Volkswagen Virtus ജിടി പ്ലസിന് മാനുവൽ വേരിയന്റും എത്തി! കൂട്ടിന് ഒരുപിടി മാറ്റങ്ങളും
ഫോക്‌സ്‌വാഗണിന്റെ (Volkswagen) ഇന്ത്യൻ നിരയിൽ നിന്നും പോളോയും (Polo) വെന്റോയും (Vento) പടിയിറങ്ങിയപ്പോൾ ഇവരുടെ പിൻഗാമിയായി എത്തിയവരാണ് ടൈഗൂൺ എസ്‌യുവിയും വെർട്ടിസ് സെഡാനും. അതിവേഗം ജനപ്രീതിയാർജിച്ച ഇരുവരും ഇന്ന് അതത് സെഗ്മെന്റുകളിൽ അതിവേഗം മുന്നേറുകയാണ്. ജർമൻ ബ്രാൻഡിന്റെ കിടിലൻ നിർമാണ നിലവാരവും സേഫ്റ്റിയും തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്.
ഇതേടൊപ്പം താരതമ്യേന കുറഞ്ഞ വിലയും കൂടിയായപ്പോൾ ടൈഗൂണും വെർട്ടിസും വൻഹിറ്റ്. അടിക്കടി വേരിയന്റ് നിരയിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നും സ്പെഷ്യൽ എഡിഷനുകൾ (Special Edition) സമ്മാനിച്ചും ഇപ്പോഴും പുതുമോടികളായി നിൽക്കാനും കമ്പനി ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായിതാ ഫോക്‌സ്‌വാഗൺ വെർട്ടിസ് ജിടി പ്ലസ് (Virtus GT Plus) സെഡാന്റെയും ടൈഗൂൺ ജിടി പ്ലസ് (Taigun GT Plus) എസ്‌യുവിയുടെയും മാനുവൽ വേരിയന്റുകൾ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

നേരത്തെ രണ്ട് മോഡലുകളുടേയും ജിടി പ്ലസ് പതിപ്പുകൾ 7 സ്പീഡ് ഡിഎസ്‌ജി (DSG) ഗിയർബോക്‌സിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കുകൾ കണക്കിലെടുത്താണ് ഇപ്പോൾ മാനുവൽ വേരിയന്റുകളും കൊണ്ടുവന്നിരിക്കുന്നത്. വെർട്ടിസ് ജിടി പ്ലസ് മിഡ്-സൈസ് സെഡാന്റെ ഒരു സ്പോർട്ടിയർ ആവർത്തനമാണെന്നു പറയാം. പുതിയ മാനുവൽ വേരിയന്റിന്റെ അവതരണം ഉണ്ടായെങ്കിലും വിലയോ മറ്റ് കാര്യങ്ങളോ വ്യക്തമാക്കിയിട്ടില്ല.
മിക്കവാറും മെയ് പകുതിയോടെ ബുക്കിംഗ് ആരംഭിക്കുമ്പോൾ ജൂൺ മാസത്തോടെയാവും ജിടി പ്ലസ് മാനുവൽ വകഭേദങ്ങളുടെ ഡെലിവറി ആരംഭിക്കുക. ഇതിനോടനുബന്ധിച്ച് വിലയും പ്രഖ്യാപിച്ചേക്കും. ഇനി വെർട്ടിസ് ജിടി പ്ലസിന്റെ മറ്റ് വിശദാംശങ്ങളിലേക്ക് കടന്നാൽ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. പുതിയ മാനുവൽ ഗിയർബോക്‌സ് സ്ലാവിയ, കുഷാഖ്, ടൈഗൂൺ എന്നിവയ്‌ക്കൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ 6 സ്പീഡ് യൂണിറ്റായിരിക്കും.

മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളോട് കൂടിയ 160 bhp, ടർബോ പെട്രോൾ എഞ്ചിൻ സഹിതം ഹ്യുണ്ടായി വെർണ പുറത്തിറക്കിയതിന് മറുപടിയായാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിലേക്ക് ഈ പുതിയ വേരിയന്റിന്റെ കൂട്ടിച്ചേർക്കൽ. സെഡാന്റെ ടോപ്പ് എൻഡ് ജിടി പ്ലസ് ട്രിമ്മിൽ മാത്രമേ മാനുവൽ ഓപ്ഷൻ ലഭിക്കൂ. ഇതോടൊപ്പം GT ബാഡ്ജുകളും കറുപ്പിൽ ഒരുക്കിയിരിക്കുന്ന അലോയ്‌കളും ഉൾപ്പെടുന്ന GT ലൈൻ ട്രീറ്റ്‌മെന്റും പുതിയ മാനുവൽ പതിപ്പുകൾക്കായി മാറ്റിവെക്കും.
കാറിന്റെ സ്‌റ്റൈലിങ്ങിൽ സെഡാന്റെ സ്‌പോർട്ടി ശൈലി വർധിപ്പിക്കുന്നതിനായി ചില പൊടികൈകൾ ഫോക്‌സ്‌വാഗൺ പ്രയോഗിച്ചിട്ടുണ്ടെന്നു വേണം പറയാൻ. ഒരു പ്രത്യേക റേഡിയേറ്റർ ഗ്രില്ലും റെഡ് ബ്രേക്ക് കാലിപ്പറുകളും വാഹനത്തിന് പ്രത്യേക ആകർഷണം നൽകുന്നുണ്ട്. ഇതിനു പുറമെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വെർട്ടിസ് ജിടി പ്ലസിന്റെ പുതിയ 'ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനും' ഫോക്‌സ്‌വാഗൺ അവതരിപ്പിക്കും. എന്നാൽ ഇത് പരിമിതമായ എണ്ണത്തിൽ മാത്രമായിരിക്കും കമ്പനി നിർമിക്കുക.

ഈ സ്പെഷ്യൽ എഡിഷൻ മോഡുകൾക്ക് ഒരു പ്രത്യേക 'ഡീപ് ബ്ലാക്ക് പേൾ' ഫിനിഷ് ലഭിക്കും. ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ എല്ലാ വകഭേദങ്ങൾക്കും ഒരു പുതിയ 'ലാവ ബ്ലൂ' കളർ ഓപ്ഷനും ബ്രാൻഡ് പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത് അടുത്തിടെ സ്കോഡ കുഷാഖ്, സ്ലാവിയ എന്നിവയിൽ അവതരിപ്പിച്ചതിനു സമാനമാണ്. ഇന്റീരിയിറിൽ ഫോക്‌സ്‌വാഗൺ പ്ലേയ്‌ക്കൊപ്പം 10.09 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്. മുൻ സീറ്റുകൾ വെന്റിലേറ്റഡ് ഫീച്ചറോടെയാണ് ഒരുക്കിയിട്ടുള്ളത്.
വിലയുടെ കാര്യത്തിലേക്ക് കടന്നാൽ, ഇതുവരെ ഔദ്യോഗിക വിവരങ്ങളിലെങ്കിലും ഏകദേശം 18 ലക്ഷം രൂപയോളം വിലയായിരിക്കും വെർട്ടിസിന്റെ പുതിയ ജിടി പ്ലസ് മാനുവൽ മോഡലുകൾക്കായി മുടക്കേണ്ടി വരിക. സെഡാന്റെ 1.5 ടിഎസ്ഐ എഞ്ചിൻ നിലവിൽ 7-സ്പീഡ് DSG ഗിയർബോക്‌സോടുകൂടിയ ഒറ്റ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമാണ് എത്തുന്നത് എന്നുനേരത്തെ വ്യക്തമാക്കിയല്ലോ...

ഇതിന് 18.57 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മാനുവൽ ഗിയർബോക്‌സുമായി എത്തുന്നതിനാൽ ഇത് വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മിഡ്-വേരിയന്റ് മുതൽ ഈ എഞ്ചിൻ-ഗിയർബോക്‌സ് കോമ്പോ വാഗ്‌ദാനം ചെയ്യുന്ന സ്കോഡ സ്സാവിയയ്ക്ക് ഇവിടെ മത്സരാധിഷ്ഠിത നേട്ടമുണ്ടാകും.


Click it and Unblock the Notifications








