27 കിലോമീറ്റർ മൈലേജുള്ള ഈ ടൊയോട്ട എംപിവി ഇനി ബുക്ക് ചെയ്യാനാവില്ല, കാരണം ഇതാണ്
ഇന്ത്യൻ വിപണിയിലെ എംപിവികളുടെ തമ്പുരാക്കൻമാർ ആരെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് ടൊയോട്ടയാണെന്ന്. മൾട്ടി പർപ്പസ് വാഹനങ്ങളുടെ തലതൊട്ടപ്പൻമാരായി ഇന്നോവ ക്രിസ്റ്റയും ഇന്നോവ ഹൈറൈഡറും നിൽക്കുമ്പോൾ വേറെ ഏതെങ്കിലും ബ്രാൻഡിന്റെ പേര് നമുക്ക് പറയാൻ തോന്നുവോ? യാത്രാ സുഖവും അത്യുഗ്രൻ പെർഫോമൻസുമെല്ലാം തരുന്ന ഇത്രയും നല്ലൊരു മോഡൽ രാജ്യത്ത് മറ്റൊന്നില്ലെന്ന് പറഞ്ഞാലും തെറ്റൊന്നും പറയാനാവില്ല.
എത്ര ലക്ഷം കിലോമീറ്റർ വരെയും ചുമ്മാ കിടന്ന് ഓടുന്ന ഇന്നോവകളെ നാം കണ്ടിട്ടുണ്ടല്ലോ. യൂസ്‌ഡ് കാർ വിപണിയിൽ പോലും ചൂടപ്പം പോലെയാണ് ഇന്നോവ എംപിവികൾ വിറ്റുപോവുന്നത്. എന്നാൽ പുതിയത് ഒരെണ്ണം വാങ്ങിയാലോ എന്ന് ആലോചിക്കുമ്പോൾ വിലയുടെ കാര്യമോർത്ത് മിക്കവരും ദുഖിക്കാറുണ്ട്. ഇത്തരക്കാരെ കൈയിലെടുക്കാനായി ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട കുറഞ്ഞ വിലയിൽ കിടിലൻ മൈലേജുള്ള കോംപാക്‌ട് എംപിവിയെ പുറത്തിറക്കുകയുണ്ടായി.

ട്രെൻഡിംഗായ ടൊയോട്ട റൂമിയോണിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. സിഎൻജി, പെട്രോൾ എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഫ്യുവൽ ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ എത്തുന്നത്. ഏവർക്കും അറിയാവുന്ന മാരുതി സുസുക്കി എർട്ടിഗയുടെ റീബാഡ്‌ജ് മോഡലാണ് റൂമിയോൺ. പക്ഷേ കാഴ്ച്ചയിലെ ബേബി ക്രിസ്റ്റ ലുക്കെല്ലാം വണ്ടിയെ ആകെ വേറിട്ടതാക്കുന്നുണ്ട്. തലക്കെട്ടിൽ പറഞ്ഞതുപോലെ റൂമിയോണിന്റെ സിഎൻജി വേരിയന്റുകളുടെ ബുക്കിംഗ് നിർത്തിവെച്ചിരിക്കുകയാണ്.
എന്നാൽ ഇത് താത്ക്കാലികമായി മാത്രമാണ് കമ്പനി നിർത്തലാക്കിയിരിക്കുന്നത് എന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് സന്തോഷം നൽകുന്ന കാര്യമാണ്. എംപിവിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് ബുക്കിംഗ് ഹോൾഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും ടൊയോട്ട വ്യക്തമാക്കിയിട്ടുണ്ട്. സിഎൻജി വേരിയന്റുകൾക്ക് ശക്തമായ ഡിമാൻഡ് ഉണ്ടെന്ന് കമ്പനി പറയുന്നു. പക്ഷേ റൂമിയോൺ ഇ-സിഎൻജിക്ക് ഇതുവരെ ലഭിച്ച ബുക്കിംഗുകളുടെ എണ്ണം ബ്രാൻഡ് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ടൊയോട്ട റൂമിയോൺ പെട്രോളിനുള്ള ബുക്കിംഗ് തുടരുമെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. മാരുതി സുസുക്കി എർട്ടിഗയിലെ അതേ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.5 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനാണ് റൂമിയോണിന് തുടിപ്പേകുന്നത്. S, G, V എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന എംപിവിക്ക് നിലവിൽ 10.29 ലക്ഷം രൂപ മുതൽ 13.68 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.
പ്രീമിയം വാഹനമായ ഇന്നോവ വാങ്ങാന്‍ ബജറ്റില്ലാത്ത ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിട്ടാണ് ടൊയോട്ട റൂമിയോണ്‍ എന്ന 7 സീറ്റര്‍ കാര്‍ ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മാരുതി സുസുക്കി എര്‍ട്ടിഗയില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ റൂമിയോണില്‍ ടൊയോട്ട കുറച്ച് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. മറ്റ് ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പുകള്‍ പോലെ തന്നെ ക്യാബിനും മാരുതി മോഡലില്‍ നിന്ന് വലിയ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.

എങ്കിലും മൊത്തത്തിൽ ഒരു പ്രീമിയം പാക്കേജായി റൂമിയോണിനെ നിലനിർത്താൻ ബ്രാൻഡിനായിട്ടുണ്ടെന്ന് വേണം പറയാൻ. 1.5 ലിറ്റർ കെ-സീരീസ് ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 103 bhp കരുത്തിൽ പരമാവധി 137 Nm torque വരെ നൽകാനാവും. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. ഇനി സിഎൻജിയിലേക്ക് വന്നാൽ പരമ്പരാഗതമായി കണ്ട് വരുന്ന പവർ കണക്കുകളിലെ കുറവ് ഇവിടെയും സംഭവിച്ചിട്ടുണ്ട്.
സിഎന്‍ജി മോഡില്‍ ഈ എഞ്ചിന്റെ പവര്‍ഔട്ട്പുട്ട് 88 bhp, 121.5 Nm torque എന്നിങ്ങനെയായാണ് കുറയുന്നത്. ഇതിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ടൊയോട്ട നൽകുന്നത്. റൂമിയോണിന്റെ മാനുവല്‍ ഗിയര്‍ ബോക്‌സ് മോഡല്‍ ലിറ്ററിന് 20.51 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് മോഡല്‍ ലിറ്ററിന് 20.11 കിലോമീറ്ററും ഇന്ധനക്ഷമത നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം എംപിവിയുടെ സിഎന്‍ജി പതിപ്പ് എര്‍ട്ടിഗയെ പോലെ കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുകയും ചെയ്യും.

സേഫ്റ്റിയുടെ കാര്യത്തിലേക്ക് വന്നാൽ മാരുതിയുടെ റീബാഡ്‌ജ് മോഡലായതിനാൽ എങ്ങനെയെന്ന് സംശയിക്കുന്നവർക്കുള്ള ഉത്തരവും ടൊയോട്ട നൽകുന്നുണ്ട്. സ്റ്റാൻഡേർഡായി 4 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും പുതിയ 7 സീറ്റര്‍ റൂമിയോണിൽ അണിനിരത്തിയിട്ടുണ്ട്. കൂടാതെ കൺവീനിയന്റ് സവിശേഷതയായി 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്, ഡിജിറ്റല്‍ MID അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും നൽകുന്നുണ്ട്.


Click it and Unblock the Notifications








