയും 1,815 mm ഉയരവും 3,085 mm വീൽബേസുമുണ്ട്.
കരുത്തുറ്റ പിക്കപ്പ് ട്രക്ക് 2.8 ലിറ്റർ ഫോർ സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനിൽ നിന്നാണ് കരുത്ത് ഉൾക്കൊള്ളുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

ടൊയോട്ട ഹൈലക്‌സിന്റെ മൂന്ന് വേരിയന്റുകളിലും 4x4 ഡ്രൈവ്‌ട്രെയിനുകൾ സജ്ജീകരിച്ചിരിക്കുന്നുവെന്നതും എടുത്തു പറയേണ്ട കാര്യമാണ്.കൂടാതെ പവർ, ഇക്കോ തുടങ്ങിയ ഒന്നിലധികം ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. നിരവധി സെഗ്‌മെന്റ് ലീഡിംഗ് ഫീച്ചറുകളായി ടയർ ആംഗിൾ മോണിറ്ററിംഗ് സിസ്റ്റവും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ഇതിലുണ്ട്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), ബീഫി ബമ്പറുള്ള ചങ്കി ഫ്രണ്ട് ഫാസിയ തുടങ്ങിയ ഫീച്ചറുകൾ ഹൈലക്‌സിൽ ടൊയോട്ട ഒരുക്കിയിട്ടുണ്ട്. ക്യാബിനിനുള്ളിൽ ലെതർ സീറ്റുകൾ, ഡ്യുവൽ സോൺ ഫുൾ ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ, സ്മാർട്ട് എൻട്രി, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയും പിക്കപ്പ് ട്രക്കിന് ലഭിക്കുന്നു.

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ ടാബ്‌ലെറ്റ് ശൈലിയിലുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തിന്റെ ക്യാബിനിലേക്ക് വിനോദവും തടസമില്ലാത്ത കണക്റ്റിവിറ്റി സാങ്കേതികവിദ്യയും നൽകുന്നു.

സുരക്ഷയുടെ കാര്യത്തിലും ടൊയോട്ട ഹൈലക്‌സ് സമ്പന്നനാണ്. അതിനായി വാഹനത്തിൽ ഏഴ് എസ്ആർഎസ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ട്രാക്ഷൻ കൺട്രോൾ (TC), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, പ്രതികൂല കാലാവസ്ഥയിലും റോഡ് സാഹചര്യങ്ങളിലും വാഹന നിയന്ത്രണം നിലനിർത്തുന്നതിനുള്ള ഒരു കൂട്ടം ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.


Click it and Unblock the Notifications








