ഒറ്റ ദിവസം, 150 കാറുകളുടെ ഡെലിവറി; ഓണം കളറാക്കാൻ ഈ ബ്രാൻഡ് ചെയ്‌തത് കണ്ടോ...
കേരളത്തിൽ ഓണക്കാലമായതോടെ വാഹന ഷോറൂമുകളിലെല്ലാം ആളുകൂടുകയാണ്. പൊതുവേ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നൊരു സമയമാണിത്. കാറുകൾക്കും ബൈക്കുകൾക്കുമെല്ലാം കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളുമെല്ലാം നൽകി അതത് ബ്രാൻഡുകൾ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ഇത്തവണയും ഇതിന് പുതുമയൊന്നുമില്ലെങ്കിലും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ മെഗാ ഡെലിവറിയുമായാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
മലയാളം കലണ്ടറിലെ പുതുവർഷത്തെ അടയാളപ്പെടുത്തുന്ന ഓണത്തിന്റെ ആദ്യ ദിനമായ ചിങ്ങം ഒന്നിന് 150 കാറുകളെ ഒന്നിച്ച് വിതരണം ചെയ്‌താണ് തങ്ങളുടെ കസ്റ്റമേഴ്‌സിനെ കമ്പനി കൈയിലെടുത്തിരിക്കുന്നത്. ബ്രാൻഡിന്റെ ദാസ് വെൽറ്റ്ഓട്ടോ (DWA) യൂസ്ഡ് കാർ ബിസിനസിന് കീഴിൽ 50 പ്രീ-ഓൺഡ് കാറുകൾക്കൊപ്പമാണ് പുതിയ വെർട്ടിസ്, ടൈഗൂൺ, ടിഗുവാൻ മോഡലുകളുടെ മെഗാ ഡെലിവറി സാധ്യമായത്.

കേരളത്തിലെ ഉപഭോക്താക്കൾക്ക് ഒരു പുതിയ തുടക്കം നൽകുന്നതിന്റെ ഭാഗമായാണ് പുതുപ്പിറവി ദിനത്തിൽ ഇത്രയും വലിയൊരു ഡെലിവറി മേള നടത്താൻ ജർമൻ ബ്രാൻഡ് തയാറായത്. ഇതുകൂടാതെ നിരവധി വാഹന നിർമാതാക്കൾ ഡിസ്കൗണ്ടുകളും ഓഫറുകളും മറ്റും ഉൾപ്പെടെയുള്ള പ്രത്യേക സംരംഭങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. 2022-ൽ തങ്ങളുടെ പുതിയ മോഡൽ ശ്രേണിയുടെ വരവിനുശേഷം ഫോക്‌സ്‌വാഗൺ വിൽപ്പനയിൽ ഗണ്യമായ ഉയർച്ച കൈവരിച്ചിട്ടുണ്ട്.
അതിനാൽ ഈ ഉത്സവ സീസണും ഉയർന്ന നിലയിൽ അവസാനിപ്പിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പോളോയും വെന്റോയും പടിയിറങ്ങുകയാണെന്ന് വ്യക്തമാക്കിയതോടെ ഇനിയെന്താകും ഫോക്‌സിയുടെ പ്ലാൻ എന്ന് സംശയിച്ചവർക്കുള്ള ഉത്തരമായിരുന്നു വെർട്ടിസും ടൈഗൂണും. സ്കോഡ-ഫോക്‌സ്‌വാഗൺ കൂട്ടുകെട്ടിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി പണികഴിപ്പിച്ച മോഡലുകളെ ഇരികൈയും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചത്.

പോക്കറ്റിൽ ഒതുങ്ങുന്ന വിലയും, മികച്ച നിർമാണ നിലവാരവും, ആധിനിക ഫീച്ചറുകളുടെ അകമ്പടിയും, പെർഫോമൻസും മൈലേജും കോർത്തിണക്കിയ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുമെല്ലാമായി രണ്ട് വാഹനങ്ങളും തങ്ങളുടേതായ സ്ഥാനം കണ്ടെത്തുകയുണ്ടായി. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും സേഫ്റ്റിയുള്ള വാഹനങ്ങളായി വെർട്ടിസും ടൈഗൂണും പേരെടുത്തിട്ടുമുണ്ട്. സെഡാനുകൾക്ക് ജനപ്രീതി കുറഞ്ഞുവരുന്ന കാലത്താണ് ജർമൻ കമ്പനി കിടിലൻ സേഫ്റ്റിയും ഫീച്ചറുകളും കുത്തിനിറച്ച് വെർട്ടിസിനെ ഒരുക്കിയത്.
ഹിറ്റടിച്ച് ത്രീ-ബോക്‌സ് ടൈപ്പ് വാഹനങ്ങളുടെ ജനപ്രീതി എങ്ങുംപോയിട്ടില്ലെന്ന് ഫോക്‌സ്‌വാഗൺ തെളിയിച്ചുകൊടുത്തു. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് ടൈഗൂണിനും വെർട്ടിസിനും തുടിപ്പേകുന്നത്. ഇതിൽ ആദ്യത്തേത് പരമാവധി 111 bhp കരുത്തിൽ 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കി വാങ്ങാനാവും.

അതേസമയം രണ്ടാമത്തെ ശേഷി കൂടിയ എഞ്ചിന് 150 bhp പവറിൽ 250 Nm torque വരെ നൽകാൻ കഴിയും. കൂടുൽ കാര്യക്ഷമത കൈവരിക്കാനായി ഇതിൽ ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയും (ACT) ഫോക്‌സ്‌വാഗൺ നൽകുന്നുണ്ട്. നിലവിൽ ടൈഗൂൺ മിഡ്-സൈസ് എസ്‌യുവിക്ക് 11.62 ലക്ഷം രൂപ മുതൽ 19.46 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്.
അതേസമയം വെർട്ടിസ് സെഡാനിലേക്ക് വന്നാൽ 11.48 ലക്ഷം മുതൽ 18.77 ലക്ഷം രൂപ വരെയാണ് ഇതിന് മുടക്കേണ്ടി വരുന്ന വില. ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റുവാർത്തകളിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ അടുത്തിടെ ടിഗുവാൻ പ്രീമിയം എസ്‌യുവിയുടെ വില 47,000 രൂപയോളം ഉയർത്തിയിരുന്നു. വില പുതുക്കലിന് ശേഷം 35.17 ലക്ഷം രൂപയാണ് വാഹനത്തിനായി ഇനി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. ഇന്ത്യയില്‍ ഒരു ഫുള്ളി ലോഡഡ് 'എലഗന്‍സ്' വേരിയന്റിലാണ് കാര്‍ വാഗ്ദാനം ചെയ്യുന്നത്.

ഈ വര്‍ഷം മൂന്നാം തവണയാണ് ടിഗുവാന്റെ വില കമ്പനി വർധിപ്പിക്കുന്നത്. വില കൂടിയെങ്കിലും കാറിന്റെ ഫീച്ചറുകളിലും സ്‌പെസിഫിക്കേഷനുകളിലും കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 5 സീറ്റർ മോഡലിന് ബിഎസ്-VI മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്ന എഞ്ചിൻ ലഭിച്ചിരുന്നു. E20 ഇന്ധനത്തില്‍ ഓടാന്‍ ഇപ്പോള്‍ ഈ വാഹനത്തിന് കഴിയും. 190 bhp കരുത്തിൽ 320 Nm torque നല്‍കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം.


Click it and Unblock the Notifications








