ഈ പ്രീമിയം ഫീച്ചർ ഇനി ടൈഗൂണിലും, അതും വെറും 25,000 രൂപയ്ക്ക്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഫോക്‌സ്‌വഗൺ അണിനിരത്തിയ മോഡലാണ് ടൈഗൂൺ എന്ന സുന്ദരൻ. വലിയേട്ടനായ ടിഗുവാന്റെയും കൊഡിയാക്കിന്റെയും എല്ലാം സൗന്ദര്യവും കരുത്തും കോർത്തിണക്കിയായിരുന്നു കുട്ടിക്കൊമ്പന്റെ വരവ്. ജർമൻ ബ്രാൻഡിൽ നിന്നും ഇത്തരമൊര വാഹനം വന്നാൽ പിന്നെ പറയേണ്ടതില്ലല്ലോ...
ഇടംവലം നോക്കാതെ സംഭവം ഹിറ്റടിച്ചു. ഫോക്‌സ്‌വാഗണിൽ നിന്നും സാധാരണക്കാരന് താങ്ങാനാവുന്നൊരു എസ്‌യുവി എന്നത് പ്രതീക്ഷക്ക് വകയില്ലാത്ത കാര്യമായിരുന്നുവെന്നാണ് അക്കാലം വരെയും നാം വിശ്വസിച്ചത്. എന്നാൽ ധാരണകളെല്ലാം തിരുത്തിക്കുറിച്ച് കമ്പനി സാധാരണക്കാരിലേക്ക് ഇറങ്ങിയെത്തുകയായിരുന്നു. പോളോയും വെന്റോയും കളമൊഴിഞ്ഞതോടെ ഇനി ആര് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു ടൈഗൂൺ. കൊറിയൻ എതിരാളികളായ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനും ഒത്ത മത്സരാർഥിയാണെങ്കിലും വിൽപ്പന കണക്കുകൾ അത്രയ്ക്കൊന്നു പറയാനുമില്ല.

എന്നാൽ പ്രതിമാസം ടൈഗൂണിന്റെ 10,000 യൂണിറ്റുകൾ വിറ്റഴിക്കാനൊന്നും ഫോക്‌സ്‌വാഗണ് പദ്ധതിയുമില്ലായിരുന്നുവെന്നതാണ് യാഥാർഥ്യം. ആയതിനാൽ കമ്പനിയുടെ കണക്കുക്കൂട്ടലുകളെല്ലാം എസ്‌യുവി നേടിക്കൊടുത്തു. പ്ലാൻ വിജയിച്ചപ്പോൾ അടിക്കടി മോഡലിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ജർമൻ ബ്രാൻഡ് പ്രത്യേകം താത്പര്യം കാണിക്കുകയും ചെയ്‌തു. ദേ ഇപ്പോൾ ടൈഗൂണിലേക്ക് ഒരു പ്രീമിയം ഫീച്ചർ കൂടികൂട്ടിച്ചേർത്തിരിക്കുകയാണ്. ടോപ്പ് എൻഡ് ജിടി പ്ലസ് വേരിയന്റിന് വെന്റിലേറ്റഡ് സീറ്റുകൾ സമ്മാനിച്ചതാണ് ആ നവീകരണം.
താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 25,000 രൂപ അധികമായി നൽകി സൗകര്യപ്രദമായ ഫീച്ചർ തെരഞ്ഞെടുക്കാമെന്നാണ് ഫോക്‌സ്‌വാഗൺ അറിയിച്ചിരിക്കുന്നത്. അതായത് 18.96 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നൽകിയാൽ ഈ ആഡംബര സവിശേഷത കൂടെക്കൂട്ടാമെന്ന് സാരം. വെന്റിലേറ്റഡ് സീറ്റുകളില്ലാതെ നിലവിലുള്ള ടൈഗൂൺ ജിടി പ്ലസ് വേരിയന്റ് 18.71 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലും വീട്ടിലെത്തിക്കാനാവും. ടൈഗൂൺ കൂടാതെ ക്രെറ്റ, സെൽറ്റോസ്, ഹാരിയർ, സഫാരി, ഹെക്ടർ, അൽകാസർ, കുഷാഖ് എന്നിവയും വെന്റിലേറ്റഡ് സീറ്റുകൾ ഇന്ന് ലഭ്യമാണ്.

മുമ്പ് 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉള്ള ടോപ്‌ലൈൻ വേരിയന്റിൽ മാത്രമാണ് ഫോക്‌സ്‌വാഗൺ ടൈഗൂണിന് വെന്റിലേറ്റഡ് സീറ്റുകൾ ലഭിച്ചിരുന്നത്. ഈ ഫീച്ചറിന്റെ കൂട്ടിച്ചേർക്കൽ ഏറെ സ്വാഗതാർഹമായ തീരുമാനമാണ്. രാജ്യത്തുടനീളം വേനൽക്കാലം ആരംഭിക്കുന്ന സമയത്തു തന്നെ ഈ സംഭവം കൊണ്ടുവന്നത് ശ്രദ്ധേയമാണ്. വായുസഞ്ചാരമുള്ള സീറ്റുകൾ ഒഴികെ മറ്റ് പരിഷ്ക്കാരങ്ങളൊന്നും ടൈഗൂൺ ജിടി പ്ലസ് പതിപ്പിൽ അവതരിപ്പിച്ചിട്ടില്ലെന്നു വേണം പറയാൻ.
വെന്റിലേറ്റഡ് കാർ സീറ്റുകൾ ഒരു പ്രത്യേക തരം സീറ്റുകളാണ്. അവ നിർബന്ധിത വായുസഞ്ചാരത്തിന്റെ അധിക സംവിധാനം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നുവെന്നതാണ് ഇവയെ സാധാരണ സീറ്റുകളിൽ നിന്നും വ്യത്യസ്‌തമാക്കുന്നതെന്നു വേണം പറയാൻ. ചൂടുള്ള കാലവസ്ഥയിലെല്ലാം ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഈ ഫീച്ചർ തികച്ചും അനുയോജ്യമാണ്. ശരിയായി സംവിധാനം ചെയ്ത എയർ സപ്ലൈ യാത്രക്കാരുടെ ശരീരത്തെ ഉടനടി തണുപ്പിക്കാൻ അനുവദിക്കുന്ന കാര്യമാണിത്.

ടൈഗൂൺ ജിടി പ്ലസ് വേരിയന്റിന്റെ മറ്റ് പ്രധാന സവിശേഷതകളിലേക്ക് നോക്കിയാൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക് സൺറൂഫ്, ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ സവിശേഷതകളാണ് വാഹനം വാങ്ങുന്നവർക്ക് ലഭിക്കുന്നത്. 7 സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ഈ വേരിയന്റിന് തുടിപ്പേകുന്നത്.
ഈ ടർബോ പെട്രോൾ എഞ്ചിൻ 148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 1.5 TSI എഞ്ചിൻ സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യയോടെയാണ് വരുന്നത്. അത് കാര്യക്ഷമത മെച്ചപ്പെടുത്താനും വാഹനത്തിൽ നിന്നുള്ള മലിനീകരണം കുറയ്ക്കാനും സഹായിക്കുന്നു. ടൈഗൂണിന്റെ എൻട്രി വേരിയന്റുകൾ 6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കിയ 1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനാണ് ഫോക്‌സ്‌വാഗൺ നൽകുന്നത്.

പുതിയ വെന്റിലേറ്റഡ് സീറ്റ് ഫീച്ചറിന്റെ സവിശേഷത ടൈഗൂണിനെ കൂടുതൽ പ്രീമിയമാക്കുമെന്നാണ് പറയാനാവുന്നത്. നിലവിൽ സെഗ്മെന്റിലെ മറ്റ് എസ്‌യുവി മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ മോഡലിന് വില അൽപം കൂടുതലാണെന്ന പരാതിയും ഉപഭോക്താക്കൾക്കുണ്ട്. എന്തായാലും തങ്ങളുടേതായ സ്ഥാനം ഈ ശ്രേണിയിൽ കണ്ടെത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.


Click it and Unblock the Notifications








