2024 ടാറ്റയുടെ വർഷമായിരിക്കും, വരാനിരിക്കുന്ന കാറുകൾ കണ്ടാൽ മാരുതിയുടെ വരെ കണ്ണുതണ്ണും
ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള വാഹന നിർമാതാക്കളിൽ ഒരാണ് ടാറ്റ മോട്ടോർസ്. സേഫ്റ്റിയും ഫീച്ചറുകളും കോർത്തിണക്കിയെത്തുന്ന ബ്രാൻഡിന്റെ കാറുകൾക്ക് വലിയ പിന്തുണയാണുള്ളത്. സർവീസിംഗിൽ ചില പോരായ്‌മകളും പരാതികളുമെല്ലാം ഇടക്കിടെ കേൾക്കാറുണ്ടെങ്കിലും പതിയെ ഈ പ്രശ്‌നങ്ങളും പരിഹരിച്ച് ജനപ്രിയനായി മാറുകയാണ് ടാറ്റ. ഈ വർഷം ടാറ്റ മോട്ടോർസ് സിഎൻജി കാറുകളിലും ഇവികളിലുമെല്ലാമാണ് കൂടുതലും ശ്രദ്ധ കൊടുത്തിരുന്നത്.
അതോടൊപ്പം തന്നെ നെക്സോൺ, സഫാരി, ഹാരിയർ എസ്‌യുവികളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളേയും കമ്പനി ഇന്ത്യയിൽ കൊണ്ടുവന്നു. എന്നാൽ വരാനിരിക്കുന്ന വർഷം അതായത് 2024-ൽ ചില ഗംഭീര മോഡലുകളായിരിക്കും ടാറ്റ ഷോറൂമുകളിൽ എത്തുക. മൂന്ന് ഇലക്ട്രിക് വാഹനങ്ങളുൾപ്പടെ ഞെട്ടിക്കാൻ പാകത്തിനുള്ള കാറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. 2024-ൽ ഇന്ത്യയിൽ എത്താൻ പോവുന്ന ടാറ്റ കാറുകൾ ഏതെല്ലാമെന്ന് പരിചയപ്പെട്ടാലോ?

ആൾട്രോസ് റേസർ: ഫോക്‌സ്‌വാഗൺ പോളോ ജിടി കൈയടക്കി വെച്ചിരുന്ന പെർഫോമൻസ് കാർ എന്ന വിഭാഗത്തെ കൈയിലെടുക്കാനാണ് ടാറ്റയുടെ ആദ്യ ശ്രമം. ഇതിന്റെ ഭാഗമായി ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ റേസർ പതിപ്പിനെ കമ്പനി കൊണ്ടുവരും. സ്റ്റാൻഡേർഡ് ഹാച്ച്ബാക്കിനേക്കാൾ കൂടുതൽ ആക്രമണോത്സുകമായ ആൾട്രോസ് റേസർ 2023 ഓട്ടോ എക്‌സ്‌പോയിലാണ് അരങ്ങേറ്റം കുറിച്ചത്. നെക്സോണിലെ കരുത്തുറ്റ 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനുമായാവും മോഡൽ വരിക.
ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ്: 2019-ൽ അവതരപ്പിച്ചതിനു ശേഷം കാര്യമായ പരിഷ്ക്കാരങ്ങളൊന്നും നേടാത്ത ഹാച്ച്ബാക്കിന് ഒറുമുഖം മിനുക്കലും ടാറ്റ വരും വർഷത്തിൽ സമ്മാനിക്കും. കാറിലേക്ക് സമഗ്രമായ ഒരു മേക്കോവർ തന്നെയാണ് വരാൻ പോവുന്നത്. ഈ അപ്‌ഡേറ്റിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ-ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയും ഹാച്ച്‌ബാക്കിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വരുത്തിയ മാറ്റങ്ങളും ഉൾപ്പെടും.

മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നിവയ്‌ക്ക് കൂടുതൽ ആകർഷകമായ ബദലായി ആൾട്രോസ് മാറുമെന്നാണ് ഏവരുടേയും പ്രതീക്ഷ. റീഡിസൈൻ ചെയ്ത ടാറ്റ ആൾട്രോസ് അതിന്റെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുമെന്ന് തന്നെയാണ് വിവരം. അങ്ങനെയെങ്കിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാവുന്ന ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഡീസൽ കാർ എന്ന വിശേഷണവും ആൾട്രോസിന് മുന്നോട്ടുകൊണ്ടുപോവാം.
കർവ്: ഡീസൽ, പെട്രോൾ, ഓൾ-ഇലക്‌ട്രിക് എന്നീ മൂന്ന് വ്യത്യസ്‌ത മോഡലുകളിലെത്തുന്ന ടാറ്റ മോട്ടോർസിന്റെ പ്രധാന ആയുധമായിരിക്കും 2024-ൽ പുറത്തിറങ്ങാൻ പോവുന്ന കർവ്. ഓട്ടോ എക്സ്പോയിലും മറ്റും പ്രദർശിപ്പിച്ച കർവ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഡിസൈനായിരിക്കും ഇതിനുണ്ടായിരിക്കുക. പെട്രോൾ, ഡീസൽ പതിപ്പുകൾ നെക്‌സോണിനും ഹാരിയറിനും ഇടയിലുള്ള ലൈനപ്പിൽ സ്ഥാനം പിടിക്കും.

അതേസമയം കർവ് ഇവി ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകളും നെക്‌സോൺ ഇവിയെക്കാൾ മെച്ചപ്പെട്ട പെർഫോമൻസും 500 കിലോമീറ്ററിലധികം റേഞ്ചും ADAS പോലുള്ള സേഫ്റ്റി ഫീച്ചറുകളും കോർത്തിണക്കിയാവും വിപണിയിലേക്ക് എത്തുക. കർവിന്റെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതി 2024 മാർച്ചാണ്. ഇലക്ട്രിക് പതിപ്പിന് ഏകദേശം 20 ലക്ഷം രൂപയോളമാവും എക്സ്ഷോറൂം വില.
പഞ്ച് ഇവി: ടാറ്റയുടെ തലവര തന്നെ മാറ്റിമറിച്ചേക്കാവുന്ന വാഹനമായാണ് പലരും പഞ്ച് ഇലക്ട്രിക്കിനെ കണക്കാക്കപ്പെടുന്നത്. 2024-ന്റെ ആദ്യ പകുതിയിൽ മോഡലിനെ അവതരിപ്പിക്കാനാണ് സാധ്യത. 12-15 ലക്ഷം രൂപ വില പരിധിയിൽ പുറത്തിറക്കുന്ന പഞ്ച് ഇവി സിട്രൺ eC3 യുമായി നേരിട്ട് മത്സരിക്കും. റേഞ്ച് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ലെങ്കിലും ടാറ്റ പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹാരിയർ ഇവി: 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രൊഡക്ഷൻ-റെഡി രൂപത്തിലാണ് എസ്‌യുവിയുടെ വൈദ്യുത പതിപ്പിനെ ടാറ്റ മോട്ടോർസ് ആദ്യം പ്രദർശിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 2024 ഉത്സവ സീസണിന് മുമ്പായി ഓൾ-ഇലക്‌ട്രിക് മിഡ്‌സൈസ് എസ്‌യുവി ഇന്ത്യൻ വിപണിയിലെത്തും. പുതിയ ഹാരിയർ ഇവി എക്സ്റ്റീരിയറിലും ഇന്റീരിയറിലും ICE എഞ്ചിൻ പതിപ്പിന് സമാനമായിരിക്കും. നെക്സോണിൽ പയറ്റിയ അതേ തന്ത്രമാണ് ബ്രാൻഡ് ഇവിടെയും പരീക്ഷിക്കുന്നത്.
നെക്സോൺ ഡാർക്ക് എഡിഷൻ: ടാറ്റ നെക്‌സോണിന്റെ പുത്തൻ മോഡൽ അടുത്തിടെയാണ് പുറത്തിറങ്ങിയെങ്കിലും അതിന്റെ ഡാർക്ക് എഡിഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2024-ൽ എത്താൻ പോകുന്ന കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന നെക്‌സോൺ ബ്ലാക്ക് അലോയ് വീലുകൾ, വ്യതിരിക്തമായ 'ഡാർക്ക്' ബാഡ്ജുകൾ, ഓൾ-ബ്ലാക്ക് ഇന്റീരിയർ, അടിസ്ഥാന വേരിയന്റിന് സമാനമായ പവർട്രെയിൻ കോൺഫിഗറേഷൻ തുടങ്ങിയ പരിചിതമായ ഘടകങ്ങൾ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications