സാധാരണക്കാരിൽ നിന്നും അകന്ന് ഫോക്‌സ്‌വാഗന്റെ ഈ കാർ, കാരണം ഇതാണ്
ഫോക്‌സ്‌വാഗൺ എന്നാൽ ഒരു പ്രീമിയം ബ്രാൻഡ് ഫീലാണ് നമുക്കേവർക്കുമുള്ളത്. ജർമൻ വാഹന നിർമാതാക്കളുടെ പോളോ, വെന്റോ പോലുള്ള ഐതിഹാസിക മോഡലുകളെല്ലാം എടുത്താൽ പോക്കറ്റ് കീറുമെന്ന അടക്കംപറച്ചിലെല്ലാം നമ്മുടെ വണ്ടിഭ്രാന്തൻമാർക്കിടയിലുണ്ട്. ഈയൊരു ഇമേജ് മാറ്റൻ കമ്പനി ഏറെ പരിശ്രമിച്ചിരുന്നു. അങ്ങനെയാണ് ടൈഗൂൺ, വെർട്ടിസ് എന്നിങ്ങനെ രണ്ട് പുത്തൻ മോഡലുകളെ ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ പുറത്തിറക്കുന്നത്.
തുടക്ക കാലത്ത് ചെറിയ വിലയുമായി എത്തി ആളെപ്പിടിക്കാൻ ബ്രാൻഡിനായെങ്കിലും പതിയെ പതിയെ വില കൂട്ടി സാധാരണക്കാരിൽ നിന്നും വീണ്ടും ഫോക്‌സി അകന്നുവെന്നു വേണം പറയാൻ. ടൈഗൂണിന്റെയെല്ലാം വില അടിക്കടി പുതുക്കുന്ന കമ്പനി ഇപ്പോഴിതാ വെർട്ടിസ് മിഡ്-സൈസ് സെഡാന്റെ ജിടി വേരിയന്റിന്റെ വില വർധിപ്പിച്ചിരിക്കുകയാണ്. പുതിയ നവീകരണങ്ങൾക്ക് ശേഷം സെഡാന് ഇപ്പോൾ 11.48 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്.

കംഫർട്ട്‌ലൈൻ, ഹൈലൈൻ, ടോപ്‌ലൈൻ, ജിടി, ജിടി പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഫോക്‌സ്‌വാഗൺ വെർട്ടിസ് വിപണിയിൽ എത്തിയിരിക്കുന്നത്. കൂടാതെ, ഉപഭോക്താക്കൾക്ക് ജിടി ട്രിമ്മുകൾക്കൊപ്പം എഡ്ജ് ലിമിറ്റഡ് എഡിഷന്റെ ഓപ്ഷനും ലഭിക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം മാനുവൽ, ഡിഎസ്ജി രൂപത്തിലുള്ള ജിടി എഡ്ജ് ലിമിറ്റഡ് എഡിഷന്റെ വില 900 രൂപയാണ് ഉയർത്തിയിരിക്കുന്നത്.
ഇതോടെ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിലുള്ള ജിടി എഡ്ജ് ലിമിറ്റഡ് എഡിഷന്റെ എക്സ്ഷോറൂം വില ഇപ്പോൾ യഥാക്രമം 17.10 ലക്ഷം രൂപ, 18.77 ലക്ഷം രൂപ എന്നിങ്ങനെയായി. നാമമാത്രമായ പരിഷ്ക്കാരങ്ങളാണെങ്കിലും വാഹനത്തിന്റെ വില അടിക്കടി കൂടുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരു തലവേദനയാണ്. ഇന്ന് ബുക്ക് ചെയ്‌താൽ ഡെലിവറിയെടുക്കുമ്പോൾ ചിലപ്പോൾ ആ മോഡലിന്റെ വിലയിൽ മാറ്റമുണ്ടായേക്കാം.

ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന സെഗ്മെന്റിൽ പുറത്തിറക്കിയ ടൈഗൂണ്‍ മിഡ്-സൈസ് എസ്‌യുവിക്ക് ശേഷം ഫോക്‌സ്‌വാഗണിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി വിപണിയില്‍ എത്തിയ രണ്ടാമത്തെ മോഡല്‍ ആയിരുന്നു വെര്‍ട്ടിസ്. സെഡാനുകൾക്ക് ജനപ്രീതി കുറഞ്ഞുവരുന്ന കാലത്താണ് ജർമൻ കമ്പനി കിടിലൻ സേഫ്റ്റിയും ഫീച്ചറുകളും കുത്തിനിറച്ച് വെർട്ടിസിനെ ഒരുക്കിയത്.
2022 ജൂൺ മാസത്തിലായിരുന്നു വെര്‍ട്ടിസ് ഇന്ത്യയിലെത്തിയത്. സെഡാനുകൾക്ക് ഇനി വിൽപ്പനയുണ്ടാകില്ലെന്ന വാദങ്ങളെയെല്ലാം തകർത്ത് മോഡൽ ഹിറ്റായി. 1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് വാഹനത്തിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ചെറിയ യൂണിറ്റിന് പരമാവധി 111 bhp കരുത്തിൽ 178 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം ആക്റ്റീവ് സിലിണ്ടര്‍ ടെക്‌നോളജിയുള്ള (ACT) . 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന് 150 bhp പവറിൽ 250 Nm torque വരെ നൽകാൻ കഴിയും. മൈലേജിന്റെ കാര്യത്തിലേക്ക് വന്നാൽ ARAI സാക്ഷ്യപ്പെടുത്തിയ 19.62 കിലോമീറ്റര്‍ മൈലേജും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ 11.47 ലക്ഷം രൂപ മുതൽ 18.77 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ വെർട്ടിസിന്റെ എക്സ്ഷോറൂം വില വരുന്നത്.
നിലവിൽ ഇന്ത്യയിൽ പുതിയ വാഹനങ്ങളൊന്നും പുറത്തിറക്കാനുള്ള പദ്ധതികളൊന്നും ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണില്ല. എന്നാൽ ടൈഗൂണിലും വെർട്ടിസിലും കൂടുതൽ വേരിയന്റുകളെല്ലാം പുറത്തിറക്കി വിൽപ്പന പിടിക്കാനാണ് കമ്പനിയുടെ ശ്രമം. ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കാനുള്ള ഐഡിയയും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും വെർട്ടിസിന്റെ നാമമാത്രമായ വില വർധനവ് വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.


Click it and Unblock the Notifications








