ഇനി ഈ അധിക സവിശേഷതകളും! മിനുങ്ങി ടൈഗൂണും വെർട്ടിസും
ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ് ഇന്ത്യയിൽ അഡ്രസുണ്ടാക്കി കൊടുത്ത മോഡലുകളാണ് പോളോയും വെന്റോയും. സാധാരണക്കാരുടെ ഫോക്‌സിയെന്ന നിലയിൽ ഓടിത്തിമിർത്ത മോഡലുകൾ സെഗ്മെന്റിലെ ഏറ്റവും മികച്ച നിർമാണ നിലവാരമുള്ള കാറുകളായാണ് പേരെടുത്തത്. ഇതിഹാസം രചിച്ച് ഇവ വിപണിയിൽ നിന്നും പടിയിറങ്ങാൻ പോവുന്നുവെന്ന് കേട്ടപ്പോൾ ഞെട്ടലാണുണ്ടായത്.
സാധാരണക്കാരുടെ വാഹനം നിർത്തിയാൽ പിന്നെങ്ങനെ ഫോക്‌സ്‌വാഗൺ നിലനിൽക്കുമെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാൽ ജർമൻ ബ്രാൻഡിന്റെ തലയിൽ ഉദിച്ച ബുദ്ധികണ്ട് പിന്നീട് വാഹന ലോകം അമ്പരക്കുകയായിരുന്നു. പോളോയ്ക്കും വെന്റോയ്ക്കും പകരക്കാരൻ എത്തിയില്ലെങ്കിലും കമ്പനി വിപണിയിൽ അവതരിപ്പിച്ച രണ്ട് പുതിയ മോഡലുകളും വൻഹിറ്റാവുകയാണുണ്ടായത്. ടൈഗൂണിന്റെയും വെർട്ടിസിന്റെയും കാര്യമാണീ പറഞ്ഞുവരുന്നത്. സ്കോഡ-ഫോക്‌സ്‌വാണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായെത്തിയ രണ്ട് കാറുകളും എങ്ങനെ ഹിറ്റായെന്ന് ഓർത്താണ് ആളുകൾ തലപുകയ്ക്കുന്നത്.

ഏതുതരം ആളുകളെയും കൈയിലെടുക്കാനുള്ള മായാജാലങ്ങളാണ് ടൈഗൂണിലും വെർട്ടസിലും ഒരുക്കിയിരിക്കുന്നത്. അടിക്കടി ഇരുമോഡലുകളിലും പരിഷ്ക്കാരങ്ങൾ അവതരിപ്പിച്ച് പുതുമയോടെ നിലനിൽക്കാനും ഫോക്‌സ്‌വാഗൺ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ദേ ഇപ്പോഴും അത്തരമൊരു നീക്കത്തിലൂടെ ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും ജനപ്രിയമായ രണ്ട് മോഡലുകളായ ടൈഗൂൺ എസ്‌യുവി, വെർട്ടിസ് സെഡാൻ എന്നിവയിൽ അധിക സവിശേഷതകൾ ചേർത്ത് പുതിക്കിയിരിക്കുകയാണ് കമ്പനി. ഇരു സെഗ്മെന്റിലുമായി എതിരാളികൾക്കിടയിൽ വേറിട്ടു നിൽക്കാനുള്ള ജർമൻ ബ്രാൻഡിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കങ്ങൾ.
ഇനി പുതുതായി മോഡലുകളിലേക്ക് എത്തിയ ഫീച്ചറുകളുടെ കാര്യം എന്തെന്ന് നോക്കിയാൽ ഫോക്‌സ്‌വാഗൺ ടൈഗൂണിന് ഇപ്പോൾ ഓട്ടോ ഹെഡ്‌ലൈറ്റുകളും ഓട്ടോ കമിംഗ്/ലീവിംഗ് ഹോം ലൈറ്റുകളും ഒരുക്കിയിട്ടുണ്ട് എന്നതാണ്. എസ്‌യുവിയുടെ 1.0 ലിറ്റർ ടിഎസ്ഐ ഡൈനാമിക് ലൈനിന്റെ ഹൈലൈൻ വേരിയന്റിലാണ് ഈ സവിശേഷതകൾ ഇപ്പോൾ കോർത്തിണക്കിയിരിക്കുന്നത്. അതേസമയം വെർട്ടിസിന്റെ 1.5 ലിറ്റർ ടിഎസ്ഐ പെർഫോമൻസ് ലൈനിന്റെ ജിടി വേരിയന്റിലേക്കാണ് ബ്രാൻഡ് ഈ ഫീച്ചറുകൾ സമ്മാനിച്ചിരിക്കുന്നത്.

ഇതുകൂടാതെ വെർട്ടിസ് സെഡാൻ ഇപ്പോൾ അതിന്റെ വേരിയന്റുകളിലുടനീളം റിയർ ഫോഗ് ലാമ്പുകൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. കൂടാതെ എസ്‌യുവിയും സെഡാനും ഇപ്പോൾ രാജ്യത്ത് നടപ്പിലാക്കാൻ പോവുന്ന RDE, E20 മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന് അനുസൃതമായ മാറ്റങ്ങളാണ് എഞ്ചിനിൽ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ പവർ കണക്കുകളിലൊന്നും യാതൊരു വിധ മാറ്റങ്ങളും രണ്ട് മോഡലുകളിലും ഉണ്ടായിട്ടില്ലെന്നാണ് ഫോക്‌സ്‌വാഗൺ അറിയിച്ചിരിക്കുന്നത്.
MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഫോക്‌സ്‌വാഗൺ ടൈഗൂണും വെർട്ടിസും ബ്രാൻഡിന്റെ ജർമൻ-എഞ്ചിനീയറിംഗ് വൈദഗ്ധ്യം, പുരോഗമനപരമായ ഡിസൈൻ ഭാഷ്യം, ടർബോചാർജ്ഡ് (TSI) പെർഫോമൻസ്, കണക്റ്റിവിറ്റി ഫീച്ചറുകൾ എന്നിവയാൽ സമ്പന്നമാണ്. മാത്രമല്ല രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയെന്ന ഖ്യാതിയും അടുത്തിടെ ടൈഗൂൺ സ്വന്തമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗിന് അനുസൃതമായാണ് ഈ നേട്ടം വാഹനം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ടൈഗൂണും വെർട്ടിസും വിപണിയിൽ എത്തുന്നത്. അതിൽ 1.0 ലിറ്റർ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിവയാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവുന്നത്. ആദ്യത്തെ ചെറിയ ശേഷിയുള്ള എഞ്ചിൻ 115 bhp കരുത്തിൽ 178 Nm torque ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ യൂണിറ്റ് 150 bhp പവറിൽ 250 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്.
ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയാണ് ഫോക്‌സ്‌വാഗൺ മോഡലുകളിൽ ഒരുക്കിയിരിക്കുന്നത്. വിലയുടെ കാര്യത്തിലേക്ക് കടന്നാൽ നിലവിൽ ടൈഗൂണിന് 11.56 ലക്ഷം മുതൽ 18.96 ലക്ഷം രൂപ വരെയാണ് ചെലവഴിക്കേണ്ടി വരുന്നത്. അതേസമയം വെർട്ടിസിന് 11.32 ലക്ഷം മുതൽ 18.42 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

പുതിയ മാറ്റങ്ങളോടെ ഏപ്രിൽ ഒന്നു മുതൽ ഇരു കാറുകളുടെയും വില കമ്പനി ഉയർത്തിയേക്കും. ഇൻപുട്ട് ചെലവുകൾ വർധിക്കുന്നതിനാൽ മോഡൽ നിരയിലാകെ രണ്ട് ശതമാനം വർധനവ് എങ്കിലും കമ്പനി നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. നിലവിൽ ടൈഗൂണിന്റെയും വെർട്ടിസിന്റെയും അതത് സെഗ്മെന്റുകളിൽ വിലയുടെ കാര്യത്തിൽ എതിരാളികളേക്കാൾ മുകളിലാണ് ഈ മോഡലുകൾ. കൂടുതൽ വില കൊടുത്താൽ കൂടുതൽ നിർമാണ നിലവാരമുള്ള കാറുകൾ വാങ്ങാം എന്ന തന്ത്രമാണ് ഫോക്‌സ്‌വാഗൺ മെനഞ്ഞിരിക്കുന്ന തന്ത്രം.


Click it and Unblock the Notifications








