സേഫ്റ്റിയിൽ നമ്പർ വണ്ണായ എസ്‌യുവിക്ക് 1.46 ലക്ഷത്തിന്റ ഓഫർ, അമ്പരന്ന് മാരുതിയും ഹ്യുണ്ടായിയും
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റഴിക്കപ്പെടുന്ന സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. രാജ്യത്തെ ഏറ്റവും പ്രമുഖ ബ്രാൻഡുകളെല്ലാം സാന്നിധ്യമറിയിച്ചു കഴിഞ്ഞ വിഭാഗത്തിൽ നല്ലൊരു മോഡൽ ഏതാണെന്ന് ചോദിച്ചാൽ ആലോചിക്കാതെ ഉത്തരം പറയാനാവില്ല. ഒന്നിനൊന്നിന് മെച്ചമായ ഈ മോഡലുകളിൽ ഒന്നാം നമ്പർ സേഫ്റ്റി നൽകുന്നത് ആരെന്ന് ചോദിച്ചാൽ കണ്ണുംപൂട്ടി പറയാം അത് ഫോക്‌സ്‌വാഗൺ ആണെന്ന്.
നിർമാണ നിലവാരത്തിന്റെ കാര്യത്തിൽ മിടുക്കനായ ഫോക്‌സ്‌വാഗൺ ടൈഗൂൺ ഇടിക്കൂട്ടിൽ ഇന്നേവരെ ഒരു ഇന്ത്യൻ വാഹനവും നേടാത്ത സ്കോർ നേടിയാണ് കഴിവു തെളിയിച്ചത്. ആയതിനാൽ തന്നെ ഏവർക്കും പ്രിയങ്കരമാണ് ഈ ജർമൻ സ്പോർട് യൂട്ടിലിറ്റി വാഹനം. പക്ഷേ എതിരാളികളെ അപേക്ഷിച്ച് നോക്കുമ്പോൾ വില അൽപം കൂടുതലാണെന്ന പരാതി പലരും ഉന്നയിക്കാറുണ്ട്.

ഇത്തരക്കാരെ കൈയിലെടുക്കാനായി ടൈഗൂണിൽ കിടിലനൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. വർഷാവസാനം ആയതോടെ ഗംഭീര ഇയർ എൻഡ് ഓഫറായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 2023 ഡിസംബർ മാസം എസ്‌യുവി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുന്നത് 1.46 ലക്ഷം രൂപയുടെ ഓഫറുകളാണ്. ക്യാഷ് ഡിസ്കൗണ്ടുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിങ്ങനെയാണ് ആനുകൂല്യങ്ങൾ ഒരുക്കിയിരിക്കുന്നത്.
2023 ഡിസംബർ 31 വരെയാണ് ഈ ഇയർ എൻഡ് ഓഫറിന് സാധുതയുള്ളത്. കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, സൗണ്ട് എഡിഷൻ ടോപ്‌ലൈൻ, ജിടി, ജിടി എഡ്ജ് ട്രയൽ എഡിഷൻ, ജിടി പ്ലസ്, ജിടി എഡ്ജ് ലിമിറ്റഡ് എഡിഷൻ, ജിടി പ്ലസ് എഡ്ജ് എന്നിങ്ങനെ ഒന്നിലധികം വേരിയന്റുകളിൽ ഫോക്‌സ്‌വാഗൺ ടൈഗൂൺ ലഭിക്കും. ഓഫറുകളെ സംബന്ധിച്ചിടത്തോളം എസ്‌യുവിക്ക് 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും.

ഇതുകൂടാതെ 40,000, രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ്, സ്പെഷ്യൽ ബെനഫിറ്റുകളായി യഥാക്രമം 30,000 രൂപ, 36,000 രൂപ എന്നിങ്ങനെയും ടൈഗൂൺ വാങ്ങുന്നവരെ കാത്തിരിക്കുന്നുണ്ട്. ഇനി വണ്ടിയുടെ മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ടൈഗൂൺ എസ്‌യുവിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് ലഭ്യമാവുന്നത്. ഇതിൽ ബേസ് വേരിയന്റുകളിൽ 1.0 ലിറ്റർ യൂണിറ്റും, ടോപ്പ് എൻഡിൽ 1.5 ലിറ്റർ ടിഎസ്ഐ പെട്രോൾ യൂണിറ്റുമാണ് കമ്പനി ഉപയോഗിക്കുന്നത്.
ആദ്യത്തെ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിന് 115 bhp പവറിൽ 175 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ രണ്ടാമത്തെ 1.5 എഞ്ചിന് 148 bhp കരുത്തിൽ പരമാവധി 250 Nm torque വരെ പുറപ്പെടുവിക്കാൻ കഴിയും. ട്രാൻസ്മിഷൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ, ഏഴ് സ്പീഡ് ഡിസ്‌ജി യൂണിറ്റ് എന്നിവയുമായാണ് ജോടിയാക്കിയിരിക്കുന്നത്.

അടുത്തിടെ വിൽപ്പന കൂട്ടുന്നതിനായി ഇന്ത്യയിൽ ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ സൗണ്ട് എഡിഷൻ മോഡലും പുറത്തിറക്കിയിരുന്നു. 16.33 ലക്ഷം രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ പതിപ്പുകളിലാണ് ഈ സ്പെഷ്യൽ പതിപ്പ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചർക്കും പവർഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
കാഴ്ച്ചയിൽ പ്രത്യേക മോഡലാണെന്ന് അറിയിക്കാനായി C-പില്ലറുകളിൽ പ്രത്യേക സൗണ്ട് എഡിഷൻ ബാഡ്ജും കോൺട്രാസ്റ്റ് ലുക്കിംഗ് റൂഫും ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകളും പുതിയ സബ്‌വൂഫറും ആംപ്ലിഫയറും ഫോക്‌സ്‌വാഗൺ നൽകിയിട്ടുണ്ട്. ഫീച്ചറുകളിലേക്ക് നോക്കിയാലും ആള് സമ്പന്നനാണ്. എൽഇഡി ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയി വീലുകൾ, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ-സെൻസിംഗ് വൈപ്പറുകൾ, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് പോലുള്ള സന്നാഹങ്ങളെല്ലാം ഇതിലുണ്ട്.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയുള്ള 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ഫ്രണ്ട് സൈഡ് എയർബാഗുകൾ, കർട്ടൻ എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മൈ ഫോക്‌സ്‌വാഗൺ കണക്ട്, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, കൂൾഡ് ഗ്ലോവ്‌ബോക്‌സ്, വയർലെസ് ചാർജർ, കപ്പ് ഹോൾഡറുകളുള്ള റിയർ ആംറെസ്റ്റ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.


Click it and Unblock the Notifications








