കളികൾ ഇനി വേറെ ലെവൽ, സ്പോർട്‌സ് കാർ നിർമിക്കാൻ കൈകോർത്ത് ടൊയോട്ട-സുസുക്കി സഖ്യം
ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെയും സുസുക്കിയുടെയും പങ്കാളിത്തം ഇന്ന് ലോക പ്രശസ്‌തമാണ്. എഞ്ചിനും പ്ലാറ്റ്ഫോമും കാറുകളും പരസ്‌പരം പങ്കിടുന്ന ഈ കൂട്ടുകെട്ടിന് തുടക്കമാവുന്നത് കുറച്ചു വർഷങ്ങൾക്ക് മുമ്പാണ്. നിവവിൽ മാരുതിയുടെ ബജറ്റ് മോഡലുകൾ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കുന്നത് ടൊയോട്ടയുടെ ഒരു പ്രധാന വിനോദമാണ്.
മാരുതി കാറുകൾ പുനർനിർമിച്ച് ടൊയോട്ട അവതരിപ്പിക്കുന്നതിൽ ധാരാളം വിമർശനങ്ങളഉണ്ടെങ്കിലും സംഭവം ഇന്ത്യയിൽ വൻഹിറ്റാണ്. അടുത്തിടെ ഈ പങ്കാളിത്തത്തിന്റെ ഭാഗമായി എത്തിയ അർബൻ ക്രൂയിസർ ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും വിപണിയിൽ വിജയം കൊയ്യുകയും ചെയ്‌തു. എന്നാൽ ഇരുകമ്പനികളും ചേർന്ന് ഇപ്പോൾ പുതിയൊരു സ്‌പോർട്‌സ് കാർ പുറത്തിറക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. സുസുക്കിയുമായുള്ള ആഗോള പങ്കാളിത്തത്തിന് കീഴിൽ ടൊയോട്ട 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനോടുകൂടിയ ഒരു ചെറിയ സ്‌പോർട്‌സ് കാർ വികസിപ്പിക്കുകയാണിപ്പോൾ.

സുസുക്കിയും ദൈഹത്സുവുമായി സഹകരിച്ച് വികസിപ്പിച്ചെടുക്കുന്ന താങ്ങാനാവുന്ന മിഡ് എഞ്ചിൻ ടൊയോട്ട സ്‌പോർട്‌സ് കാർ തംരഗമാവുമെന്നാണ് ബ്രാൻഡിന്റെ വിശ്വാസം. ത്രീ സിലിണ്ടർ എഞ്ചിൻ പവർ ഉള്ള ഈ കാർ ഏകദേശം 120 bhp പവറിൽ 200 Nm torque വരെ വികസിപ്പിക്കുമെന്നാണ് ആഗോള മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്ന വിവരം. ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനൊപ്പം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വരുമെന്നാണ് അഭ്യൂഹങ്ങൾ. ഇത് കാറിന്റെ ശ്രേണിയും ഇന്ധനക്ഷമതയും വർധിപ്പിക്കും.
സ്പോർട്‌സ് കാർ എന്നാവും വിശേഷണമെങ്കിലും പവർ കണക്കുകളൊന്നും ഇതിനെ ന്യായീകരിച്ചേക്കില്ല. പക്ഷേ 1,000 കിലോഗ്രാം ഭാരം മാത്രമുള്ള പുതിയ മോഡലിന് 1.5 ലിറ്റർ എഞ്ചിനിലാവും വരിക. മസ്‌ദ MX-5 പോലെ ഭാരം കുറഞ്ഞതായിരിക്കും ഇതെന്ന് സാരം. കാറിന് 129 bhp കരുത്തിൽ പരമാവധി 150 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവുമെന്നാണ് ടൊയോട്ട വൃത്തങ്ങൾ സൂചന നൽകിയിരിക്കുന്നത്. വരാനിരിക്കുന്ന സ്പോർട്സ് കാർ മസ്‌ദ മിയാത്തയെക്കാളും മൂന്നാം തലമുറ MR2 മോഡലിനെക്കാളും വളരെ വലുതാണെന്നാണ് മറ്റൊരു സുപ്രധാന വിവരം.

കാറിന്റെ എഞ്ചിനിലാണ് സുസുക്കി പ്രവർത്തിക്കുന്നത്. അതേസമയം മുൻ സസ്‌പെൻഷൻ നിലവിലെ തലമുറ ടൊയോട്ട യാരിസിൽ നിന്ന് വരാനിരിക്കുന്ന സ്പോർട്സ് കാർ സ്വീകരിക്കും. ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ മോഡലിന് ദൈഹത്സു കോപ്പാനുമായി സാമ്യമുണ്ടാവുകയും ചെയ്യും. കൂടാതെ ഇത് മസ്‌ദ MR2-വിൽ നിന്നും ഡിസൈൻ സ്വാധീനം എടുത്തേക്കാം. ഇക്കാര്യങ്ങളൊന്നും ടൊയോട്ട പുറത്തുവിട്ടിട്ടില്ലെങ്കിലും കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകളെല്ലാമാണിത്.
സ്‌പോർട്‌സ് കാർ എന്തായാലും ട്വിൻ സീറ്റർ മോഡലായിരിക്കുമെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ സ്‌പോർട്‌സ് കാറിന്റെ വില ഏകദേശം 20,000 ഡോളറായിരിക്കുമെന്നും വിവരമുണ്ട്. ഒരു സ്‌പോർട്‌സ് കാർ എന്ന യൊയോട്ടയുടെ അഭിലാഷം പ്രസിദ്ധമാണ്. ജാപ്പനീസ് വാഹന നിർമാതാക്കൾ 2021 ഡിസംബറിൽ തങ്ങളുടെ സ്‌പോർട്‌സ് ഇവി കൺസെപ്റ്റ് ലോകത്തിനായി പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് ഇത് പലരെയും ആകർഷിക്കുന്നതിലും വിജയം കണ്ടിരുന്നു.

ഓൾ-ഇലക്‌ട്രിക് പവർട്രെയിൻ ഉപയോഗിച്ചാണ് ഈ കൺസെപ്റ്റ് രൂപമെടുത്തത്. എന്നാൽ ടൊയോട്ട നിലവിൽ ഒരു ആന്തരിക ജ്വലന എഞ്ചിൻ-പവർ മോഡലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നതിനാൽ ഇത് യാഥാർഥ്യമാവാൻ കുറച്ചു കാലം കൂടിയെടുത്തേക്കുമെന്നാണ് വിവരം. എന്തായാലും ഈ കുട്ടിസ്പോർട്‌സ് കാർ ഇന്ത്യയിലേക്ക് എത്തുന്ന കാര്യം സംശയമാണ്. പകരം നിലവിൽ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഉപയോഗിച്ചുള്ള മാരുതി ഫ്രോങ്ക്‌സും അതിനെ അടിസ്ഥാനമാക്കിയുള്ള ടൊയോട്ടയുടെ റീബാഡ്‌ജ്‌ഡ് മോഡലും ഇന്ത്യയിൽ കളംനിറയും.
ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പണ്ട് ബലേനോ RS പതിപ്പിൽ പ്രവർത്തിച്ചരുന്നതാണ്. റ്റാന്‍ഡേര്‍ഡ് എഞ്ചിന്‍ ലൈനപ്പിനുള്ള സ്‌പോര്‍ട്ടിയര്‍ ബദലായിരുന്നു ഇതെങ്കിലും കാലത്തിന് മുന്നെ സഞ്ചരിച്ച എഞ്ചിൻ ഓപ്ഷനായിരുന്നു ഇത്. എന്നാൽ രണ്ടാം വരവിന് തയാറെടുക്കുമ്പോൾ ട്രെൻഡ് സെറ്ററാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി 100 bhp പവറിൽ 147.6 Nm torque വരെ നൽകാനാവുന്ന ബൂസ്റ്റര്‍ജെറ്റ് ഗ്യാസോലിന്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായാവും ജോടിയാക്കുക.


Click it and Unblock the Notifications








