പഞ്ച് ഇവി മുതൽ പുത്തൻ മാഗ്നൈറ്റ് വരെ, ഒക്‌ടോബറിൽ വരുന്നത് ലോഞ്ചുകളുടെ പൊടിപൂരം
പുത്തൻ കാർ ലോഞ്ചുകളുടെ പെരുന്നാളിയിരുന്നു ഈ വർഷം ഇന്ത്യൻ വിപണി സാക്ഷ്യംവഹിച്ചത്. ഓരോ മാസവും ഗംഭീര കാറുകൾ നിരത്തുകളിൽ എത്തിയപ്പോൾ ഇനി വരാനിരിക്കുന്ന മൂന്ന് മാസവും പുത്തൻ മോഡലുകളുടെ വലി കുത്തൊഴുക്ക് തന്നെയാണ് ഉണ്ടാവാൻ പോവുന്നത്. ഒക്ടോബർ മാസത്തിൽ ഇവികൾ ഉൾപ്പെടെ നിരവധി പുതിയ കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് വാഹന നിർമാതാക്കൾ ഒരുങ്ങിയിരിക്കുന്നത്.
ചില കാർ നിർമാതാക്കൾ തങ്ങളുടെ പുതിയ മോഡലുകളുടെ അരങ്ങേറ്റം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ചിലർ രഹസ്യമായി വന്ന് ഞെട്ടിക്കാനാണ് തയാറെടുക്കുന്നത്. ഉത്സവ സീസൺ കൂടി ആരംഭിക്കുന്നതിനാൽ വിൽപ്പന കൂടുതൽ ലഭിക്കുന്ന മാസങ്ങളാണ് ഇനിയുള്ളത്. ആയതിനാൽ ഒരു പുത്തൻ ഇലക്‌ട്രിക് മൈക്രോ എസ്‌യുവിയെ കൊണ്ടുവരാനാണ് ടാറ്റ മോട്ടോർസിന്റെ പ്ലാൻ. നെക്സോൺ, നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവികൾ അവതരിപ്പിച്ചുകൊണ്ട് കമ്പനി ഇതിനകം തന്നെ വെട്ടിക്കെട്ടിന് തിരികൊളുത്തിയിട്ടുണ്ട്. ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡലുകളെ ഒന്നുപരിചയപ്പെട്ടാലോ?

ടാറ്റ പഞ്ച് ഇവി: ഒക്‌ടോബർ അവസാനത്തോടെ പഞ്ച് എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിനെ പുറത്തിറക്കനാണ് ടാറ്റ മോട്ടോർസ് തയാറെടുക്കുന്നത്. ഈ വർഷം അവസാനത്തോടെ മൂന്ന് ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ മാസം ആദ്യം പുറത്തിറക്കിയ നെക്സോൺ ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഈ മൂന്നെണ്ണത്തിൽ ആദ്യത്തേതാണ്. നടന്നുകൊണ്ടിരിക്കുന്ന ഉത്സവ സീസണിൽ ലോഞ്ച് തീയതിക്ക് അനുസൃതമായി അടുത്തതായി പഞ്ച് ഇവിയും നിരത്തുകളിൽ എത്തും.
ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി പഞ്ച് ഇവി അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ്. മുൻനിര എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുനർരൂപകൽപ്പന ചെയ്ത മുൻവശവുമായാണ് പഞ്ച് ഇവി വരികയെന്ന് സ്പൈ ഷോട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണവും നെക്‌സോൺ ഇവിയിൽ അരങ്ങേറ്റം കുറിച്ച ഡിജിറ്റൽ ലോഗോയുള്ള ടാറ്റയുടെ പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീലും ലഭിക്കും.

ടാറ്റ ഹാരിയർ, സഫാരി ഫെയ്‌സ്‌ലിഫ്റ്റ്: ടാറ്റ മോട്ടോർസ് തങ്ങളുടെ രണ്ട് മുൻനിര എസ്‌യുവികളായ ഹാരിയർ, സഫാരി എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും ഈ ഒക്‌ടോബർ മാസത്തിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും നിലവിൽ പരീക്ഷണ ഘട്ടത്തിലാണുള്ളത്. മാത്രമല്ല, മോഡലുകൾക്കായുള്ള അനൌദ്യോഗിക ബുക്കിംഗും കമ്പനി തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പുതുക്കിയ ഗ്രില്ലും പുതിയ സെറ്റ് വെർട്ടിക്കൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും എൽഇഡി ഡിആർഎല്ലും സഹിതം പുനർരൂപകൽപ്പന ചെയ്‌ത മുൻവശവുമായാവും എസ്‌യുവികൾ ഇത്തവണ അരങ്ങേറ്റം കുറിക്കുക. സെഗ്മെന്റിൽ വർധിച്ചുവരുന്ന മത്സരത്തെ അതിജീവിക്കാനുള്ള പരിഷ്ക്കാരങ്ങൾ ഇത്തവണത്തെ പരിഷ്ക്കാരങ്ങളിൽ ഇടംപിടിക്കാനെത്തും. എങ്കിലും രണ്ട് ഫ്ലാഗ്ഷിപ്പ് എസ്‌യുവികളിലും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

നിസാൻ മാഗ്നൈറ്റ് കുറോ: ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ മാഗ്നൈറ്റ് എസ്‌യുവിയുടെ പ്രത്യേക പതിപ്പ് ഒക്ടോബറിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ മാഗ്നൈറ്റ് കുറോ എഡിഷന്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള നിസാൻ ഡീലർഷിപ്പുകളിലും ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും എസ്‌യുവിയുടെ ബുക്കിംഗ് 11,000 രൂപയ്ക്ക് നടത്താം.
നിസാൻ മാഗ്നൈറ്റ് കുറോ സ്‌പെഷ്യൽ എഡിഷൻ എസ്‌യുവി വരാനിരിക്കുന്ന ഐസിസി ലോകകപ്പുമായുള്ള ബന്ധത്തിന്റെ സ്മരണയ്ക്കായാണ് പുറത്തിറക്കുന്നത്. മാഗ്‌നൈറ്റ് എസ്‌യുവിയായിരിക്കും ടൂർണമെന്റിന്റെ ഔദ്യോഗിക വാഹനം. XV മാനുവൽ, ടർബോ XV മാനുവൽ, ടർബോ XV സിവിടി ഓട്ടോമാറ്റിക് തുടങ്ങിയ വേരിയന്റുകളിൽ പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉത്സവ സീസണിൽ ഷോറൂമുകളിലേക്ക് ആളുകളെ ആകർഷിക്കാൻ ഈ മോഡലിനാവുമെന്നാണ് കണക്കുകൂട്ടലുകൾ.
ഇതിനു പുറമെ ലക്ഷ്വറി സെഗ്മെന്റിലേക്കും നിരവധി മോഡലുകളായിരിക്കും ഉത്സവ കാലം പിടിക്കാനായി കടന്നുവരിക. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഔഡി, ബിഎംഡബ്ല്യു, മെർസിഡീസ് ബെൻസ് പോലുള്ള ബ്രാൻഡുകൾ ചില മോഡലുകൾ പുറത്തിറക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹ്യുണ്ടായി, മാരുതി സുസുക്കി, മഹീന്ദ്ര എന്നിവയിൽ നിന്നൊന്നും പുതിയ കാറുകൾ വരുന്ന മാസം പ്രതീക്ഷിക്കേണ്ടതില്ല.


Click it and Unblock the Notifications








