ബിഎംഡബ്ല്യു, ബെൻസ് സൈഡ് പ്ലീസ്... വോൾവോയുടെ 'ഇവി രണ്ടാമൻ' ഇന്ത്യയിലേക്ക്
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണി ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ ലക്ഷ്വറി വിഭാഗവും മികച്ച സംഭാവനയാണ് നൽകുന്നത്. ബജറ്റ് സെഗ്മെന്റിൽ വൈദ്യുത കാറുകൾ ഉള്ളതിലും കൂടുതലാണ് ഇന്ന് ലക്ഷ്വറി ശ്രേണിയിലുള്ളത്. മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാം ഈ രംഗത്തേക്ക് ശ്രദ്ധകൊടുക്കുമ്പോൾ രാജ്യത്ത് പ്രത്യേക ഇമേജുള്ള വോൾവോയും മോശമാക്കാതെ പിന്നാലെയുണ്ട്.
ഇലക്ട്രിക് ലക്ഷ്വറി വാഹന വിപണി കൈയിലെടുക്കാനായി വോൾവോ കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ XC40 റീചാർജ് എസ്‌യുവി ഇന്ത്യയിലും ഹിറ്റടിക്കുകയുണ്ടായി. വിതരണം ആരംഭിച്ച് അഞ്ച് മാസത്തിനുള്ളിൽ ഇവിയുടെ 200 യൂണിറ്റുകളുടെ ഡെലിവറി പൂർത്തിയാക്കി തങ്ങളുടെ ശക്തി എതിരാളികൾക്ക് മുന്നിൽ സ്വീഡിഷ് ബ്രാൻഡ് തുറന്നുകാണിച്ചു. XC40 റീചാർജ് ഹിറ്റായതിനു പിന്നാലെ ഇവി നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ C40 റീചാർജ് ഇലക്ട്രിക് കൂടി ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് വോൾവോ.

വോൾവോയുടെ ഏറ്റവും പുതിയ ഇലക്ട്രിക് ക്രോസ്ഓവറായ C40 റീചാർജ് ജൂൺ 14-ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുകയാണെന്ന പ്രഖ്യാപനവും കമ്പനി നടത്തിക്കഴിഞ്ഞു. XC40 റീചാർജിന് ശേഷം വാഹന നിർമാതാക്കൾ രാജ്യത്ത് പുറത്തിറക്കാൻ പോവുന്ന രണ്ടാമത്തെ ഇലക്ട്രിക് മോഡലായിരിക്കും ഇത്. വിദേശ വിപണികളിൽ സിംഗിൾ-മോട്ടോർ, റിയർ-വീൽ-ഡ്രൈവ് പതിപ്പിന്റെ ഓപ്‌ഷൻ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും XC40 റീചാർജ് പോലെ മോഡൽ അതിന്റെ ഡ്യുവൽ-മോട്ടോർ, ഓൾ-വീൽ ഡ്രൈവ് പതിപ്പിൽ മാത്രമായിരിക്കും ഇവിടെ ലഭ്യമാക്കുക.
വോൾവോയുടെ അത്യാധുനിക CMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന വാഹനമാണ് C40 റീചാർജ്. ആഗോളതലത്തിൽ തരംഗം സൃഷ്ടിച്ചതിനു ശേഷമാണ് ഇലക്ട്രിക് ക്രോസ്ഓവർ ഇന്ത്യയിലേക്കും എത്തുന്നത്. സിംഗിൾ, ഡ്യുവൽ മോട്ടോർ കോൺഫിഗറേഷനുകളിലാണ് ഇവിയെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം, അസാധാരണമായ ഡ്രൈവിംഗ് അനുഭവം നൽകുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് പതിപ്പ് എതിരാളികൾക്ക് മുന്നിൽ നെഞ്ചുവിരിച്ച് നിൽക്കാൻ വോൾവോയെ സഹായിക്കും.

ഡിസൈനിന്റെ കാര്യത്തിലേക്ക് നോക്കിയാൽ കാർ ഏതാണ്ട് കൃത്യമായി XC40 റീചാർജിന് സമാനമാണെന്ന് വേണം പറയാൻ. എന്നാൽ കൂപ്പെ പോലെയുള്ള റൂഫ്‌ലൈൻ ശൈലി വേറിട്ട ഭാവം C40 റീചാർജിന് സമ്മാനിക്കുന്നുണ്ട്. ഐക്കണിക് മാർവൽ കഥാപാത്രമായ തോറിന്റെ ഹാമർ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും പിൻഭാഗത്തെ കോണ്ടറുകളിൽ മനോഹരമായി പൊതിയുന്ന ടെയിൽലൈറ്റ് ഗ്രാഫിക് പോലെയുള്ള വോൾവോ സ്‌റ്റൈലിംഗ് ഘടകങ്ങളും C40 റീചാർജിനെ വേറിട്ടുനിർത്തും.
അകത്തളത്തിലേക്ക് നോക്കിയാൽ ഇലക്ട്രിക് ക്രോസ്ഓവറിന്റെ ഇന്റീരിയർ XC40 റീചാർജിന്റെ അതേ ലേഔട്ടിലാണ് ഒരുക്കിയിരിക്കുന്നത്. ഡാഷ്ബോർഡിന്റെ മധ്യഭാഗത്ത് 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സ്റ്റിയറിംഗ് വീലിന് പിന്നിലായി 12 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ സിസ്റ്റം ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ചതാണ് കൂടാതെ നിരവധി ഇൻ-ബിൽറ്റ് ആപ്പുകളുമായാണ് വോൾവോ C40 റീചാർജ് വരുന്നത്.

പനോരമിക് സൺറൂഫ്, എയർ പ്യൂരിഫയർ സിസ്റ്റം, ഹർമാൻ കാർഡൺ മ്യൂസിക് സിസ്റ്റം എന്നിവയാണ് ഇലക്ട്രിക് കാറിലെ മറ്റ് പ്രധാന സവിശേഷതകൾ. 360-ഡിഗ്രി ക്യാമറ, ക്രോസ് ട്രാഫിക് അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് ഇൻഫർമേഷൻ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലെയ്ൻ കീപ്പ് എയ്ഡ് തുടങ്ങിയ ADAS സവിശേഷതകളും C40 റീചാർജിൽ വോൾവോ വാഗ്‌ദാനം ചെയ്യുന്നത്.
അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കാറിന്റെ ബാറ്ററി എക്‌സ്‌ട്രൂഡ് അലുമിനിയം കൊണ്ട് നിർമ്മിച്ച സുരക്ഷാ കേജും കൊണ്ട് മൂടിയിരിക്കുന്നുവെന്നും കമ്പനി പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായി കാറുകൾ നിർമിക്കുന്ന വോൾവോയുടെ പ്രത്യേക കഴിവുകളാണിവ. ബാറ്ററി പായ്ക്കിലേക്ക് നോക്കിയാൽ 78 kWh ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് C40 റീചാർജ് ക്രോസ്ഓവറിനുള്ളത്. ഇത് 400 bhp കരുത്തിൽ പരമാവധി 660 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഒറ്റ ചാർജിൽ പരമാവധി 370 മുതൽ 420 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ വോൾവോയുടെ പുതിയ ഇലക്ട്രിക് മോഡലിനാവും. കൂടാതെ 150 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 37 മിനിറ്റിനുള്ളിൽ അതിന്റെ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഇന്ത്യയിൽ എത്തുമ്പോൾ വോൾവോയുടെ വൈദ്യുത വിപ്ലവത്തിന് ചുക്കാൻ പിടിക്കാൻ C40 റീചാർജിനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








